-->
മസ്‌കറ്റ്/ബാഗ്‌ദാദ്: പശ്‌ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി ഒമാനിലും ഇറാഖിലുമുണ്ടായ ആക്രമണങ്ങളില്‍ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കേറ്റു. ഒമാനില്‍ രണ്ടു പേരും ഇറാഖില്‍ ഒരാളുമാണ് മരിച്ചത്.
ഒമാന്‍ തലസ്‌ഥാനമായ മസ്‌കറ്റില്‍നിന്ന് 200 കിലോമീറ്റര്‍ അകലെ സോഹാര്‍ നഗരത്തിലെ അല്‍ അവാഹി വ്യാവസായിക മേഖലയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടത്. 10 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ അഞ്ച് പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇറാഖിലെ ബസ്രയ്‌ക്കു സമീപം യു.എസ്. ഓയില്‍ ടാങ്കറിനു നേരെയുണ്ടായ അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ കൊല്ലപ്പെട്ടു.
മുംബൈയില്‍ നിന്നുള്ള ദേവാനന്ദന്‍ പ്രസാദ് സിങ് (50) ആണ് പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. യു.എസ് ഉടമസ്‌ഥതയിലുള്ള ക്രൂഡ് ഓയില്‍ ടാങ്കര്‍, സഫീസിയ വിഷ്‌ണുവിലെ അഡീഷണല്‍ ചീഫ് എന്‍ജിനീയര്‍ (സൂപ്രണ്ട്) ആയിരുന്നു ദേവാനന്ദന്‍. തീപിടിച്ച ടാങ്കിറിലുണ്ടായിരുന്ന 15 ഇന്ത്യന്‍ ജീവനക്കാരെ രക്ഷപ്പെടുത്തി ബസ്ര നഗരത്തിലെ ഹോട്ടലിലേക്ക് മാറ്റി. ഇവരെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. 2019-ല്‍ ബിഹാറില്‍നിന്നു മുംബൈയിലേക്ക് കുടുംബത്തോടൊപ്പം താമസം മാറിയതാണ് ദേവാനന്ദന്‍ സിങ്. യു.എ.ഇ. ഉള്‍പ്പെടെ നിരവധി പശ്‌ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളില്‍ ഇതുവരെ 36 ഇന്ത്യക്കാര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഫെബ്രുവരി 28 മുതല്‍ പശ്‌ചിമേഷ്യയില്‍നിന്ന് 1,50,000 ഇന്ത്യന്‍ പൗരന്മാര്‍ തിരിച്ചെത്തി. ഖത്തറില്‍നിന്നു മടങ്ങിയ 2,900 ഇന്ത്യക്കാരും ബഹ്‌റൈനില്‍നിന്നു മടങ്ങിയ 1,000 ഇന്ത്യക്കാരും ഇതിലുള്‍പ്പെടുന്നു. എയര്‍ ഇന്ത്യ എക്‌സ്‌പ്രസും ഇന്‍ഡിഗോയും വ്യാഴാഴ്‌ച സൗദി അറേബ്യയിലെ റിയാദില്‍നിന്നു വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു.