-->
കണ്ണൂര്‍: ഇടഞ്ഞു നില്‍ക്കുന്ന കെ.സുധാകരനെ മയപ്പെടുത്താന്‍ കഴിയാവുന്ന എല്ലാ തന്ത്രങ്ങളും പയറ്റുന്നതിനിടയില്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ കെ.സുധാകരന് അവസരം നല്‍കാതെ കോണ്‍ഗ്രസ്. എം.പി. മാര്‍ മത്സരിക്കേണ്ടതില്ലെന്ന സംസ്ഥാനകമ്മറ്റിയുടെ നിലപാടിന് പച്ചക്കൊടി കാട്ടി ഹൈക്കമാന്റും അംഗീകാരം നല്‍കിയതോടെയാണ് സുധാകരന്റെ മോഹത്തിന് തട വീണിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തുവിടാനിരിക്കെ സുധാകരനെ അനുനയിപ്പിക്കാന്‍ രാഹുല്‍ഗാന്ധിയുടെ ഇടപെടലുണ്ടായേക്കും. ഇന്ന് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തും. അതേസമയം മത്സരിക്കാന്‍ ടിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് സുധാകരനും അടൂര്‍ പ്രകാശും. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം രാവിലെ ചേരുന്നുണ്ട്. എം.പി.മാരുടെ പട്ടികയില്‍ സുധാകരന് പുറമേ മറ്റുള്ള ചില കോണ്‍ഗ്രസ് എം.പി.മാര്‍ക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മോഹമുണ്ട്. അതു കൂടി പരിഗണിക്കപ്പെടുമെന്ന ആശങ്കയാണ് നേതൃത്വത്തിനുള്ളത്.
സംസ്ഥാനത്ത് മത്സരിക്കാന്‍ സീറ്റ് കിട്ടണമെന്ന കര്‍ശനമായ നിലപാടിലാണ് കെ. സുധാകരന്‍ നില്‍ക്കുന്നത്. അതേസമയം തന്നെ കൊടിക്കുന്നില്‍ സുരേഷ്, ഷാഫി പറമ്പില്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കും നിയമസഭയിലേക്ക് മത്സരിക്കാന്‍ താല്‍പ്പര്യമുണ്ട്. സുധാകരന് വിട്ടുവീഴ്ച ചെയ്താല്‍ ഇവരും സമ്മര്‍ദ്ദവുമായി മൂമ്പോട്ടു വരുമെന്ന ആശങ്ക കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിനിടയില്‍ ശക്തമാണ്. അതുകൊണ്ടു തന്നെ തല്‍ക്കാലം കെ.സുധാകരന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ട സാഹചര്യമില്ല എന്ന നിലപാടിലാണ് സംസ്ഥാനനേതൃത്വം.