-->
ദോഹ: അറബ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന സൈനിക ആക്രമണങ്ങളെയും അത് സൃഷ്ടിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും കുറിച്ച് ചർച്ച ചെയ്യാൻ 'അറബ് നെറ്റ്‌വർക്ക് ഫോർ നാഷണൽ ഹ്യൂമൻ റൈറ്റ്‌സ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ (ANNHRI)' അടിയന്തര പൊതുയോഗം ദോഹയിലെ ആസ്ഥാനത്ത് ചേർന്നു. സൈനിക നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും മേഖലയുടെ സ്ഥിരതയ്ക്കായി നയതന്ത്ര പാതയിലേക്ക് മടങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു.
ഖത്തർ നാഷണൽ ഹ്യൂമൻ റൈറ്റ്‌സ് കമ്മിറ്റിയുടെ (NHRC) അഭ്യർത്ഥനപ്രകാരം വെർച്വലായാണ് യോഗം നടന്നത്.ഇറാന്റെ ആക്രമണങ്ങൾ ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് യോഗം വിലയിരുത്തി. സൈനികശക്തി ഉപയോഗിക്കുന്നതിനെതിരെയുള്ള ആഗോള നിരോധനം ഇറാൻ ലംഘിക്കുന്നത് അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണിയാണെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
സിവിൽ സമൂഹത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾക്കെതിരെ അറബ് മനുഷ്യാവകാശ സ്ഥാപനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. ജനങ്ങളുടെ സംരക്ഷണത്തിനായി വിവരങ്ങളും വൈദഗ്ധ്യവും കൈമാറുന്നതിൽ സഹകരണം വർദ്ധിപ്പിക്കാൻ തീരുമാനിച്ചു.
അറബ് രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്താൻ ഐക്യരാഷ്ട്രസഭയോട് (UN) യോഗം ആവശ്യപ്പെട്ടു. കൂടാതെ, അറബ് മേഖലയിലെ ജനങ്ങളുടെ സംരക്ഷണം ചർച്ച ചെയ്യാൻ മനുഷ്യാവകാശ കൗൺസിലിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കണമെന്നും ആവശ്യമുയർന്നു.ബഹ്‌റൈൻ, സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, കുവൈറ്റ്, ഒമാൻ, ജോർദാൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്കു നേരെ മിസൈൽ ആക്രമണങ്ങൾ ഉണ്ടായതായും ഇത് ജനവാസ മേഖലകളിൽ നാശനഷ്ടങ്ങളും മരണങ്ങളും ഉണ്ടാക്കിയതായും നെറ്റ്‌വർക്ക് ചെയർമാൻ എൻജിനീയർ അലി അഹമ്മദ് അൽ ദേരാസി വ്യക്തമാക്കി.ആക്രമണങ്ങളുമായി ബന്ധപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങൾ നിരീക്ഷിക്കാനും പരാതികൾ സ്വീകരിക്കാനും ഖത്തർ എൻ.എച്ച്.ആർ.സി (NHRC) ഒരു 'ക്രൈസിസ് സെൽ' രൂപീകരിച്ചതായി വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ബിൻ സൈഫ് അൽ കുവാരി അറിയിച്ചു.
ഷഫീക്ക് അറയ്ക്കൽ