Saturday, March 14, 2026 Last Updated 4 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 10.44 AM

ഇറാന്‍ കീഴടങ്ങലിന്റെ വക്കിലെന്നു ട്രംപ്‌; പ്രതികാരം തുടരുമെന്ന്‌ മൊജ്‌തബ

വാഷിങ്‌ടണ്‍/ടെഹ്‌റാന്‍: പശ്‌ചിമേഷ്യന്‍ യുദ്ധത്തില്‍ ഇറാന്‍ കീഴടങ്ങലിന്റെ വക്കിലാണെന്ന്‌ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. ജി7 രാഷ്‌ട്രത്തലവന്‍മാരുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ്‌ ട്രംപ്‌ ഈ അവകാശവാദം നടത്തിയത്‌. എന്നാല്‍, രക്‌തസാക്ഷികളുടെ ചോരയ്‌ക്കു പ്രതികാരം ചെയ്യുന്നതില്‍നിന്നു പിന്മാറില്ലെന്ന്‌ ഇറാന്റെ പുതിയ പരമോന്നതനേതാവ്‌ ആയത്തുള്ള മൊജ്‌തബ ഖമനേയി 24 മണിക്കൂറിനകം തിരിച്ചടിച്ചു.
നമ്മളെയെല്ലാം ഭീഷണിപ്പെടുത്തിയ ഒരു അര്‍ബുദം മുറിച്ചുമാറ്റിയെന്നായിരുന്നു ജി7 നേതാക്കളുടെ യോഗത്തില്‍ ഇറാനെതിരായ 'ഓപ്പറേഷന്‍ എപിക്‌ ഫ്യൂറി'യെപ്പറ്റി ട്രംപിന്റെ വിശദീകരണം. കീഴടങ്ങല്‍ പ്രഖ്യാപിക്കാന്‍ ഇറാന്‌ കഴിയില്ലെന്നും നേതാവാരെന്ന്‌ അവര്‍ക്കറിയില്ലെന്നും ട്രംപ്‌ പരിഹസിച്ചു. യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്നും ഹോര്‍മുസ്‌ കടലിടുക്കിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ജി7 നേതാക്കള്‍ ട്രംപിനോട്‌ ആവശ്യപ്പെട്ടതായാണ്‌ റിപ്പോര്‍ട്ടുകള്‍. സ്‌ഥിതിഗതികള്‍ മെച്ചപ്പെട്ടുവരുകയാണെന്നും ചരക്കുകപ്പല്‍ ഗതാഗതം ഉടന്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നും ട്രംപ്‌ മറുപടി നല്‍കി.
അതേസമയം, കീഴടങ്ങലിന്റെ ലാഞ്‌ഛനപോലും നല്‍കാതെ ഇറാന്‍ ആക്രമണങ്ങള്‍ തുടരുകയാണ്‌. ഇറാഖിനു സമീപം കടലില്‍ സ്‌ഫോടകവസ്‌തുക്കള്‍ നിറച്ച ഇറാനിയന്‍ ബോട്ടുകള്‍ രണ്ട്‌ എണ്ണക്കപ്പലുകളെ ആക്രമിച്ചു. കപ്പലുകളിലുണ്ടായ അഗ്നിബാധയില്‍ ഒരു ജീവനക്കാരന്‍ കൊല്ലപ്പെട്ടു. ഇറാന്റെ പരമോന്നതനേതാവായി ചുമതലയേറ്റശേഷം ആദ്യമായി രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യവേയാണ്‌ യു.എസ്‌-ഇസ്രയേല്‍ ആക്രമണത്തിനെതിരായ പ്രതികാരം തുടരുമെന്ന്‌ ആയത്തുള്ള മൊജ്‌തബ ഖമനേയി പ്രഖ്യാപിച്ചത്‌. ശത്രു കൊലപ്പെടുത്തിയ ഓരോ പൗരനും പ്രതികാരത്തിനു മതിയായ കാരണമാണ്‌. ഹോര്‍മുസ്‌ കടലിടുക്ക്‌ അടഞ്ഞുതന്നെ കിടക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
മൊജ്‌തബ ഖമനേയി നിസാരനാണെന്നു പരിഹസിച്ച ട്രംപാകട്ടെ, അദ്ദേഹം അമേരിക്കയ്‌ക്കു സ്വീകാര്യനല്ലെന്നും പ്രഖ്യാപിച്ചു.
അലി ഖമനേയിയുടെ നയങ്ങള്‍ പിന്തുടരുന്ന ഒരാളെ ഇറാന്‍ നേതാവാക്കിയാല്‍ അഞ്ചുവര്‍ഷത്തിനകം വീണ്ടുമൊരു യുദ്ധത്തിന്‌ അമേരിക്ക നിര്‍ബന്ധിതമാകും. മൊജ്‌തബ ഖമനേയി തെരഞ്ഞെടുക്കപ്പെട്ടതില്‍ താന്‍ സന്തുഷ്‌ടനല്ലെന്നും അദ്ദേഹത്തിനു സമാധാനത്തോടെ ജീവിക്കാന്‍ കഴിയുമെന്നു കരുതുന്നില്ലെന്നും ട്രംപ്‌ പറഞ്ഞു. വെനസ്വേലയിലേതുപോലെ, ഇറാന്റെ പുതിയ നേതാവാരാകണമെന്നു യു.എസ്‌. തീരുമാനിക്കുമെന്നായിരുന്നു മൊജ്‌തബയുടെ സ്‌ഥാനാരോഹണത്തിനു മുമ്പ്‌ ട്രംപിന്റെ അവകാശവാദം.

Ads by Google
Saturday 14 Mar 2026 10.44 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW