-->
സംവിധായകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാര്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി അഖില്‍ മാരാര്‍ മത്സരിക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം.
''ഒരുപാട് മനുഷ്യരുടെ വേദന കാണുമ്പോള്‍ ഒന്നും അവര്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയാതെ നില്‍ക്കേണ്ടി വന്ന അവസ്ഥ...ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ നീ ആരാടാ എന്ന ദാര്‍ഷ്ട്യം നിറഞ്ഞ മറുപടികള്‍.. നിശബ്ദരാക്കപ്പെട്ട ഒരു പറ്റം ജനതക്ക് വേണ്ടി സംസാരിച്ചപ്പോള്‍ ലഭിച്ച ആത്മ സംതൃപ്തി..ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഉണ്ടായ നിരവധി കാരണങ്ങള്‍...എന്നാല്‍ നാടിന്റെ നന്മയെ കരുതി ചെയ്യുന്ന കാര്യങ്ങള്‍ക്ക് അര്‍ഹമായ പിന്തുണ നല്‍കാന്‍ ഞാന്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയം അനുവദിച്ചില്ല..
പകരം അവര്‍ എന്റെ പ്രവര്‍ത്തിയെ ആക്ഷേപിച്ചു..നാടിന്റെ നന്മക്കായി ചെയ്ത കാര്യങ്ങള്‍ക്ക് പരിഹാസവും ആക്ഷേപവും മാത്രം പകരം കിട്ടി.. ഞാന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുമോ എന്ന ഭയമായിരുന്നു അന്ന് പലര്‍ക്കും..എന്തായാലും കൊട്ടാരക്കര നാട്ടില്‍ നിന്ന് അഖില്‍ കോട്ടാത്തല രക്ഷപെട്ടില്ല.. ഒന്നും ചെയ്യാന്‍ കഴിയാതെ എല്ലാം നഷ്ട്ടപെട്ട് മരണം മാത്രം മുന്നില്‍ കണ്ട് നില്‍ക്കുന്ന സമയം ഈശ്വരന്‍ എത്തിച്ചത് തൃക്കാക്കരയുടെ മണ്ണിലാണ്...പിന്നീട് ഈ നാട് എന്നെ ചേര്‍ത്ത് പിടിച്ചു.. എല്ലാ സൗഭാഗ്യങ്ങളും നല്‍കി.. ഒന്നുമില്ലാതെ ഒന്നുമാവാതെ പോയവന് ആഗ്രഹിച്ചതില്‍ കൂടുതല്‍ നല്‍കി..ഇനി എന്റെ നിയോഗം ഈ മണ്ണിന് വേണ്ടി ഇവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടി ജീവിക്കുക എന്നതാണ്..തൃക്കാക്കരയില്‍ നിന്നും എന്റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കും.. ഒപ്പം ഉണ്ടാവണം.. അനുഗ്രഹിക്കണം..''- അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.