-->
ദോഹ: ഖത്തറിലെ തന്ത്രപ്രധാനമായ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് തുടർച്ചയായ രണ്ടാം ദിവസവും മിസൈൽ ആക്രമണം. വ്യാഴാഴ്ച പുലർച്ചെ ഖത്തർ എനർജിയുടെ ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (LNG) പ്ലാന്റുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ പ്ലാന്റുകൾക്ക് വൻതോതിൽ കേടുപാടുകൾ സംഭവിക്കുകയും പ്രദേശം തീപിടുത്തത്തിന്റെ പിടിയിലാവുകയും ചെയ്തതായി ഖത്തർ എനർജി അറിയിച്ചു.ബുധനാഴ്ച റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ പേൾ ജിടിഎൽ (Pearl GTL) പ്ലാന്റിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെയാണ് പുതിയ സംഭവം. ഇതോടെ രാജ്യത്തെ പ്രധാന ഗ്യാസ് ഉൽപ്പാദന കേന്ദ്രങ്ങളെല്ലാം അതീവ ജാഗ്രതയിലാണ്. വ്യാഴാഴ്ച പുലർച്ചെയുണ്ടായ മിസൈൽ പതനത്തിൽ എൽഎൻജി പ്ലാന്റുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തീപിടുത്തം നിയന്ത്രിക്കുന്നതിനായി സിവിൽ ഡിഫൻസ് വിഭാഗവും ഖത്തർ എനർജിയുടെ പ്രത്യേക സുരക്ഷാ സേനയും സംഭവസ്ഥലത്ത് ഉടനടിഎത്തിചേർന്നു. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്ലാന്റുകൾക്ക് സാങ്കേതികമായി വലിയ തകരാറുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ജീവനക്കാർ സുരക്ഷിതരാണെന്നും ഇതുവരെയാർക്കും പരിക്കേറ്റതായി വിവരമില്ലെന്നും ഔദ്യോഗിക പ്രസ്താവന വ്യക്തമാക്കുന്നു.ലോകത്തെ ഏറ്റവും വലിയ എൽഎൻജി ഉൽപ്പാദകരായ ഖത്തറിന് നേരെയുള്ള ഈ ആക്രമണം അന്താരാഷ്ട്ര ഇന്ധന വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചേക്കാം. ഇന്ധന വിതരണ ശൃംഖലയെ ഇത് ബാധിക്കുമോ എന്ന ആശങ്കയിലാണ് പല രാജ്യങ്ങളും. സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും വരും മണിക്കൂറുകളിൽ കൂടുതൽ വ്യക്തത നൽകുമെന്നും അധികൃതർ അറിയിച്ചു.
ഷഫീക്ക് അറയ്ക്കൽ