-->
തിരവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഏറ്റവും നിര്‍ണ്ണായകമായ മണ്ഡലങ്ങളിലൊന്നായി കരുതുന്ന കഴക്കൂട്ടത്ത് വലിയ പ്രതീക്ഷ വെച്ച് ബിജെപി സ്ഥാനാര്‍ത്ഥി വി. മുരളീധരന്‍. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ മത്സരിക്കാനെത്തുമ്പോള്‍ മുന്‍ കേന്ദ്രമന്ത്രി കൂടിയായ വി. മുരളീധരനും ബിജെപി പ്രവര്‍ത്തകരും വലിയ ആത്മവിശ്വാസമാണ് പുലര്‍ത്തുന്നത്.
മുരളീധരന്റെ രണ്ടാം വരവ് ബി.ജെ.പി ക്യാമ്പുകളില്‍ വലിയ ആവേശമാണ് പകരുന്നത്. കഴക്കൂട്ടത്ത് താമര വിരിയിക്കാന്‍ പതിനായിരം വോട്ടുകള്‍ കൂടി നേടാന്‍ പാകത്തിന് മണ്ഡലം പരിവര്‍ത്തനപ്പെട്ടിട്ടുണ്ടെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ കരുതുന്നത്. ഇടതു സ്ഥാനാര്‍ത്ഥിയും നിലവിലെ എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രനുമായി ബന്ധപ്പെട്ട ശബരിമല വിവാദങ്ങള്‍ ബിജെപിയ്ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
ജയിക്കാന്‍ 50,000 ന് മുകളില്‍ വോട്ടു കണ്ടെത്തേണ്ടി വരുമെന്ന കടമ്പ ഇത്തവണ അനായാസം മറികടക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. 2016 ല്‍ വി.മുരളീധരന്‍ മത്സരിച്ചപ്പോള്‍ നേടിയ 42,732 വോട്ടാണ് ബി.ജെ.പിയുടെ മണ്ഡലത്തിലെ ഉയര്‍ന്ന സ്‌കോര്‍. എന്നാല്‍ 2021-ല്‍ ശോഭ സുരേന്ദ്രന്‍ മത്സരിച്ചപ്പോള്‍ ഇതില്‍ കുറവ് വന്നെങ്കിലും വോട്ടുഷെയര്‍ 40,000 ല്‍ കുറഞ്ഞിരുന്നില്ല എന്നത് തങ്ങളുടെ വോട്ടുകളിലെ സ്ഥിരതയായി ബിജെപി കണക്കാക്കുന്നു. ഇതിനൊപ്പം ഇത്തവണത്തെ വിവാദവും മാറിയ സാഹചര്യവും വിജയത്തിന് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.
തദ്ദേശ തെരശഞ്ഞടുപ്പില്‍ മണ്ഡലത്തിലെ 28 വാര്‍ഡുകളില്‍ 14 എണ്ണം ബി.ജെ.പിക്ക് ഒപ്പമുണ്ടായിരുന്നു. സി.പി.എമ്മിന്റെ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ പ്രാദേശിക വികസന പ്രശ്‌നങ്ങള്‍ മുതല്‍ സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങള്‍ വരെ പ്രചാരണായുധമാക്കുന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ബി.ജെ.പി വോട്ടുകളില്‍ ഉണ്ടായ 60,000-ത്തിന് മുകളിലുള്ള വര്‍ദ്ധനവ് കഴക്കൂട്ടത്തും ആവര്‍ത്തിക്കുമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. കേന്ദ്രമന്ത്രി എന്ന നിലയില്‍ കേരളത്തിനായി ചെയ്ത കാര്യങ്ങളും വിദേശകാര്യ മന്ത്രാലയത്തിലെ ഇടപെടലുകളും വോട്ടര്‍മാരിലേക്ക് എത്തിക്കാനുള്ള ശ്രമവും ബിജെപി നടത്തുന്നുണ്ട്. വിഴിഞ്ഞം പദ്ധതിയോടുള്ള തീരദേശ ജനതയുടെ നിലപാട് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരുടെ വോട്ടുകളും വികസന മുരടിപ്പും വലിയ ചര്‍ച്ചയാകുന്നു. സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ വോട്ടര്‍മാരുടെ ഇടയില്‍ ഏതു രീതിയില്‍ ചര്‍ച്ചയാകുന്നു എന്നത് ബി.ജെ.പി ഉറ്റുനോക്കുന്നു.