Sunday, March 22, 2026 Last Updated 2 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 21 Mar 2026 10.36 AM

ഖത്തറിന്റെ എല്‍.എന്‍.ജി. കയറ്റുമതി തടസപ്പെടും; ഇന്ത്യെയ ബാധിക്കും

uploads/news/2026/03/831391/4.jpg

ദോഹ: ഇറാന്‍ ആക്രമണം ഗള്‍ഫ്‌ മേഖലയിലെ അയല്‍രാജ്യങ്ങളിലേക്കു വ്യാപിച്ചതോടെ ഖത്തറിന്റെ ദ്രവീകൃത പ്രകൃതിവാതക (എല്‍.എന്‍.ജി) കയറ്റുമതിയില്‍ വന്‍ തിരിച്ചടി. എല്‍.എന്‍.ജി കയറ്റുമതി ശേഷിയുടെ 17 ശതമാനത്തെ യുദ്ധം തടസപ്പെടുത്തിയിട്ടുണ്ടെന്നും ഇതിലൂടെ 2000 കോടി ഡോളറിന്റെ പ്രതിവര്‍ഷ വരുമാന നഷ്‌ടമുണ്ടാകുമെന്നും ഖത്തര്‍ എനര്‍ജി സി.ഇ.ഒയും ഊര്‍ജകാര്യ മന്ത്രിയുമായ സാദ്‌ അല്‍-കാബി അറിയിച്ചു. പരിഹാര പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മൂന്നുമുതല്‍ അഞ്ചുവരെ വര്‍ഷം വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിസന്ധി ഘട്ടത്തില്‍ എല്‍.എന്‍.ജി ഉത്‌പാദനം വര്‍ഷതോറും 1.28 കോടി ടണ്‍ കുറയ്‌ക്കേണ്ടി വരും. ചൈനയും ഇന്ത്യയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്കുള്ള വിതരണത്തെ ഇതു ബാധിക്കുമെന്നാണു വിലയിരുത്തല്‍.
കഴിഞ്ഞ ദിവസങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഖത്തറിലെ 14 എല്‍.എന്‍.ജി യൂണിറ്റുകളില്‍ രണ്ടെണ്ണത്തിനു കേടുപാടുകള്‍ സംഭവിച്ചു. ഇവയുടെ ഗ്യാസ്‌-ടു-ലിക്വിഡ്‌ (ജി.ടി.എല്‍) പ്ലാന്റുകളില്‍ ഒരെണ്ണവും തകര്‍ന്നിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ ഇറ്റലി, ബെല്‍ജിയം, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളുമായുള്ള ദീര്‍ഘകാല കരാറുകള്‍ക്ക്‌ 'മജ്യൂര്‍' പ്രഖ്യാപിക്കേണ്ടി വരുമെന്ന്‌ ഖത്തര്‍ എനര്‍ജി അറിയിച്ചു. അപ്രതീക്ഷിത സാഹചര്യത്തില്‍ കരാര്‍ പാലിക്കാനാവാത്ത സ്‌ഥിതിവിശേഷത്തെയാണ്‌ ഇതു സൂചിപ്പിക്കുന്നത്‌.
ഖത്തറിലെ ഏറ്റവും വലിയ എല്‍.എന്‍.ജി പ്ലാന്റായ റാസ്‌ ലഫാനു നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതോടെ അവസ്‌ഥ കൂടുതല്‍ രൂക്ഷമായി. രാജ്യത്തിന്റെ എല്‍.എന്‍.ജി ഉത്‌പാദന സംവിധാനത്തെ മുഴുവന്‍ ഇതു ബാധിച്ചതായി ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. ആക്രമണങ്ങള്‍ അവസാനിച്ചാല്‍ മാത്രമേ ഉത്‌പാദനം പുനരാരംഭിക്കാന്‍ കഴിയൂവെന്ന്‌ ഖത്തറിലെ ഊര്‍ജ സഹമന്ത്രി അല്‍ കാബി അറിയിച്ചു.
ഇറാന്റെ ആക്രമണങ്ങള്‍ പ്രദേശത്തിന്റെ വികസനത്തെ 10 മുതല്‍ 20 വര്‍ഷം വരെ പിന്നോട്ടടിച്ചതായും അദ്ദേഹം വിലയിരുത്തി. ഒരു സഹോദര മുസ്ലീം രാജ്യത്തില്‍നിന്ന്‌ റമദാന്‍ മാസത്തില്‍ ഇത്തരമൊരു ആക്രമണം സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചില്ലെന്നായിരുന്നു വാര്‍ത്താ ഏജന്‍സിയോടുള്ള അല്‍ കാബിയുടെ പ്രതികരണം.
അമേരിക്കന്‍ കമ്പനിയായ എക്‌സണ്‍മൊബിലിനു പങ്കാളിത്തമുള്ള ഖത്തറിന്റെ എല്‍.എന്‍.ജി പ്ലാന്റിനാണു കഴിഞ്ഞദിവസം കേടുപാടുകള്‍ സംഭവിച്ചത്‌. പ്ലാന്റ്‌ പൂര്‍ണമായി പുനര്‍നിര്‍മിക്കാന്‍ ഒരുവര്‍ഷം വരെ വേണ്ടിവരുമെന്നാണു കരുതുന്നത്‌.
എല്‍.എന്‍.ജി മാത്രമല്ല, യുദ്ധസാഹചര്യത്തില്‍ ഖത്തറിന്റെ കണ്ടന്‍സേറ്റ്‌ കയറ്റുമതിയും കുറഞ്ഞേക്കാനാണു സാധ്യത. ഹീലിയം ഉത്‌പാദനത്തില്‍ 14 ശതമാനം കുറവുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു. വരാനിരിക്കുന്ന പ്രതിസന്ധി ഇന്ത്യയിലെ ഹോട്ടലുകളെ മുതല്‍ ദക്ഷിണ കൊറിയയിലെ ചിപ്പ്‌ നിര്‍മാണത്തെ വരെ ബാധിക്കാം.
ഇന്ത്യയുടെ പ്രകൃതിവാതക ആവശ്യത്തിന്റെ 20 ശതമാനത്തോളം ഖത്തറില്‍നിന്നുള്ള ഇറക്കുമതി മൂലമാണ്‌ നിര്‍വഹിക്കപ്പെടുന്നത്‌. ഇസ്രയേലും ഇറാനും തമ്മിലുള്ള പ്രശ്‌നം മറ്റു രാജ്യങ്ങളെ ബാധിക്കരുതെന്നും എണ്ണ-പ്രകൃതിവാതക സംവിധാനങ്ങള്‍ക്കു നേരേയുള്ള ആക്രമണങ്ങളില്‍നിന്ന്‌ എല്ലാ രാജ്യവും വിട്ടുനില്‍ക്കണമെന്നും അല്‍ കാബി അഭ്യര്‍ഥിച്ചു.

Ads by Google
Saturday 21 Mar 2026 10.36 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW