-->
ബോളിവുഡ് ഇതിഹാസ താരം ധര്‍മേന്ദ്ര നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ്. അഞ്ച് ദശകത്തിലേറെ നീണ്ടുനിൽക്കുന്ന അഭിനയ ജീവിതത്തില്‍, ഷോലെ, സെംപ്രാജ്, ചുപ്കെ ചുപ്കെ, പ്രതീക്ഷ തുടങ്ങി ഒട്ടനവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ താരം തന്റെ അഭിനയമികവ് കാഴ്ചവച്ചിട്ടുണ്ട്.
രാഷ്ട്രീയത്തിലും സജീവമായ താരം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയിലാണ്. ദീർഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്ന താരത്തിന് ഗുരുതരമായ അസുഖങ്ങളൊന്നുമില്ലെന്നാണ് കുടുംബം പങ്കുവച്ചത്. എന്നാല്‍ ഇന്നു രാവിലെ താരം അന്തരിച്ചുവെന്ന വാര്‍ത്ത പ്രചരിക്കുന്നുണ്ട്.
ഇപ്പോഴിതാ അച്ഛന്‍ സുഖമായിരിക്കുന്നുവെന്നും തെറ്റായ വാര്‍ത്തകള്‍ പറയുന്നത് ഒഴിവാക്കണമെന്നും കുറിക്കുകയാണ് ധര്‍മ്മേന്ദ്രയുടെ മകള്‍ ഇഷ ഡിയോള്‍. അസുഖ ബാധിതനായി ആശുപത്രിയില്‍ കഴിയുന്ന പിതാവിന്റെ നില മെച്ചപ്പെടുകയാണെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നുംകുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് അഭ്യര്‍ഥിച്ച മകള്‍ ഇഷ, പിതാവിന്റെ മടങ്ങിവരവിനു വേണ്ടി പ്രാര്‍ഥിക്കുന്ന എല്ലാവരോടും നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
‘‘മാധ്യമങ്ങൾ അതിവേഗത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. എന്റെ പിതാവ് സുഖമായിരിക്കുന്നു, ചികിത്സയിലാണ്... അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. ഞങ്ങളുടെ കുടുംബത്തിന് സ്വകാര്യത നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. പിതാവിൻ്റെ വേഗത്തിലുള്ള രോഗശാന്തിക്കായി പ്രാർത്ഥിക്കുന്ന എല്ലാവർക്കും നന്ദി.... ഇഷ ഡിയോൾ...’’ എന്നാണ് ഇഷ കുറിച്ചത്. മാധ്യമങ്ങളില്‍ പ്രചരിച്ച വാർത്തകള്‍ അടിസ്ഥാനരഹിതമാണെന്നതു കൊണ്ടാണ് തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതിനോട് പ്രതികരിച്ചുകൊണ്ട് ഇഷ ഡിയോള്‍ രംഗത്തെത്തിയത്. നേരത്തെ വാർത്താ റിപ്പോർട്ടില്‍ ധർമേന്ദ്ര അന്തരിച്ചു എന്ന തെറ്റായ വിവരം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ ആരോഗ്യനില സംബന്ധിച്ച് ആരാധകർക്കിടയില്‍ ആശങ്ക പടർന്നത്.
ബോളിവുഡിലെ ‘ഹീ-മാന്‍’ എന്നറിയപ്പെടുന്ന ധർമ്മേന്ദ്രയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഒരു മുന്‍കരുതൽ നടപടിയുടെ ഭാഗമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് സൂചന. എന്നാല്‍ അതിനിടെയാണ് ഈ വ്യാജ വാർത്തകള്‍ വന്നത്. താരം അന്തരിച്ചുവെന്ന തെറ്റായ അഭ്യൂഹങ്ങൾക്കിടയിലാണ് സുഖം പ്രാപിച്ചുവരുന്നുവെന്ന് മകള്‍ ഇഷ ഡിയോള്‍ സ്ഥിരീകരിച്ചത്. ഇഷ ഡിയോളിന്റെ ഈ പ്രതികരണത്തിലൂടെ വ്യാജവാർത്തകൾക്ക് വിരാമമിടാനും ആരാധകരുടെ ആശങ്കയകറ്റാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാര്യ ഹേമ മാലിനി, മകൻ സണ്ണി ഡിയോൾ, മറ്റ് കുടുംബാംഗങ്ങൾ എന്നിവർ താരത്തെ കാണാനെത്തിയിരുന്നു. നടന്മാരായ സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ എന്നിവരും ഇതിഹാസ നടനെ സന്ദർശിച്ചിരുന്നു.
ധർമേന്ദ്രയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഒരാഴ്ചയായി. ഇവിടെ ചികിത്സയിലിരിക്കെ മരണമെന്നായിരുന്നു റിപ്പോർട്ടുകള്‍. ഒക്ടോബർ 31 ന് പതിവ് പരിശോധനയ്ക്കായാണ് ധർമ്മേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതായി റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് വാർത്ത വന്നിരുന്നു. ധർമേന്ദ്രയുടെ വേഗത്തിലുള്ള രോഗശാന്തിക്കായി സിനിമാലോകവും ആരാധകരും പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്. ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് ഇഷയുടെ വ്യക്തതയാർന്ന പ്രതികരണം പുറത്തുവന്നത്.