-->
ടെല്‍ അവീവ്/ദുബായ്/വാഷിങ്‌ടണ്‍: ഇറാനും ഇസ്രയേലും വിട്ടുവീഴ്‌ചയില്ലാതെ ആക്രമണം തുടരുന്ന പശ്‌ചാത്തലത്തില്‍ പശ്‌ചിമേഷ്യന്‍ യുദ്ധം രൂക്ഷമാകുന്നു. യുദ്ധത്തില്‍ സഹായിക്കാനെത്താത്ത നാറ്റോ രാജ്യങ്ങള്‍ക്കെതിരേ പൊട്ടിത്തെറിച്ച് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യു.എസ്. നേതൃത്വം നല്‍കുന്ന നാറ്റോയിലെ അംഗരാജ്യങ്ങളെ 'ഭീരുക്കള്‍' എന്നാണു ട്രംപ് വിളിച്ചത്. ഹോര്‍മുസ് കടലിടുക്ക് 'തുറക്കാന്‍' അദ്ദേഹം നാറ്റോ രാജ്യങ്ങളുടെ സഹായം തേടിയിരുന്നു. ബ്രിട്ടനൊഴികെയുള്ള രാജ്യങ്ങള്‍ ആ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചില്ല. ഇടയ്‌ക്കിടെയുള്ള ആക്രമണങ്ങളിലൂടെ എണ്ണ ടാങ്കറുകളെയും മറ്റ് കപ്പലുകളെയും ലക്ഷ്യമിട്ട് ഇറാന്‍ ഈ കടലിടുക്ക് ഫലപ്രദമായി അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണു ട്രംപ് സഖ്യകക്ഷികള്‍ക്കെതിരേ തിരിഞ്ഞത്.
'അേേരിക്ക ഇല്ലാതെയുള്ള നാറ്റോ ഒരു കടലാസ് കടുവയാണ്! ആണവായുധമുള്ള ഇറാനെ തടയുന്ന പോരാട്ടത്തില്‍ ചേരാന്‍ അവര്‍ ആഗ്രഹിച്ചില്ല. ഇപ്പോള്‍ പോരാട്ടം സൈനികമായി വിജയിച്ചുകഴിഞ്ഞു. എന്നിട്ടും അവര്‍ ഉയര്‍ന്ന എണ്ണവിലയെക്കുറിച്ച് പരാതിപ്പെടുന്നു, പക്ഷേ ഹോര്‍മുസ് കടലിടുക്ക് തുറന്നുതരാന്‍ സഹായിക്കാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ ഭീരുക്കളാണ്. ഈ സഹകരണമില്ലായ്‌മ ഞങ്ങള്‍ ഓര്‍ക്കും'- ട്രംപ് പറഞ്ഞു. ഇറാന്റെ നേതൃത്വം ആര്‍ക്കാണെന്ന് അറിയില്ലെന്നും അതിനാല്‍ ചര്‍ച്ചയ്‌ക്കു പ്രസക്‌തിയില്ലെന്നും ട്രംപ് പറഞ്ഞു.
അതേ സമയം, കുവൈത്തിലെ ഒരു എണ്ണ ശുദ്ധീകരണശാലയ്‌ക്കുനേരേ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ്‌സ് വക്‌താവിനെ ഇസ്രയേല്‍ വധിച്ചു.
ആഗോളതലത്തില്‍ മുസ്ലിംകള്‍ റമദാനും ഇറാന്‍ പുതുവര്‍ഷമായ നൗറുസും ആഘോഷിക്കുമ്പോഴും നാലാം ആഴ്‌ചയിലേക്കു കടന്ന പശ്‌ചിമേഷ്യന്‍ യുദ്ധത്തിനു തെല്ലും അയവുണ്ടായിട്ടില്ല. ആഗോളവിപണിയില്‍ അംസ്‌കൃത എണ്ണ വില 108 ഡോളറിലേക്ക് ഉയര്‍ന്നു. എണ്ണനീക്കത്തിന്റെ 20 ശതമാനവും നടക്കുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതുമൂലമുള്ള പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിനു സുരക്ഷ നല്‍കാന്‍ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സഖ്യരാജ്യങ്ങളോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ്, ജപ്പാന്‍, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമാക്കാന്‍ നടപടി കൈക്കൊള്ളുമെന്ന് സംയുക്‌തപ്രസ്‌താവന പുറപ്പെടുവിച്ചു.
രാജ്യാന്തരനിയമങ്ങള്‍ പാലിക്കേണ്ടതും യുദ്ധത്തിന് അവസാനമുണ്ടാക്കേണ്ടതും തങ്ങളുടെ ചുമതലയാണെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ബ്രസല്‍സില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്കുശേഷം പ്രതികരിച്ചു. സംഘര്‍ഷത്തില്‍ ഇടപെടാനുള്ള സന്നദ്ധത ഉച്ചകോടിയില്‍ കേട്ടില്ലെന്നും മാക്രോണ്‍ പരിതപിച്ചു.
കുവൈത്തിലെ മിനാ അല്‍ അഹമ്മദി എണ്ണ ശുദ്ധീകരണശാലയ്‌ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ കാര്യമായ നാശനഷ്‌ടമുണ്ടായതായി ഔദ്യോഗിക സ്‌ഥിരീകരണമുണ്ട്. അതേസമയം, ഇറാന്‍ എണ്ണ ടാങ്കര്‍ കപ്പലുകള്‍ക്കുള്ള ഉപരോധം യു.എസ്. നീക്കിയാലുടന്‍ മൂന്നേ നാലോ ദിവത്തിനകം ചില ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണ ലഭിച്ചുതുടങ്ങുമെന്ന് യു.എസ്. ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റ് പറഞ്ഞു. നിലവില്‍ ആഗോളവിപണിക്ക് ആവശ്യമുള്ള ക്രൂഡ്, പെട്രോളിയം നീക്കം 12% (12 ദശലക്ഷം ബാരല്‍) മുടങ്ങിയിരിക്കുകയാണ്. യുദ്ധസാഹചര്യം അവസാനിച്ചാലും എണ്ണനീക്കം പൂര്‍വസ്‌ഥിതിയിലാകാന്‍ ആറുമാസമെങ്കിലും വേണ്ടിവരുമെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി മേധാവി ഫാത്തിഹ് ബൈറോള്‍ പ്രതികരിച്ചു.
യുദ്ധത്തെ തുടര്‍ന്ന് ഇറാനില്‍ ഇതുവരെ 1,444 പേര്‍ മരിച്ചതായി റെഡ് ക്രെസന്റ് അറിയിച്ചു. മരിച്ചവരില്‍ 204 കുട്ടികളും ഉള്‍പ്പെടും. ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 1,000ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു.