-->
വാഷിങ്‌ടണ്‍: യു.എസ്-ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്‌തബ ഖമേനിക്കു പരുക്കേല്‍ക്കുകയോ അംഗഭംഗം സംഭവിക്കുകയോ ചെയ്‌തിരിക്കാമെന്നു യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്.
വ്യോമാക്രമണത്തില്‍ മൊജ്‌തബയ്‌ക്ക് ഗുരുതരമായി പരുക്കേറ്റെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് ഹെഗ്‌സെത്തിന്റെ പരാമര്‍ശം. മൊജ്‌തബ കോമയിലാണെന്നും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന് ഒരു കാല്‍ നഷ്‌ടപ്പെട്ടു എന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
പരമോന്നത നേതാവെന്ന നിലയില്‍ മൊജ്‌തബ ഖമേനിയുടെ ആദ്യ പ്രസംഗത്തില്‍ ശബ്‌ദമോ വീഡിയോയോ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് ഹെഗ്‌സെത്ത് ചോദിച്ചു. മൊജ്‌തബയുടെ പേരില്‍ ഒരു പ്രസ്‌താവന വന്നു. ദുര്‍ബലമായ പ്രസ്‌താവന. അതില്‍ ശബ്‌ദമോ വീഡിയോയോ ഉണ്ടായിരുന്നില്ല- ഹെഗ്‌സെത്ത് പറഞ്ഞു.
''ഇറാനില്‍ ധാരാളം ക്യാമറകളും വോയ്‌സ് റെക്കോര്‍ഡറുകളുമുണ്ട്. എന്തിനാണ് രേഖാമൂലമുള്ള പ്രസ്‌താവന? അദ്ദേഹത്തിന്റെ പിതാവ് മരിച്ചു. അദ്ദേഹം ഭയപ്പെടുന്നു. അല്ലെങ്കില്‍, പരുക്കേറ്റ് ഒളിവിലാണ്. ഇത് അവര്‍ക്കൊരു വിഷമസന്ധിയാണ്''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്റെ നേതൃത്വം ആരാണ് വഹിക്കുന്നതെന്ന് ഇപ്പോള്‍ അവര്‍ക്കു പോലും അറിയില്ലെന്ന് ഹെഗ്‌സെത്ത് പരിഹസിച്ചു.മൊജ്‌തബയ്‌ക്ക് ഒരു കാല്‍ നഷ്‌ടമായെന്നും വയറ്റില്‍ ഗുരുതരമായി പരുക്കേല്‍ക്കുകയോ കരളിന് ക്ഷതം സംഭവിക്കുകയോ ചെയ്‌തിട്ടുണ്ടാകാമെന്ന് 'ദ സണ്‍' ആണ് നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്.ടെഹ്‌റാനിലെ സിനാ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ കനത്ത സുരക്ഷാവലയത്തില്‍ ചികിത്സയിലാണെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍, അദ്ദേഹത്തിന്റെ നില അതീ ഗുരുതരമാണെന്നും പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഒരുകാലോ അല്ലെങ്കില്‍ ഇരുകാലുകളുമോ മുറിച്ചുമാറ്റിയിട്ടുണ്ടെന്നും കരളിനോ വയറിനോ ക്ഷതമുണ്ടായിട്ടുണ്ടെന്നും നിലവില്‍ കോമയിലാണെന്നും രഹസ്യവൃത്തങ്ങളെ ഉദ്ധരിച്ച് സണ്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.ഇറാന്റെ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വ്യാഴാഴ്‌ചയാണ് മൊജ്‌തബയുടെ ആദ്യ പ്രതികരണം പുറത്തെത്തിയത്. രക്‌തസാക്ഷികളുടെ ചോരയ്‌ക്ക് രാജ്യം പകരംവീട്ടുമെന്ന് സന്ദേശത്തില്‍ പറഞ്ഞിരുന്നു.
അതേസമയം, യുഎസ്-ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇറാന്റെ സൈനിക ശേഷി ദുര്‍ബലമായെന്ന് സെക്രട്ടറി ഹെഗ്‌സെത്ത് അവകാശപ്പെട്ടു. പതിനയ്യായിരത്തോളം ലക്ഷ്യസ്‌ഥാനങ്ങളാണ് യു.എസും ഇസ്രയേലും ആക്രമിച്ചത്. ഇറാന്റെ മിസൈല്‍ ശേഷി 90% കുറഞ്ഞു. അതിന്റെ നിരാശയാണ് ഹോര്‍മുസ് കടലിടുക്കില്‍ അവര്‍ തീര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.