-->
തിരുവനന്തപുരം: പ്രചാരണത്തില്‍ ഒരുപടി മുന്നിലെത്താന്‍ കഴിഞ്ഞെങ്കിലും മണ്ഡലങ്ങളിലെ അടിയൊഴുക്കുകളില്‍ കൃത്യമായ കണ്ണുവേണമെന്ന് കീഴ്ഘടകങ്ങളോട് നിര്‍ദേശിച്ച് സി.പി.എം സംസ്ഥാന നേതൃത്വം.
പ്രചാരണത്തിന്റെ ആവേശത്തില്‍ ഒരുതരത്തിലുള്ള നാവുപിഴയും ഉണ്ടാകാന്‍ പാടില്ല. മറ്റുള്ളവരെ വിമര്‍ശിക്കുന്നതിനെക്കാളേറെ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു മുന്നോട്ടുപോകാനാണ് ബ്രാഞ്ചുമുതല്‍ ജില്ലാ കമ്മിറ്റികള്‍ക്ക് വരെ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി യു.ഡി.എഫിനുള്ളില്‍ തമ്മിലടി രൂക്ഷമാണെങ്കിലും അവരെ ലഘുവായി പരിഗണിക്കരുത്. പരമാവധി വോട്ടര്‍മാരെ നേരിട്ടുകണ്ട് വോട്ടു ഉറപ്പിക്കണം. പ്രതിഷേധിച്ചു പാര്‍ട്ടിവിട്ടവര്‍ക്കെതിരേ അനാവശ്യ വിമര്‍ശനങ്ങള്‍ പാടില്ല. അവരുമായി
ബന്ധപ്പെട്ട കാര്യങ്ങള്‍ ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തില്‍ വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ട് അവരെ പ്രകോപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യുന്ന ഒരു പ്രവര്‍ത്തിയും പാടില്ല.
മണ്ഡലങ്ങളിലെ അടിയൊഴുക്കുകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ബൂത്തുകളുടെ ചുമതല വഹിക്കുന്നവരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ ബി.ജെ.പി ബാന്ധവം എന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അക്കാര്യത്തില്‍ വലിയ ശ്രദ്ധചെലുത്തണം. ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പിലും ഇത്തരം അവിശുദ്ധ കൂട്ടുകെട്ട് തിരിച്ചടിയുണ്ടാക്കി. നിയമസഭയിലും അത് ആവര്‍ത്തിക്കില്ലെന്ന് കരുതാനാവില്ല.
ബി.ജെ.പി എ ഗ്രേഡ് മണ്ഡലങ്ങള്‍ എന്ന് തീരുമാനിച്ചിട്ടുള്ളിടങ്ങളില്‍ കാര്യമായ ശ്രദ്ധചെലുത്തണം. അവിടങ്ങളിലെ യു.ഡി.എഫിന്റെ സ്ഥാനാര്‍ഥികളെക്കൂടി പരിശോധിച്ചുകൊണ്ടുവേണം മുന്നോട്ടുപോകാന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊക്കെ നേതാക്കളുടെ പ്രസ്താവനകളും തിരിച്ചടിക്ക് കാരണമായിട്ടുണ്ട്. എന്ത് പ്രതികരണം നടത്തുമ്പോഴും ശ്രദ്ധയോടെ മാത്രമേ പാടുള്ളു.
വിവാദങ്ങള്‍ക്ക് പിന്നാലെ പോകാതെ വികസനം മാത്രം പറയുക. 2011-16 കാലത്തേയും 2016--2026 കാലത്തേയും താരതമ്യം നടത്തികൊണ്ടുള്ള പ്രചാരണ തന്ത്രമായിരിക്കണം സ്വീകരിക്കേണ്ടത്. ഘടകകക്ഷികളുമായി ഒരുതരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പോകാതെ യോജിച്ച് മുന്നോട്ടുനീങ്ങണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സംസ്ഥാനവ്യാപകമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
എം.എ. ബേബി ഉള്‍പ്പെടെയുള്ള കേന്ദ്രനേതാക്കള്‍ക്കൊപ്പം കമല്‍ഹാസനെപ്പോലുള്ള സെലിബ്രിറ്റികളേയും പ്രചാരണത്തിന് രംഗത്തിറക്കാന്‍ സി.പി.എമ്മിനുള്ളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നാമനിര്‍ദേശപത്രികാ സമര്‍പ്പണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ മുഖ്യമന്ത്രിയുടെ സംസ്ഥാന പരിപാടി ആരംഭിക്കുന്ന തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നതും.