-->
മഞ്ചേശ്വരം: ഇഫ്താര്‍വിരുന്നിന്റെ മറവില്‍ രാഷ്ട്രീയകൂട്ടുകെട്ടെന്ന ആരോപണവുമായി ബിജെപി മൂന്‍ സംസ്ഥാന അദ്ധ്യക്ഷനും മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കെ. സുരേന്ദ്രന്‍. നടക്കുന്നത് ഇഫ്താര്‍ വിരുന്നല്ലെന്നും എല്‍ഡിഎഫും യുഡിഎഫും എസ്ഡിപിഐയുമായി ഉണ്ടാക്കുന്ന പരസ്യധാരണകളാണെന്നും മഞ്ചേശ്വരത്ത് പരസ്യമായ രാഷ്ട്രീയ കൂട്ടുകെട്ടാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
ഇഫ്താര്‍ വിരുന്നു പോലെയുള്ള പരിപാടികളില്‍ പരസ്യമായി പങ്കെടുക്കുന്നതില്‍ എല്‍ഡിഎഫിനും യുഡിഎഫിനും യാതൊരു മടിയുമില്ലെന്നും എന്നാല്‍ എന്നും ചക്ക വീണ് മുയല്‍ ചാകുമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മുന്നണികള്‍ പാര്‍ട്ടിയില്‍ നിന്നും ആളുകളുടെ ചോര്‍ച്ച തടയാന്‍ പാടുപെടുന്ന സ്ഥിതിയിലാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
യുഡിഎഫിലും എല്‍ഡിഎഫിലും ഒരുപോലെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണ്. ജി. സുധാകരന് കൈകൊടുക്കുമ്പോള്‍ തന്നെ കെ. സുധാകരന്‍ പാര്‍ട്ടി വിടുമോ എന്ന അങ്കലാപ്പിലാണ് കോണ്‍ഗ്രസ് എന്നും പരിഹസിച്ചു. സ്ഥാനാര്‍ത്ഥികളെ ആദ്യം പ്രഖ്യാപിക്കുന്നതോ പ്രഖ്യാപിക്കാത്തതോ ഒന്നും വിജയത്തെ ബാധിക്കില്ലെന്നും പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ ആദ്യം പ്രഖ്യാപിച്ചത്് എല്‍ഡിഎഫ് ആയിരുന്നു. എന്നിട്ടും പരാജയപ്പെട്ടത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.