-->
' 8വസന്താലു' ( എട്ടു വസന്തങ്ങള്‍) എന്ന ചിത്രത്തിലൂടെ തെലുങ്ക് പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന നടിയാണ് മലയാളിയായ അനന്തിക സനല്‍കുമാര്‍. ഇപ്പോഴിതാ ' 8 വസന്താലു' വിലെ അഭിനയത്തിന് തെലങ്കാന സംസ്ഥാന സര്‍ക്കാരിന്റെ ' ഉത്തമ നടി' ( സ്‌പെഷ്യല്‍ ജൂറി) പുരസ്‌കാരം നേടിയിരിക്കുകയാണ് അനന്തിക. ഈ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവയ്ക്കുകയും ചെയ്തു.
'' ഈ വലിയ അംഗീകാരത്തിന് തെലങ്കാന സംസ്ഥാന സര്‍ക്കാരിനോട് നന്ദി അറിയിക്കുന്നു. ' ഉത്തമ നടി' ( സ്‌പെഷ്യല്‍ ജൂറി) പുരസ്‌കാരം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്റെ കരിയറിലെ ആദ്യത്തെ അവാര്‍ഡാണിത്, അതും ' 8 വസന്താലു' എന്ന ചിത്രത്തിന്. ഇത് എന്നും എന്റെ ഓര്‍മ്മകളില്‍ ഉണ്ടാകും.
ഫനീന്ദ്ര സാർ, എന്നെ വിശ്വസിച്ച് ഈ വേഷം ഏൽപ്പിച്ചതിന് ഒരുപാട് നന്ദി. ഈ സിനിമയും ഇതിന്റെ യാത്രയും എന്നും എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കും. ഇതിന് ഞാൻ എന്നെന്നും കടപ്പെട്ടിരിക്കുന്നു. എന്നെ വിശ്വസിച്ച് ഇങ്ങനെയൊരു അവസരം നൽകിയ മൈത്രി മൂവി മേക്കേഴ്സിനും നന്ദി. എന്റെ മുഴുവൻ ടീമിനും ഹൃദയം നിറഞ്ഞ നന്ദി! ആദ്യ ദിവസം മുതൽ കൂടെയുണ്ടായിരുന്നവരുടെ വിശ്വാസം ഇല്ലായിരുന്നെങ്കിൽ ഇത് സാധ്യമാകുമായിരുന്നില്ല. ഇന്ന് ഞാൻ ഇവിടെ നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം നിങ്ങളോരോരുത്തരുമാണ്. എല്ലാത്തിലുമുപരി, പ്രേക്ഷകർക്ക് വലിയൊരു നന്ദി അറിയിക്കുന്നു. നമ്മുടെ സിനിമയ്ക്കും 'ശുദ്ധി അയോധ്യ' എന്ന കഥാപാത്രത്തിനും നിങ്ങൾ നൽകിയ സ്നേഹത്തിന് നന്ദി," അനന്തിക കുറിച്ചു.
2023ല്‍ പുറത്തിറങ്ങിയ ' റൈഡ്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് അനന്തികയുടെ അരങ്ങേറ്റം. പിന്നീട് ' മാഡ്', 'ലാല്‍ സലാം' എന്നിവയിലും മികച്ച വേഷങ്ങള്‍ ചെയ്തു. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ റീമേക്കായ ' രാജമന്‍ട്രി മറാസ് മില്‍ക്ക് ' ആയിരുന്നു അനന്തികയുടെ ആദ്യ തെലുങ്ക് സിനിമയെങ്കിലും ആ ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. അനന്തികയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് ' 8 വസന്താലു'.