-->
തിരുവനന്തപുരം: ഏപ്രില്‍ 9-ന് നടക്കുന്ന ഏകഘട്ട നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കേരളം നീങ്ങുമ്പോള്‍ ഇതുവരെ ഭരണം നടത്തിയ ഇടതു വലതു മുന്നണികള്‍ക്ക് ശക്തമായ വെല്ലുവിളിയായിട്ട് പടിപടിയായി വളരുകയാണ് ബിജെപി. നാലു പതിറ്റാണ്ട് നീണ്ട പ്രവര്‍ത്തനകാലയളവില്‍ നിയമസഭയില്‍ കാര്യമായ സാന്നിദ്ധ്യമാകാന്‍ കഴിയാതിരുന്ന ബിജെപി കേരളത്തിലെ പല സീറ്റുകളിലും വിജയം പ്രതീക്ഷിക്കുന്നതിന് കാരണം അതിനെ ശരിവെച്ച് രണ്ടു തെരഞ്ഞെടുപ്പുകളിലായി കിട്ടുന്ന വോട്ടുഷെയറില്‍ വന്‍ വര്‍ദ്ധനയുണ്ടാകുന്നതായി റിപ്പോര്‍ട്ടുകള്‍.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം കാല്‍ നൂറ്റാണ്ടായി കേരളത്തില്‍ ക്രമേണ ബിജെപിയ്ക്ക് വോട്ട് കൂടുന്നു സാഹചര്യമുണ്ടെന്നും കാണിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം, കേരളത്തില്‍ ബി.ജെ.പി.യുടെ വോട്ട് വിഹിതത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനയില്‍ സ്ഥിരതയുണ്ടെന്നും 2011 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടു് 11 ശതമാനം വര്‍ദ്ധിച്ചതായുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്.
1970കളുടെ അവസാനത്തിലും 1980-കളുടെ തുടക്കത്തിലും ജനസംഘത്തിന്റെ കേരള ഘടകവുമായി ബന്ധപ്പെട്ട നേതാക്കളുടെ പരിശ്രമങ്ങളിലൂടെയാണ് ബി.ജെ.പി.യുടെ പ്രാരംഭ സംഘടനാ വേരുകള്‍ കേരളത്തില്‍ ആഴ്ന്നിറങ്ങിയത്. തുടര്‍ന്ന് 1990-കളില്‍ കേഡര്‍ സംവിധാനം വിപുലമാക്കപ്പെട്ടു. 2000 ന് ശേഷം വലിയ സ്വാധീനം ഉണ്ടാക്കാനും പാര്‍ട്ടിക്ക് കഴിഞ്ഞു. 1980-കളിലും 1990-കളുടെ തുടക്കത്തിലും സംസ്ഥാനത്തെ വോട്ട് വിഹിതത്തില്‍ 6 ശതമാനം പോലും കടക്കാന്‍ പാടുപെട്ടിരുന്ന പാര്‍ട്ടി എന്നാല്‍ 90 കളുടെ പകുതിയോടെ ഈ ലക്ഷ്യം നേടുകയും 2016 ന് ശേഷം 10 ശതമാനത്തിന് മുകളിലേക്ക് വളരുകയും ചെയ്തതായിട്ടാണ് കണക്കുകള്‍ കാണിക്കുന്നത്.
പ്രാദേശിക സ്വാധീനം വിപുലമായതോടെ 2000 ന് ശേഷം ക്രമാനുഗതമായ വളര്‍ച്ച പ്രകടമായി. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഏകദേശം 10.6 ശതമാനം വോട്ട് ലഭിച്ചു, ഇത് അക്കാലത്തെ ഏറ്റവും മികച്ച പ്രകടനമായിരുന്നു. 2021-ല്‍ വോട്ട് വിഹിതം 11.4 ശതമാനമായി ഉയര്‍ന്നു. ലോക്സഭാ തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിയുടെ പ്രകടനത്തില്‍ മാറ്റങ്ങള്‍ പ്രകടമാണ്.
കേരളത്തിലെ ഭൂരിഭാഗം നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പി. നിരന്തരമായി മത്സരിക്കുന്നുണ്ട്. പല തിരഞ്ഞെടുപ്പുകളിലും നൂറിലധികം മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും ചെയ്തിട്ടുണ്ട്. 2016-ല്‍ നേമം മണ്ഡലത്തില്‍ ഒ. രാജഗോപാലിലൂടെയാണ് പാര്‍ട്ടി ആദ്യമായി നിയമസഭയിലേക്ക് അക്കൗണ്ട് തുറന്നത്. എന്നാല്‍, 2021-ല്‍ നേമം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. പല മണ്ഡലങ്ങളിലും ശക്തമായ രണ്ടാം സ്ഥാനത്തെത്തിയിട്ടും ഒരു സീറ്റുപോലും നേടാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല.
ലോക്സഭാ തിരഞ്ഞെടുപ്പുകളിലും വോട്ട് വിഹിതത്തിലെ വര്‍ധനവ് പ്രകടമായിരുന്നുവെങ്കിലും 2024 വരെ ഒരു സീറ്റും നേടാനായിരുന്നില്ല. എന്നാല്‍ 2024-ല്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്നും സുരേഷ് ഗോപി വിജയിക്കുകയും നരേന്ദ്ര മോദി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയാകുകയും ചെയ്തു. വോട്ടുഷെയറില്‍ വര്‍ദ്ധനവ് വരുന്നത് പോലെ തന്നെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയും കേരളത്തില്‍ വിപുലപ്പെടുന്നുണ്ട്.
ബിഡിജെഎസ് മാത്രം ഭാഗമായിട്ടുണ്ടായിരുന്ന എന്‍ഡിഎയില്‍ 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ അനേകം പ്രാദേശിക പങ്കാളികള്‍ എത്തിയിട്ടുണ്ട്. ഭാരതീയ ജനതാ പാര്‍ട്ടിക്ക്് പുറമേ ഭാരത് ധര്‍മ്മ ജനസേന, ട്വന്റി20 പാര്‍ട്ടി, ജനാധിപത്യ സംരക്ഷണ സമിതി, കേരള കാമരാജ് കോണ്‍ഗ്രസ്, ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം എന്നിവയാണ് ഇപ്പോഴത്തെ ഘടകകക്ഷികള്‍. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍, സംസ്ഥാനത്തെ തങ്ങളുടെ ദീര്‍ഘകാല പ്രവര്‍ത്തനങ്ങളെ മികച്ച വിജയങ്ങളാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.