-->
തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ ആന്റണിരാജുവിന് തിരിച്ചടി. തൊണ്ടിമുതല്‍ കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ നെടുമങ്ങാട് കോടതിയുടെ ശിക്ഷ മരവിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ശിക്ഷ തല്‍ക്കാലം മരവിപ്പിച്ച് വാദം പിന്നത്തേക്ക് വെക്കണമെന്ന വാദം ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളി.
ശിക്ഷ മരവിപ്പിച്ച് കിട്ടിയാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയുമായിരുന്നു. ഈ സാഹചര്യം മുന്‍നിര്‍ത്തി പകരക്കാരെ തീരുമാനിക്കാതെ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ ആന്റണി രാജുവിനായി സീറ്റ് ഒഴിച്ചിട്ടിരിക്കുകയായിരുന്നു ഇടതുമുന്നണി. ഇതോടെ ആന്റണിരാജുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന് ഉറപ്പായി. ജനാധിപത്യ കേരളാകോണ്‍ഗ്രസിന് ഒപ്പമായിരുന്നു ആന്റണി രാജു നേരത്തേ മത്സരിച്ചത്. ഇതോടെ ഇടതുമുന്നണിക്ക് വേണ്ടി തിരുവനന്തപുരം സെന്‍ട്രലില്‍ ആരു മത്സരിക്കുമെന്ന ചര്‍ച്ചകളും സജീവമായി.
ആന്റണിരാജുവോ അദ്ദേഹം വിശ്വാസത്തിലെടുക്കുന്ന ഒരാളോ മത്സരിക്കുമെന്നാണ് നേരട്ടേ ഇടതുമുന്നണി തീരുമാനിച്ചിരുന്നത്. ജസ്റ്റീസ് സി. ജയചന്ദ്രനായിരുന്നു കേസ് പരിഗണിച്ചത്. ജനപ്രാതിനിധ്യ നിയമപ്രകാരം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള അയോഗ്യത ഒഴിവാക്കാന്‍ കോടതിവിധി ആന്റണിരാജുവിന് നിര്‍ണായകമായിരുന്നു. 1990-ലെ മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചുവെന്നതാണ് അദ്ദേഹത്തിനെതിരായ കേസ്. ഈ കേസില്‍ നേരത്തേ നെടുമങ്ങാട് കോടതി ശിക്ഷിച്ചിരുന്നു.
1990ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ മയക്കുമരുന്നുമായി പിടിയിലായ ഓസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സെര്‍വലിയെ രക്ഷിക്കാന്‍ വേണ്ടി, കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ തിരിമറി നടത്തി എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കുറ്റം. അന്ന് അദ്ദേഹം പ്രതിയുടെ അഭിഭാഷകനായിരുന്നു. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു ജില്ലാ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും 2026 ഫെബ്രുവരി 17-ന് കോടതി ആ അപ്പീല്‍ തള്ളി.