-->
എത്ര കണ്ടാലും മതിവരാത്ത എവര്‍ഗ്രീന്‍ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ സംവിധായകനാണ് പ്രിയദർശൻ. മലയാളത്തില്‍ ഹിറ്റ് ചിത്രങ്ങള്‍ നല്‍കുന്ന സമയത്തു തന്നെ ഹിന്ദിയിലും തമിഴിലും തന്റേതായ ഇടം ഉറപ്പിക്കാന്‍ പ്രിയദര്‍ശന് കഴിഞ്ഞു. ബോളിവുഡ് ഹിറ്റ് ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താല്‍ പ്രിയദര്‍ശന്റെ പേര് അന്നുമിന്നും മുന്നില്‍ തന്നെയാണ്.
മലയാള സിനിമയിലെ എക്കാലത്തെയും ഏറ്റവും വലിയ കൂട്ടുകെട്ടുകളില്‍ ഒന്നാണ് സംവിധായകന്‍ പ്രിയദര്‍ശനും നടന്‍ മോഹന്‍ലാലും. ബോളിവുഡില്‍ പ്രിയദര്‍ശന്റെ പേരിനൊപ്പം ചേര്‍ത്തു വായിക്കാവുന്ന പേര് അക്ഷയ് കുമാറിന്റേതാണ്. പ്രിയന്‍- മോഹന്‍ലാല്‍ കോമ്പോയിലെത്തുന്ന സിനിമകള്‍ എന്നും ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റടിച്ചിട്ടുണ്ട്. അക്ഷയ് കുമാറിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളും ആരാധകരില്‍ വലിയ ആവേശവും പ്രതീക്ഷയും നിറയ്ക്കാറുണ്ട്.
ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ചും അക്ഷയ് കുമാറിനെക്കുറിച്ചും പ്രിയദര്‍ശന്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘‘എന്റെ കരിയറിൽ ഞാൻ എന്തുചെയ്യുന്നു എന്ന് ഒരിക്കലും ചോദിക്കാത്ത രണ്ടുപേരുണ്ട്. ആദ്യത്തെ ആൾ മോഹൻലാലാണ്, അദ്ദേഹത്തോടൊപ്പം ഞാൻ ഏകദേശം 47 സിനിമകൾ ചെയ്തിട്ടുണ്ട്. അടുത്തത് അക്ഷയ് കുമാറാണ്, ഏകദേശം 9 സിനിമകൾ അദ്ദേഹത്തോടൊപ്പം ചെയ്തിട്ടുണ്ട്. ഇവർ രണ്ടുപേരും സെറ്റിൽ വരുമ്പോൾ ‘ഞാൻ എന്താണ് ചെയ്യേണ്ടത്?’ എന്ന് മാത്രമാണ് എന്നോട് ചോദിക്കാറുള്ളത്. ഒരു നടൻ നിങ്ങളെ പൂർണ്ണമായി വിശ്വസിക്കുമ്പോൾ തിരിച്ച് മികച്ച ഫലം നൽകുക എന്നത് നിങ്ങളുടെ ഉത്തരവാദിത്തമായി മാറുന്നു. എന്നെ ചോദ്യം ചെയ്യാത്ത ആളുകൾക്കൊപ്പം ജോലി ചെയ്യുമ്പോഴാണ് എനിക്ക് കൂടുതൽ സമ്മർദ്ദം തോന്നാറുള്ളത്, കാരണം എന്റെ ഉത്തരവാദിത്തം അവിടെ വർദ്ധിക്കുന്നു. അക്ഷയ്‌ക്കൊപ്പം ജോലി ചെയ്യുമ്പോൾ എനിക്കുള്ള ഏക ടെൻഷനും ഇതുതന്നെയാണ്, മറ്റെല്ലാ കാര്യങ്ങളിലും ഞാൻ വളരെ കംഫർട്ടബിൾ ആണ്...’’പ്രിയദര്‍ശന്‍ പറയുന്നു.
തന്റെ പതിവ് സഹപ്രവർത്തകനും സൂപ്പർസ്റ്റാറുമായ മോഹൻലാലിനൊപ്പം തന്റെ നൂറാമത്തെ ചിത്രത്തിനായുള്ള തിരക്കിലാണ് പ്രിയദര്‍ശന്‍. ഒരുമിച്ച് എത്തി നിരവധി ചിത്രങ്ങളിലൂടെ തിയേറ്ററുകളില്‍ മാജിക് തീര്‍ത്ത ഈ കൂട്ടുകെട്ട് വീണ്ടുമെത്തുന്ന ആവേശത്തിലാണ് ആരാധകര്‍. തന്റെ ആദ്യനായകനന്റെ കൂടെ 100-ാമത്തെ സിനിമയും ചെയ്യുന്നുവെന്നാണ് ഈ സിനിമയെക്കുറിച്ച് പ്രിയദര്‍ശന്‍ പറഞ്ഞത്. ഇത് സംഗീതത്തെ അടിസ്ഥാനക്കിയുള്ള ഒരു സിനിമയാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.
ഹംഗാമ 2 ന്റെ അഞ്ച് വർഷങ്ങൾക്ക് ശേഷം, പ്രിയദർശൻ ഭൂത് ബംഗ്ല എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമയിലേക്ക് മടങ്ങുകയാണ്. ഹേരാ ഫേരി, ഭഗം ഭാഗ്, ഭൂൽ ഭുലയ്യ തുടങ്ങിയ വലിയ ഹിറ്റുകളിൽ ശേഷം അക്ഷയ് കുമാറുമായി ഈ ഹൊറർ കോമഡി ചിത്രത്തിലൂടെ പ്രിയദര്‍ശന്‍- അക്ഷയ് കോമ്പോ എത്തുകയാണ്.