-->
കലാഭവന്‍ നവാസിന്റെ വേര്‍പാടിന്റെ ഞെട്ടലില്‍ നിന്ന് സിനിമാലോകവും ആരാധകരും ഇതുവരെ മുക്തരായിട്ടില്ല. പല സഹപ്രവര്‍ത്തകരും ഇപ്പോഴുമിത് അവിശ്വസനീയം എന്നാണ് കുറിക്കുന്നത്. എല്ലാവരോടും ചിരിച്ച് കളിച്ച് തമാശ പറഞ്ഞ് സെറ്റില്‍ നിന്ന് ഹോട്ടല്‍ മുറിയിലേക്ക് പോയ നവാസ് മണിക്കൂറുകള്‍ക്കകം മരണമടഞ്ഞു എന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് പലരും പറയുന്നത്. ചോറ്റാനിക്കരയിലെ ഹോട്ടലില്‍ വച്ച് വെള്ളിയാഴ്ച രാത്രിയാണ് കലാഭവൻ നവാസ് മരണപ്പെട്ടത്. സോഷ്യല്‍ മീഡിയയിലൂടെ നവാസിന്റെ വേര്‍പാടിന്റെ നൊമ്പരം മിക്ക താരങ്ങളും കുറിക്കുന്നുമുണ്ട്.
എന്നാല്‍ ഇപ്പോഴിതാ അതിനിടയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത് ആസിഫ് അലിയുടെ ഒരു വീഡിയോയാണ്. കലാഭവൻ നവാസിന്റെ മരണത്തെക്കുറിച്ചാണ് ആസിഫ് സംസാരിച്ചത്. എന്നാല്‍ ആസിഫിന്റെ ഈ വീഡിയോ വ്യാപക വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വരെ വഴിവയ്ക്കുന്നുണ്ട്. സിനിമാലോകവും ആരാധകരും നവാസിന്റെ വിയോഗത്തിന്റെ ഞെട്ടലില്‍ നില്‍ക്കുമ്പോഴാണ് ജീവിതത്തില്‍ എന്ത് സംഭവിക്കുമെന്ന് നിശ്ചയിക്കാൻ ആർക്കും സാധിക്കില്ലെന്നും അതിനാല്‍ ഉള്ള സമയം നല്ലപോലെ ജീവിക്കണമെന്നുമാണ് ആസിഫ് പറയുന്നത്.
‘‘ഈയ്യൊരു അവസരത്തില്‍ പറയാൻ പാടുണ്ടോ എന്നറിയില്ല. ഞങ്ങളുടെയൊക്കെ സഹപ്രവര്‍ത്തകനും പ്രിയപ്പെട്ടവനുമായിരുന്ന കലാഭവന്‍ നവാസിക്ക ഇന്നലെ രാത്രി മരണപ്പെട്ടു. വളരെ ഷോക്കിംഗ് ആയിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങളില്‍ നിന്നെല്ലാം മനസിലാക്കാന്‍ സാധിക്കുന്നത്, ജീവിതത്തില്‍ എന്താണ് അടുത്തതായി സംഭവിക്കാന്‍ പോകുന്നത് നമുക്കറിയില്ല എന്നതാണ്. കഴിഞ്ഞ കുറേ ദിവസങ്ങള്‍ ഞങ്ങള്‍ ഒരുമിച്ചൊരു ലൊക്കേഷനില്‍ ഉണ്ടായിരുന്നു. യാത്ര പറഞ്ഞ് ഇറങ്ങുമ്പോള്‍ അറിഞ്ഞില്ല ഇനി അദ്ദേഹത്തെ കാണില്ലെന്ന്. അത്രേയും അസ്ഥിരമാണ് ജീവിതം. നമുക്ക് ചെയ്യാനുള്ള കാര്യം ഒന്ന് മാത്രമാണ്. ഉള്ള സമയം അടിപൊളിയാക്കുക..’’ ആസിഫ് പറഞ്ഞു. എന്നാല്‍ വീഡിയോ വെെറലായതിന് പിന്നാലെ നിരവധി വിമർശനങ്ങളും ഉയരുന്നുണ്ട്.
‘ഇങ്ങനെ പറഞ്ഞത് തെറ്റായി പോയി എന്നൊരു തോന്നൽ, ആദരാഞ്ജലി പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല. ഇമ്മാതിരി മോട്ടിവേഷൻ, ദുഃഖ വാർത്ത ചേർത്ത് പറയേണ്ടിയിരുന്നില്ല, അവിടെ ഒരാള്‍ മരണപ്പെട്ടു കിടക്കുന്നു, ആ മനുഷ്യനുവേണ്ടി ഒരു ആദരാഞ്ജലി പറഞ്ഞിരുന്നെങ്കില്‍ ഇല്ലെങ്കില്‍ എല്ലാവർക്കും പ്രാർത്ഥിക്കാം എന്ന് പറയുകയാണെങ്കില്‍ എത്ര നന്നായിരുന്നു. പകരം അടിപൊളിയാക്കാം എന്ന്, കഷ്ടം ഇങ്ങനെ ആണോ പ്രസന്റ് ചെയ്യെണ്ടേ, ആസിഫ് താങ്കളോട് ഒരു ഇഷ്ട്ടം ഉണ്ടായിരുന്നു, പക്ഷേ ഇത് വളരെ മോശം ആയിപ്പോയി, ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥ. മരിച്ചിട്ട് മൂന്ന് ദിവസം പോലും ആയിട്ടില്ല. ആ കുടുംബം എങ്ങനെയാടോ ഇതൊക്കെ ഉള്‍കൊള്ളുക, സഹപ്രവർത്തകൻ മരണപ്പെട്ടു കിടക്കുന്നു. ഞാൻ വിചാരിച്ചു നവാസിനു വേണ്ടി പ്രാർത്ഥിക്കാനാ പറയുക എന്ന് പിന്നെ അടിച്ചു പൊളിക്കാൻ അല്ലെ...’ എന്നതടക്കമാണ് വ്യാപക പരാമര്‍ശ കമന്റുകള്‍.