Friday, March 20, 2026 Last Updated 14 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 20 Mar 2026 12.23 PM

രമേഷ് പിഷാരടിയെ വളരെ നന്നായി അറിയാം, അദ്ദേഹത്തിനൊപ്പം പ്രചാരണത്തിന് പോകണമെന്നുണ്ട്; ആസിഫ് അലി

actor-asif

ജാതി-മത-രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒരുമിച്ച് നിൽക്കാൻ പറ്റുക എന്നത് വലിയൊരു അനു​ഗ്രഹമാണെന്ന് നടൻ ആസിഫ് അലി. കലൂർ സ്റ്റേഡിയത്തിലെ ഈദ് ​ഗാഹിൽ പങ്കെടുക്കാനത്തവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആസിഫ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരുപാട് പേർ വിളിക്കുന്നുണ്ടെന്നും വ്യക്തിപരമായി തനിക്ക് അം​ഗീകരിക്കാൻ പറ്റുന്ന വ്യക്തികൾക്ക് വേണ്ടി ഇലക്ഷൻ പ്രചാരണത്തിന് പോകണമെന്നാണ് ആ​ഗ്രഹമെന്നും ആസിഫ് വ്യക്തമാക്കി.

പാലക്കാട്ടെ സ്ഥാനാർഥിയായ രമേഷ് പിഷാരടിയുടെ സ്ഥാനാർഥിത്വത്തെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും ആസിഫ് ചൂണ്ടിക്കാട്ടി. അതോടൊപ്പം എല്ലാവർക്കും പെരുന്നാൾ ആശംസകളും താരം നേർന്നു.

"പെരുന്നാൾ ആണ്. ഇത്തവണ പെരുന്നാൾ തൊടുപുഴയിൽ കൂടാൻ പറ്റിയില്ല. ഇപ്പോൾ കലൂർ സ്റ്റേഡിയത്തിലാണുള്ളത്. പെട്ടെന്നുള്ള പ്ലാനായിരുന്നു. വാപ്പയും ഉമ്മയും എല്ലാവരും ഇങ്ങോട്ട് വന്നു. ഈ പ്രാവശ്യം എറണാകുളത്ത് ആക്കാമെന്ന് വിചാരിച്ചു. ഇത്തവണത്തെ പെരുന്നാൾ സ്പെഷ്യലാക്കുന്നത് അച്ചു (അസ്കർ അലി) വിന്റെ സംഭവം അധ്യായം ഒന്ന് എന്ന സിനിമയാണ്.

തിയറ്ററുകളിൽ നിന്ന് വലിയൊരു പോസിറ്റീവ് റെസ്പോൺസ് കിട്ടി. വീട്ടിലൊരുപാട് സന്തോഷമുള്ള ഒരുപാട് കാര്യങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. ഈ പെരുന്നാൾ ഒത്തിരി സ്പെഷ്യലാണ്. വാപ്പയും ഉമ്മയും തൊടുപുഴയിലാണുള്ളത്. ഞങ്ങളൊരുമിച്ചാണ് പെരുന്നാൾ കൂടൽ. ഇത്തവണ എനിക്കും അച്ചുവിനും ഷൂട്ടിങ് എറണാകുളത്താണ്. എല്ലാവരും ഇത്തവണ ഇങ്ങോട്ട് വന്നു. ഇപ്പോഴത്തെ അവസ്ഥയിൽ നമ്മളെല്ലാവരും ഒരുമിച്ച് ഒറ്റക്കെട്ടായി നിൽക്കുക.

ജാതി-മത-രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒരുമിച്ച് നിൽക്കാൻ പറ്റുക എന്നത് വലിയൊരു അനു​ഗ്രഹമായിട്ടാണ് കാണുന്നത്. അതിന്റെ ഒരു ആ​ഘോഷം കൂടിയായിരിക്കും പെരുന്നാൾ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരുപാട് പേർ വിളിക്കുന്നുണ്ട്. ഒത്തിരി പ്രിയപ്പെട്ടവർ ഇലക്ഷന് നിൽക്കുന്നുണ്ട്. വളരെ ആകാംക്ഷ നൽകുന്ന ഒരു ഇലക്ഷൻ ക്യാംപെയ്ൻ തുടങ്ങിയിട്ടുണ്ട്.

സോഷ്യൽ മീ‍ഡിയ അപ്ഡേറ്റ്സും ന്യൂസുകളുമൊക്കെ കാണുന്നുണ്ട്. ഇന്നലെ പിഷാരടിയുടെ ഒരു ഇന്റർവ്യൂ ഞാൻ കണ്ടിരുന്നു. അതിൽ വളരെ പക്വതയോടു കൂടി തമാശകളൊന്നുമില്ലാത്ത വളരെ സീരിയസ് ആയിട്ടുള്ള ഇലക്ഷൻ പ്രചാരണത്തിനാണ് പിഷാരടി ഉന്നം വയ്ക്കുന്നതെന്ന് പറഞ്ഞു. എന്റെ സഹപ്രവർത്തകൻ ആയതു കൊണ്ട് തന്നെ പ്രചാരണത്തിനും അവർ ആ​ഗ്രഹിക്കുന്ന രീതിയിൽ അവർക്കൊപ്പം നിൽക്കണമെന്നുണ്ട്.

എനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ള അല്ലെങ്കിൽ എനിക്ക് വ്യക്തിപരമായി അം​ഗീകരിക്കാൻ പറ്റുന്ന വ്യക്തികൾക്ക് വേണ്ടി ഇലക്ഷൻ പ്രചാരണത്തിന് പോകണമെന്നാണ് ആ​ഗ്രഹം. അത് തന്നെയായിരിക്കും ഈ പ്രാവശ്യവും സംഭവിക്കുക. എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ. തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കയറി കഴിഞ്ഞു. വരും ദിവസങ്ങളിലൊക്കെ പ്രിയപ്പെട്ടവർക്ക് വേണ്ടി പ്രചാരണത്തിന് പോകണമെന്നുണ്ട്.

തീർച്ചയായും വരും ദിവസങ്ങളിൽ ഇലക്ഷൻ മണ്ഡലങ്ങളിൽ കാണാൻ പറ്റും. പിഷാരടിയെ വളരെ നന്നായി അറിയാം. വളരെ നന്നായി സംസാരിക്കുന്ന ഇടപെഴകുന്ന ആളു കൂടിയാണ്. വളരെ ആകാംക്ഷയോടെ നോക്കി കാണുന്നു പിഷാരടിയുടെ സ്ഥാനാർഥിത്വം. എല്ലാവർക്കുമുള്ളതു പോലെ തന്നെ ബുദ്ധിമുട്ടുകൾ കാണുന്നുണ്ട്.

വളരെ പേടിയോടു കൂടി തന്നെയാണ് യുദ്ധം എന്ന കാര്യത്തെ നമ്മൾ നോക്കിക്കാണുന്നത്. എപ്പോഴും പറയുന്നതു പോലെ, ഇത് വേറെ എവിടെയോ നടക്കുന്നതല്ല, നമ്മുടെ അടുക്കളയിലേക്ക് വരെ എത്തി തുടങ്ങിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ഇത് എല്ലാം അവസാനിക്കട്ടെ എന്ന് ആ​ഗ്രഹിക്കുന്നു. പ്രാർഥിക്കുന്നു". - ആസിഫ് പറഞ്ഞു.

Ads by Google
Friday 20 Mar 2026 12.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW