-->
ഇസ്ലാമാബാദ്: ഇറാന്‍ വിഷയത്തില്‍ രാജ്യത്തെ ഷിയാ വിഭാഗത്തിന് കര്‍ശന മുന്നറിയിപ്പുമായി പാക് സൈനിക മേധാവി അസിം മുനീര്‍. "നിങ്ങള്‍ക്ക് ഇറാനെ അത്രയധികം ഇഷ്‌ടമാണെങ്കില്‍, എന്തുകൊണ്ട് ഇറാനിലേക്ക് പോകുന്നില്ല" എന്ന് ഷിയ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ മുനീര്‍ ചോദിച്ചുവെന്നാണ് ആരോപണം. മാര്‍ച്ച് 19 നാണ് ജനറല്‍ അസിം മുനീര്‍ മുതിര്‍ന്ന ഷിയാ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയത്. അല്ലാമ ഷിഫ നജാഫി, അല്ലാമ നസീര്‍ അബ്ബാസ് തഖ്‌വി എന്നിവരുള്‍പ്പെടെ പാകിസ്‌താനിലെ നിരവധി ഷിയാ ഇസ്ലാമിക പണ്ഡിതര്‍ യോഗത്തില്‍ പങ്കെടുത്തു. മുനീറിന്റെ മുന്നറിയിപ്പ് പുതിയ വിവാദത്തിന് തിരികൊളുത്തി.
സൈനിക മേധാവിയുടെ അധിക്ഷേപകരമായ പെരുമാറ്റത്തെക്കുറിച്ച് അല്ലാമ ഷിഫ നജാഫി ഒരു പൊതുയോഗത്തിലാണ് വെളിപ്പെടുത്തല്‍ നടത്തിയത്. യോഗത്തില്‍ പങ്കെടുത്തവരോട് അസിം മുനീര്‍ കടുത്ത ഭാഷയിലാണ് സംസാരിച്ചത്. മുഹമ്മദലി ജിന്ന ഷിയ ആയിരുന്നുവെന്നത് നിങ്ങളെ ഓര്‍മിപ്പിക്കുന്നുവെന്നും ജനറല്‍ മുനീര്‍ പറഞ്ഞതായി നജാഫി പറഞ്ഞു.
അസിം മുനീറും ഷിയാ ഉലമ അംഗങ്ങളും തമ്മിലുള്ള കൂടിക്കാഴ്‌ച ഒരു മണിക്കൂര്‍ നീണ്ടുവെന്നാണ് റിപ്പോര്‍ട്ട്. മത പണ്ഡിതര്‍ക്ക് പ്രതികരിക്കാനോ ആശങ്കകള്‍ ഉന്നയിക്കാനോ സൈനിക മേധാവി അവസരം നല്‍കിയില്ലെന്ന് ആരോപണമുണ്ട്. സംസാരിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ലെന്ന് അല്ലാമ നസീര്‍ അബ്ബാസ് തഖ്‌വി ആരോപിച്ചു. യോഗത്തിന് ശേഷം, ഇഫ്‌താര്‍ കഴിഞ്ഞ് ആശങ്കകള്‍ ഉന്നയിക്കാന്‍ പ്രത്യേക യോഗം നടത്താമെന്ന് പറഞ്ഞെങ്കിലും അസിം മുനീര്‍ നേരത്തെ സ്‌ഥലംവിട്ടെന്നും ഷിയ നേതാക്കള്‍ പറയുന്നു.
പിന്നാലെ അസിം മുനീറിനെതിരേ വിമര്‍ശനവുമായി ഷിയ വിഭാഗക്കാര്‍ സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തെത്തി;'ഈ രാജ്യത്തിനു വേണ്ടി ആരാണ് യഥാര്‍ത്ഥത്തില്‍ നിലകൊള്ളുന്നതെന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് കാണിച്ചുതരാം', 'ഇസ്രയേലിനെ അത്ര ഇഷ്‌ടമാണെങ്കില്‍ അസിം മുനീര്‍ ഇസ്രയേലിലേക്ക് പൊക്കോ' എന്നെല്ലാമാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങള്‍.