-->
കൊച്ചി; എല്‍ദോസ് പി. കുന്നപ്പിള്ളിക്ക് വിനയായതു സ്‌ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ആരോപണ വിധേയരെയെല്ലാം ഒഴിവാക്കണമെന്ന കോണ്‍ഗ്രസ് കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റിയുടെ (സി.എ.സി.) നിര്‍ദ്ദേശം. സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ എല്‍.ഡി.എഫ്. നയം തന്നെയാണു ഇക്കാര്യത്തില്‍ യു.ഡി.എഫും സ്വീകരിച്ചത്.
ആരോപണ വിധേയരായവരെ ഒഴിവാക്കണമെന്ന നയം എല്‍.ഡി.എഫ്. സ്വീകരിച്ചപ്പോള്‍ അതേനയം തന്നെ പിന്തുടരണമെന്ന ശക്‌തമായ നിലപാടാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സ്വീകരിച്ചത്. ഇതിനെ സി.എ.സിയും പിന്തുണയ്‌ക്കുകയായിരുന്നു. എന്നാല്‍, വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞ കോവളം എം.എല്‍.എ. എം. വിന്‍സെന്റിനു വീണ്ടും അവസരം നല്‍കിയതു എല്‍ദോസ് കുന്നപ്പിള്ളിയ്‌ക്കു പ്രതീക്ഷ നല്‍കുന്നു. തനിക്കെതിരേയുള്ള നിലപാട് എന്തുകൊണ്ടു വിന്‍സെന്റിന്റെ കാര്യത്തില്‍ നടപ്പായില്ലെന്നാണു എല്‍ദോസ് വാദിക്കുന്നത്.
തനിക്കെതിരേ ആരോപണം മാത്രമാണെന്നും ജയിലില്‍ കിടന്നിട്ടില്ലെന്നുമാണു എല്‍ദോസ് വാദിക്കുന്നത്. മാത്രമല്ല, സിറ്റിംഗ് എം.പിമാര്‍ ആരും മത്സരിക്കേണ്ടെന്നും തീരുമാനമെടുത്തു. കെ. സുധാകരനു മാത്രം ഇളവു നല്‍കിയാല്‍ അതു മറ്റു എം.പിമാര്‍ അവകാശവാദം ഉന്നയിക്കാന്‍ കാരണമാകുമെന്നായിരുന്നു വാദം. ഇതുകാരണമാണു കെ. സുധാകരകന്റെ സ്‌ഥാനാര്‍ഥിത്വത്തില്‍ തീരുമാനം വൈകുന്നത്. സുധാകരന്റെ കടുംപിടുത്തം അടൂര്‍ പ്രകാശിനും ഗുണമാണ്.
എം.പിമാര്‍ക്കു സീറ്റു നല്‍കിയാല്‍ തനിക്കും മത്സരിക്കാന്‍ അവസരം നല്‍കണമെന്നാണു അടൂര്‍ പ്രകാശിന്റെ വാദം. അടൂര്‍ പ്രകാശിനെയും സുധാകരനെയും അനുനയിപ്പിക്കാന്‍ ഹൈക്കമാന്റ് ഇടപെട്ടെങ്കിലും സുധാകരന്‍ വഴങ്ങിയിട്ടില്ല. അവസാനനിമിഷം വരെ സമ്മര്‍ദ്ദം നിലനിര്‍ത്തി ഒടുവില്‍ കോണ്‍ഗ്രസ് നേതൃത്വം വഴങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്.
തീരുമാനമെടുക്കും മുമ്പ് മറ്റു എം.പിമാരുടെ സമ്മതവും വാങ്ങും. മറ്റുള്ള എം.പിമാരെല്ലാം സമ്മതിച്ചാല്‍, സുധാകരനെ മത്സരിക്കാന്‍ അനുവദിക്കും. എന്നാല്‍, മാറ്റിനിര്‍ത്തുന്നതു അടൂര്‍ പ്രകാശിനു അതൃപ്‌തിയുണ്ടാകുമോ എന്നതും പരിഗണിക്കുന്നുണ്ട്. മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച എം.പിമാരുമായി ഇന്നലെ കെ.സി. വേണുഗോപാല്‍ ചര്‍ച്ച നടത്തി.
ജെബി പോള്‍