Thursday, March 19, 2026 Last Updated 8 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 19 Mar 2026 09.20 AM

ഹൈക്കമാന്റിന്റെ മുന്നില്‍വെച്ചു പോലും രൂക്ഷമായ വാക്കേറ്റം ; കൊച്ചി സീറ്റില്‍ തര്‍ക്കിച്ച് വി.ഡി. സതീശനും കെ.സി. വേണുഗോപാലും

uploads/news/2026/03/830992/congrass-1.gif

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സീറ്റുകളിലെ രണ്ടാംഘട്ട പട്ടിക തീരുമാനിക്കുന്ന കാര്യത്തില്‍ ഹൈക്കമാന്റിന് മുന്നില്‍ വെച്ച് പോലും പോരടിച്ച് കേരളത്തിലെ നേതാക്കള്‍. കൊച്ചി, ഇടുക്കി, കണ്ണൂര്‍, കോന്നി സീറ്റുകളുടെ കാര്യത്തില്‍ ഇന്നലെ യോഗത്തില്‍ വലിയ തര്‍ക്കമുണ്ടായതായും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും കൊച്ചി സീറ്റിന്റെ കാര്യത്തില്‍ വാക്കേറ്റം പോലും നടത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

കൊച്ചിയില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടായിരുന്നത് ഡിസിസി പ്രസിഡന്റ് സാഗര്‍ഷിയാസും ദീപ്തി മേരി വര്‍ഗ്ഗീസുമായിരുന്നു. സാഗര്‍ ഷിയാസിന് വേണ്ടിയാണ് വി.ഡി. സതീശന്‍ വാദിച്ചത്. ദീപ്തിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിലപാടിലായിരുന്നു കെ.സി. വേണുഗോപാല്‍. ഇരുവരും ഇത് അഭിമാനപോരാട്ടമായി എടുത്തതോടെ ഹൈക്കമാന്റിന് അഭിപ്രായ ഐക്യത്തില്‍ എത്തിക്കാന്‍ പണിപ്പെടേണ്ടി വന്നു. തിരുവനന്തപുരവും കൊച്ചിയും ഇടുക്കിയും ഉള്‍പ്പെടെയുള്ള ജില്ലകളിലെ മണ്ഡലങ്ങള്‍ വെച്ച് പാനലായിട്ടാണ് പട്ടിക നല്‍കിയത്.

തന്റെ വിശ്വസ്തനായ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് വേണ്ടി വി.ഡി.സതീശനും ദീപ്തി മേരി വര്‍ഗ്ഗീസിന് വേണ്ടി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ശക്തമായി തെന്ന വാദിച്ചു. ഒടുവിലാണ് സാഗര്‍ ഷിയാസിന് അവസരം കിട്ടിയത്. സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ച് ഇടുക്കിയില്‍ റോയി പൗലോസിനും സീറ്റ് നല്‍കാന്‍ ധാരണയായി. കെ.സി. വേണുഗോപാല്‍ പക്ഷക്കാരനായ റോയി കെ. പൗലോസ് യാക്കോബായ വിഭാഗത്തില്‍ നിന്നുള്ളയാളാണ്. അദ്ദേഹത്തിന് വേണ്ടി വേണുഗോപാല്‍ വാദിച്ചിരുന്നു. നേരത്തേ ഈ സീറ്റിലേക്ക് പരിഗണിച്ച രണ്ടാമത്തെയാള്‍ റോമന്‍ കത്തോലിക്കാ വിഭാഗത്തില്‍ നിന്നുള്ളയാളായിരുന്നു.

സമുദായ സന്തുലിതാവസ്ഥ പരിഗണിക്കാനുള്ള നിര്‍ദേശം ഉണ്ടായത് രാഹുല്‍ഗാന്ധിയുടെ ഭാഗത്ത് നിന്നാണെന്നാണ് വിവരം. ആദ്യഘട്ടത്തില്‍ സമവായം എത്താന്‍ കഴയാതെ വന്നതോടെ രാത്രി പത്തുമണിക്ക് ശേഷവും നീണ്ട രണ്ടു ഘട്ടമായിട്ടായിരുന്നു യോഗം. തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ രാഹുല്‍ഗാന്ധിയും കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഘട്ടത്തില്‍ നിങ്ങള്‍ പുറത്തുപോയി തീരുമാനമായി വരു എന്ന് പോലും രാഹുല്‍ഗാന്ധിക്ക് പറയേണ്ടി വന്നതായിട്ടാണ് വിവരം. അതുപോലെ തന്നെയായിരുന്നു അവസാന നിമിഷം വരെ കെ. സുധാകരന്‍ കടുംപിടുത്തം തുടര്‍ന്ന കണ്ണൂരിന്റെയും അടൂര്‍പ്രകാശ് ചോദിച്ച കോന്നി സീറ്റുകളിലും തര്‍ക്കമുണ്ടായി.

കൊച്ചിയില്‍ 14 സീറ്റുകളാണ് ഉള്ളത്. കൊച്ചിയില്‍ മുഹമ്മദ് ഷിയാസ് തന്നെ മത്സരിക്കും. ദീപ്തി മേരി വര്‍ഗ്ഗീസും മുഹമ്മദ് ഷിയാസിന്റെയും പേരുകള്‍ ഇവിടെ ഒരുമിച്ച് ഉയര്‍ന്നു വന്നിരുന്നു. ദീപ്തി മേരി വര്‍ഗ്ഗീസ് പോസ്റ്ററും ഫ്‌ളക്‌സും വരെ അടിച്ചിരുന്നു. നേരത്തേ ദീപ്തിയെ കൊച്ചി മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലൂം ഒഴിവാക്കിയിരുന്നു. തൃപ്പൂണിത്തുറയില്‍ ദീപക് ജോയ് യാണ് മത്സരിക്കുക. വൈപ്പിനില്‍ ടോണി ചെമ്മണിയും മത്സരിക്കും. പെരുമ്പാവൂരില്‍ മനോജ് മൂത്തേടത്തിന് അനുകൂലമായിട്ടാണ് നീക്കം. ഉല്ലാസ് തോമസിന്റെയും പേരുകളുണ്ട്.

എല്‍ദോസിന്റെ കാര്യത്തില്‍ തീരുമാനത്തില്‍ മാറ്റമില്ലെന്നാണ് സൂചന. കണ്ണൂരില്‍ ടി.ഒ മോഹന്‍ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ കോന്നിയില്‍ സതീഷ് കൊച്ചുപറമ്പിലിനെയാണ് പരിഗണിക്കുന്നതെന്നാണ് വിവരം. നേരത്തേ കെ. സുധാകരന്‍ ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ കണ്ണൂരും കോന്നിയും സീറ്റുകള്‍ കോണ്‍ഗ്രസ് ഒഴിച്ചിട്ടിരിക്കുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW