Sunday, March 22, 2026 Last Updated 3 Min 28 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 21 Mar 2026 11.41 PM

ചരിത്രത്തിലെ ഏറ്റവും വലിയ ഊര്‍ജ സുരക്ഷാ ഭീഷണി; വീട്ടിലിരുന്ന്‌ ജോലി ചെയ്യുക, വാഹനം സാവധാനമോടിക്കുക; ശിപാര്‍ശയുമായി രാജ്യാന്തര ഊര്‍ജ ഏജന്‍സി

ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന്‌ എണ്ണവിപണിയിലുണ്ടായ തിരിച്ചടി നേരിടാന്‍ ശിപാര്‍ശയുമായി രാജ്യാന്തര ഊര്‍ജ ഏജന്‍സി (ഐ.ഇ.എ).
war

ലണ്ടന്‍: ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന്‌ എണ്ണവിപണിയിലുണ്ടായ തിരിച്ചടി നേരിടാന്‍ ശിപാര്‍ശയുമായി രാജ്യാന്തര ഊര്‍ജ ഏജന്‍സി (ഐ.ഇ.എ). ഊര്‍ജ ഉപയോഗം കുറയ്‌ക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ്‌ ഐ.ഇ.എ. പുറത്തുവിട്ടത്‌.
ചരിത്രത്തിലെ ഏറ്റവും വലിയ ആഗോള ഊര്‍ജ സുരക്ഷാ ഭീഷണിയിലൂടെയാണു ലോകം കടന്നുപോകുന്നതെന്നു ഐ.ഇ.എയുടെ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഫാത്തിഹ്‌ ബിയോള്‍ പറഞ്ഞു. നിരവധി ഏഷ്യന്‍ രാജ്യങ്ങള്‍ ഇതിനോടകം തന്നെ ഉപയോഗം പരിമിതപ്പെടുത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്‌.
ബംഗ്ലാദേശില്‍ എയര്‍ കണ്ടീഷണറുകള്‍ 25 ഡിഗ്രിക്ക്‌ താഴെയും തായ്‌ലന്‍ഡില്‍ 26 ഡിഗ്രിക്ക്‌ താഴെയും തണുപ്പിക്കാന്‍ അനുവാദമില്ല. ചില രാജ്യങ്ങളില്‍ സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും പ്രവര്‍ത്തന സമയം കുറയ്‌ക്കുകയും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായുള്ള വിമാനയാത്രകള്‍ പരിമിതപ്പെടുത്തുകയും ചെയ്‌തു. പാകിസ്‌താന്‍, ഫിലിപ്പൈന്‍സ്‌ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ നാല്‌ ദിവസത്തെ പ്രവൃത്തി വാരം പ്രഖ്യാപിച്ചു.
അമേരിക്ക, യു.കെ, ഓസ്‌ട്രേലിയ, കാനഡ, ജപ്പാന്‍, 24 യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെ 32 രാജ്യങ്ങള്‍ ഐ.ഇ.എ അംഗങ്ങളാണ്‌. ഊര്‍ജ സുരക്ഷ, ശുദ്ധമായ ഊര്‍ജത്തിലേക്കുള്ള മാറ്റം തുടങ്ങിയ ആഗോള ഊര്‍ജ പ്രശ്‌നങ്ങളില്‍ വിശകലനവും ശിപാര്‍ശകളും നല്‍കുന്ന ഒരു ആഗോള നിരീക്ഷണ സംവിധാനമായി പ്രവര്‍ത്തിക്കുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം.
സര്‍ക്കാരുകള്‍ക്കും ബിസിനസ്സുകള്‍ക്കും വ്യക്‌തികള്‍ക്കും ഐ.ഇ.എയുടെ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്‌:

പൊതുഗതാഗതത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

സ്വകാര്യ കാറുകള്‍ക്ക്‌ നിശ്‌ചിത ദിവസങ്ങളില്‍ നഗര കേന്ദ്രങ്ങളില്‍ പ്രവേശനം നല്‍കുക.

കാര്‍ പങ്കിടല്‍ സംവിധാനവും കാര്യക്ഷമമായ ൈഡ്രവിങ്‌ രീതികളും പ്രോത്സാഹിപ്പിക്കുക.

വിമാനയാത്രകള്‍, പ്രത്യേകിച്ച്‌ ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ളവ ഒഴിവാക്കുക.

ഇലക്‌ട്രിക്‌ പാചകത്തിലേക്ക്‌ മാറാന്‍ പ്രോത്സാഹിപ്പിക്കുക. പാചകത്തിനും മറ്റ്‌ അത്യാവശ്യ ആവശ്യങ്ങള്‍ക്കുമുള്ള എല്‍.പി.ജി. സംരക്ഷിക്കാന്‍ ശ്രദ്ധിക്കണം.
ഇതിനായി ജൈവ ഇന്ധനം ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന അടുപ്പുകളെ ആശ്രയിക്കാം.
ഈ നിര്‍ദേശങ്ങള്‍ക്കു പുറമെ, അംഗരാജ്യങ്ങള്‍ ചേര്‍ന്ന്‌ ഈ മാസം 400 ദശലക്ഷം ബാരല്‍ എണ്ണ(അടിയന്തര കരുതല്‍ ശേഖരത്തിന്റെ 20%) പുറത്തുവിട്ടതായും ബിയോള്‍ പറഞ്ഞു. യുദ്ധം ആരംഭിക്കുന്നതിന്‌ മുമ്പുള്ള അവസ്‌ഥയിലേക്ക്‌ എത്താന്‍' ഊര്‍ജ അടിസ്‌ഥാന സൗകര്യങ്ങള്‍, എണ്ണപ്പാടങ്ങള്‍, റിഫൈനറികള്‍, പൈപ്പ്‌ ലൈനുകള്‍ എന്നിവയ്‌ക്ക്‌ മാസങ്ങളോളം സമയം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW