-->
തിരുവനന്തപുരം: എംപി മാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് മാറ്റമില്ലാതെ ഹൈക്കമാന്റും നിലപാട് എടുത്തതോടെ കോണ്‍ഗ്രസ്‌നേതാക്കളായ കെ.സുധാകരനും അടൂര്‍പ്രകാശിനും സീറ്റില്ല. സുധാകരനെ വിശ്വാസത്തില്‍ എടുത്ത ഹൈക്കമാന്റ് അടൂര്‍പ്രകാശുമായും പ്രശ്‌നം പരിഹരിക്കാന്‍ സംസാരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
കണ്ണൂരില്‍ ടി.ഒ മോഹന്‍ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ കോന്നിയില്‍ സതീഷ് കൊച്ചുപറമ്പിലിനെയാണ് പരിഗണിക്കുന്നതെന്നാണ് വിവരം. നേരത്തേ കെ. സുധാകരന്‍ ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ കണ്ണൂരും കോന്നിയും സീറ്റുകള്‍ കോണ്‍ഗ്രസ് ഒഴിച്ചിട്ടിരിക്കുകയായിരുന്നു. നേരത്തേ കണ്ണൂര്‍ സീറ്റില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് മുതര്‍ന്ന നേതാവ് കെ.സുധാകരന്‍ ശക്തമായ സമ്മര്‍ദ്ദമാണ് ഉണ്ടാക്കിയത്. പാര്‍ട്ടി വിടുമെന്നും സ്വതന്ത്രനായി മത്സരിക്കണമെന്ന് വരെ നിലപാട് എടുക്കുകയും നീക്കം നടത്തുകയും ചെയ്തിരുന്നു.
ഒരു തരത്തിലുമുള്ള അനുനയത്തിനും വഴങ്ങാതിരുന്ന സുധാകരനുമായി ഹൈക്കമാന്റ് ഇന്ന് ആശയവിനിമയം നടത്തും. കണ്ണൂരില്‍ സുധാകരന് കൂടി സമ്മതനായ സ്ഥാനാര്‍ത്ഥിയെയാകും പരിഗണിക്കുക എന്നും ഉറപ്പായി. എം.പി. മാര്‍ മത്സരിക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ അടൂര്‍പ്രകാശിനും അതൃപ്തിയുണ്ട്. ഉച്ചയ്ക്ക് മുമ്പ് പട്ടിക പുറത്തിറക്കാനാണ് കോണ്‍ഗ്രസിന്റെ ആലോചന.
അതുപോലെ തന്നെ തര്‍ക്കം നിലനിന്ന കൊച്ചിയില്‍ മുഹമ്മദ് ഷിയാസ് തന്നെ മത്സരിക്കും. ദീപ്തി മേരി വര്‍ഗ്ഗീസും മുഹമ്മദ് ഷിയാസിന്റെയും പേരുകള്‍ ഇവിടെ ഒരുമിച്ച് ഉയര്‍ന്നു വന്നിരുന്നു. ദീപ്തി മേരി വര്‍ഗ്ഗീസ് പോസ്റ്ററും ഫ്‌ളക്‌സും വരെ അടിച്ചിരുന്നു. നേരത്തേ ദീപ്തിയെ കൊച്ചി മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലൂം ഒഴിവാക്കിയിരുന്നു. തൃപ്പൂണിത്തുറയില്‍ ദീപക് ജോയ് യാണ് മത്സരിക്കുക. വൈപ്പിനില്‍ ടോണി ചെമ്മണിയും മത്സരിക്കും. പെരുമ്പാവൂരില്‍ മനോജ് മൂത്തേടത്തിന് അനുകൂലമായിട്ടാണ് നീക്കം. ഉല്ലാസ് തോമസിന്റെയും പേരുകളുണ്ട്.
എല്‍ദോസിന്റെ കാര്യത്തില്‍ തീരുമാനത്തില്‍ മാറ്റമില്ലെന്നാണ് സൂചന. നേമത്ത് ശബരീനാഥന്‍, ഇടുക്കിയില്‍ റോയ്.കെ. പൗലോസ്, ആറന്മുളയില്‍ അബിന്‍ വര്‍ക്കി, റാന്നിയില്‍ പഴകുളം മധുവാണ് സ്ഥാനാര്‍ത്ഥിയാകുന്നത്. ഏറ്റുമാനൂരില്‍ നാട്ടകം സുരേഷാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.