-->
ദോഹ: റാസ് ലഫാൻ ഇൻഡസ്ട്രിയൽ ഏരിയയിലുണ്ടായ മൂന്ന് തീപിടുത്തങ്ങളിൽ രണ്ടെണ്ണം സിവിൽ ഡിഫൻസ് സംഘം പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചെയും ഖത്തർ എനർജി പ്ലാന്റുകൾക്ക് നേരെ നടന്ന മിസൈൽ ആക്രമണത്തെത്തുടർന്നാണ്തീപിടുത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.തീപിടുത്തമുണ്ടായ സ്ഥലങ്ങളിൽ തണുപ്പിക്കൽ പ്രക്രിയയും (Cooling process) സൈറ്റ് സുരക്ഷാ പരിശോധനകളും തുടരുകയാണ്. അപകടകരമായ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനായി ആഭ്യന്തര സുരക്ഷാ സേനയുടെ (ലഖ്‌വിയ - Lekhwiya) സ്ഫോടകവസ്തു വിഭാഗം (Explosives Unit) രംഗത്തുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രദേശം പൂർണ്ണമായും അധികൃതരുടെ നിരീക്ഷണത്തിലാണ്.റാസ് ലഫാനിലെ ഇന്ധന പ്ലാന്റുകൾ ലക്ഷ്യം വെച്ചുണ്ടായ ഈ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. ബുധനാഴ്ച റാസ് ലഫാനിലെ പേൾ ജിടിഎൽ (Pearl GTL) പ്ലാന്റിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെയാണ് വ്യാഴാഴ്ച പുലർച്ചെ വീണ്ടും മിസൈൽ പതനമുണ്ടായത്. ഖത്തറിന്റെ തന്ത്രപ്രധാനമായ ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (LNG) പ്ലാന്റുകൾക്ക് ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ഖത്തർ എനർജിയുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും രക്ഷാസേനകൾ സംയുക്തമായാണ് പ്രവർത്തിക്കുന്നത്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ജനങ്ങളെ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഷഫീക്ക് അറയ്ക്കൽ