-->
കെ. സുരേന്ദ്രന്‍ മത്സരിക്കുന്ന മഞ്ചേശ്വരത്ത് സി.പി.എമ്മും മുസ്ലിം ലീഗും ഒറ്റക്കെട്ടായി ഇപ്പോള്‍ നടപ്പാക്കിക്കഴിഞ്ഞ മുടിഞ്ഞ മതേതരത്വത്തെപ്പറ്റി ആരും ചര്‍ച്ച ചെയ്‌തു കാണുന്നില്ല. കേരളത്തില്‍ ബി.ജെ.പി. ജയിക്കാനിടയുള്ള സകല മണ്ഡലങ്ങളിലും ഈ മാതൃകയില്‍ കോണ്‍ഗ്രസ്-സി.പി.എം. സഖ്യം ഉണ്ടാകുമെന്നതില്‍ തര്‍ക്കവുമില്ല.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന യുവനേതാവ് ഷാനവാസ് പാദൂരിനെ മഞ്ചേശ്വരത്ത് ഇറക്കാന്‍ തീരുമാനിച്ചിരുന്ന സി.പി.എം. ഇവിടെ പൊടുന്നനെ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ആര്‍. ജയാനന്ദയെ നിര്‍ത്തിയാണ് ഒടുക്കത്തെ സെക്കുലറിസം സംരക്ഷിച്ചത്. ഹിന്ദു സ്‌ഥാനാര്‍ഥിയെ ഇറക്കി മനഃപൂര്‍വം ഹിന്ദു വോട്ടുകള്‍ പിളര്‍ത്തി മുസ്ലിം ലീഗ് സ്‌ഥാനാര്‍ത്ഥി എ.കെ.എം. അഷ്‌റഫിനെ ജയിപ്പിക്കാനുള്ള ക്വട്ടേഷനാണ് സി.പി.എം. ഏറ്റെടുത്തത്. ഷാനവാസ് ഇറങ്ങിയാല്‍ മുസ്ലിം വോട്ടുകള്‍ ഭിന്നിക്കുമെന്ന് ലീഗിന് വേണ്ടി ഇസ്ലാമിക മത നേതാക്കള്‍ സി.പി.എമ്മിനെ ബോധ്യപ്പെടുത്തി. ബി.ജെ.പിയെ തോല്‍പിക്കാന്‍ സി.പി.എം.-ലീഗ് കൂട്ടുകെട്ട് അങ്ങനെ നിലവില്‍ വന്നു.
ഷാനവാസിനെ ഇറക്കിയാല്‍ 20 കൊല്ലത്തിനു ശേഷം മഞ്ചേശ്വരം തിരിച്ചു പിടിക്കാമെന്ന് ഉറച്ച സി.പി.എം. നേതാക്കള്‍ കരുതിയിരുന്നു. ഷാനവാസിനെ നീക്കിയപ്പോള്‍ അതിനെതിരേ ക്ഷോഭിച്ച് ഡി.വൈ.എഫ്.ഐ. പാര്‍ട്ടിക്ക് കത്ത് കൊടുത്തു. എസ്.ഡി.പി.ഐയുടെ ഇഫ്‌താര്‍ സംഗമത്തില്‍ ഷാനവാസ് പങ്കെടുത്തു. ഷാനവാസ് സ്വതന്ത്രനായി നിന്നാല്‍ പിന്തുണയും എസ്.ഡി.പി.ഐ. വാഗ്‌ദാനം ചെയ്‌തു.
ഷാനവാസ് സി.പി.എം. സ്‌ഥാനാര്‍ഥി ആയാല്‍, സി.പി.എമ്മിലെ ഹിന്ദുക്കള്‍ സുരേന്ദ്രന് വോട്ട് ചെയ്യുമെന്ന് ആ പാര്‍ട്ടി കണ്ടു. യു.ഡി.എഫ്. മുസ്ലിം സ്‌ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ മുസ്ലിം വോട്ടുകള്‍ ഏകീകരിക്കാം. പക്ഷേ, അതിന് സി.പി.എം. ഹിന്ദു സ്‌ഥാനാര്‍ത്ഥിയെ നിര്‍ത്തിക്കൊടുക്കണം. ഈ ആവശ്യത്തിന് സി.പി.എം. വഴങ്ങി. ഇതൊക്കെ ചെയ്യുമ്പോഴാണ് തെരഞ്ഞെടുപ്പു കാലത്ത് ചില്ലറ കിട്ടുന്നത്.
സുരേന്ദ്രന്‍ ജയിക്കാന്‍
രണ്ടു തവണ സുരേന്ദ്രനെ എല്‍.ഡി.എഫ്-യു.ഡി.എഫ്. രഹസ്യ സഖ്യം ഇവിടെ ജയത്തില്‍ നിന്ന് പിന്നാക്കം വലിച്ചതാണ്. 2016ലും 2021ലും.
ലീഗ് സ്‌ഥാനാര്‍ഥിയായ അഷ്‌റഫ് തന്നെയാണ് 2021ല്‍ ജയിച്ചത്. വെറും 845 വോട്ടിന് സുരേന്ദ്രന്‍ തോറ്റു. 2016ല്‍ സുരേന്ദ്രന്‍, ലീഗിലെ പി.ബി. അബ്‌ദുല്‍ റസാഖിനോട് തോറ്റത് വെറും 89 വോട്ടിനായിരുന്നു. ആ തോല്‍വി, ലീഗ് ചെയ്‌ത കള്ള വോട്ടുകള്‍ കൊണ്ടായിരുന്നു. 298 വ്യാജ വോട്ടുകള്‍ ലീഗ് ചെയ്‌തെന്ന് കണ്ടെത്തി സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തു. കോടതി 259 പേര്‍ക്ക് സമന്‍സ് അയച്ചു. മരിച്ചവരും താമസക്കാര്‍ അല്ലാത്തവരും ഗള്‍ഫിലുള്ളവരും ഒക്കെയാണ് 298 പേര്‍.
ഈ കേസ് നിലനില്‍ക്കെ റസാഖ് മരണമടഞ്ഞു. 2019ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ അല്ല, രവീഷ് തന്ത്രി കുണ്ടാര്‍ ആയിരുന്നു, ബി.ജെ.പി. സ്‌ഥാനാര്‍ത്ഥി. ലീഗ് സ്‌ഥാനാര്‍ഥി എം.സി. കമറുദീന്‍ അഞ്ചു ശതമാനം വോട്ട് കൂടുതല്‍ നേടി.
2006ല്‍ സി.പി.എം. ജയിച്ച ശേഷം, പില്‍ക്കാല തെരഞ്ഞെടുപ്പുകളില്‍ പതിവായി സി.പി.എം. തോറ്റു കൊടുക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. അന്ന് ജയിച്ചത് സി.എച്ച്. കുഞ്ഞമ്പു. 1987 മുതല്‍ 2001 വരെ എം.എല്‍.എ. ആയിരുന്ന ചെര്‍ക്കളം അബ്‌ദുള്ളയില്‍ നിന്നാണ് കുഞ്ഞമ്പു മണ്ഡലം പിടിച്ചത്. 2011ലും 2016ലും റസാഖ് ലീഗിന് വേണ്ടി മണ്ഡലം പിടിച്ചു.
കുഞ്ഞമ്പുവിന് ശേഷം സി.പി.എം. മൂന്നാം സ്‌ഥാനത്ത് പോകുന്നിടത്താണ് സി.പി.എം. വോട്ട് ലീഗിനായി മറിക്കുന്നതും നിഷ്‌പക്ഷ ഹിന്ദു വോട്ടിലെ ചോര്‍ച്ചയും കാണുന്നത്. 2011ല്‍ കുഞ്ഞമ്പു തോല്‍ക്കുമ്പോള്‍, രണ്ടാം സ്‌ഥാനത്തുള്ള സുരേന്ദ്രന് താഴെ ദയനീയമായ മൂന്നാം സ്‌ഥാനത്തായിരുന്നു -26.37% മാത്രം. സുരേന്ദ്രന് 33.08. റസാഖിന് 37.46%.
കുഞ്ഞമ്പു 2016ലും ഇതേ വോട്ട് നിലനിര്‍ത്തിയത് ദുരൂഹമാണ് -26.79%. അപ്പോഴാണ് സുരേന്ദ്രന്‍ വെറും 89 വോട്ടിന് തോല്‍ക്കുന്നത്. 2019ലെ ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞമ്പു പോയി എം. ശങ്കര്‍ റായ് വന്നപ്പോള്‍ വോട്ട് കുറഞ്ഞു -23.49%. വി.വി രമേശന്‍ 2021ല്‍ സി.പി.എം. സ്‌ഥാനാര്‍ഥിയായി പിടിച്ചതും സമാന വോട്ടാണ്-23.57%.
സി.പി.എം. നിരന്തരം ഹിന്ദു സ്‌ഥാനാര്‍ഥിയെ ഇട്ടു കൊടുത്തു എന്ന് മാത്രമല്ല, കേഡര്‍ വോട്ട് മറിക്കുകയും ചെയ്‌തു. നിഷ്‌പക്ഷ ഹിന്ദു വോട്ടുകള്‍ ഭിന്നിച്ച് കുറെ ലീഗ് സ്‌ഥാനാര്‍ത്ഥിക്ക് യു.ഡി.എഫ്. എന്ന നിലയില്‍ കിട്ടി. എന്നിട്ടും, സുരേന്ദ്രനെ തോല്‍പിക്കാന്‍ വ്യാജ വോട്ടുകള്‍ വേണ്ടി വന്നു.
നേമം നാടകം
മഞ്ചേശ്വരത്ത് സി.പി.എം. വോട്ട് മറിച്ചാല്‍ വേറൊരിടത്ത് യു.ഡി.എഫ്. തിരിച്ചു കൊടുക്കണം. ഇതിന് തെളിവാണ് 2021ലെ നേമം മണ്ഡലം. കെ. മുരളീധരനെ അവിടെ കോണ്‍ഗ്രസ് നിര്‍ത്തി തോല്‍പിച്ചു. രണ്ടാം സ്‌ഥാനത്ത് വന്ന കുമ്മനം രാജശേഖരനെക്കാള്‍ പത്തു ശതമാനം മുരളീധരന് വോട്ട് കുറവ്. ജയിച്ച ശിവന്‍ കുട്ടിക്ക് കുമ്മനത്തെക്കാള്‍ മൂന്ന് ശതമാനം കൂടുതല്‍. ഇങ്ങനെയാണ് കോണ്‍ഗ്രസ് നേമത്ത് വോട്ട് സി.പി.എമ്മിന് മറിച്ചത്. 2011ലും 2016ലും അവിടെ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നില്ല. ദുര്‍ബല സഖ്യകക്ഷിയെ നിര്‍ത്തിക്കൊടുത്തു.
സുരേന്ദ്രനെ തോല്‍പിക്കാന്‍ ഈ ആയുധം മാത്രമല്ല യു.ഡി.എഫ്. ആവനാഴിയില്‍ ഉള്ളത്. 2016ല്‍ കെ. സുന്ദര എന്ന അപരന്‍ 467 വോട്ട് പിടിച്ചു. പിന്നെ സുരേന്ദ്രന്‍ അയാള്‍ക്ക് രണ്ടര ലക്ഷവും മൊബൈല്‍ ഫോണും നല്‍കി പിന്മാറ്റിയെന്ന് കഥയുണ്ടാക്കി. കോടതി ആ കേസില്‍ സുരേന്ദ്രനെ വിട്ടു. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ സ്വയം പിന്‍വലിച്ചു. റിവ്യൂ ഹര്‍ജി നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചപ്പോഴാണ് സര്‍ക്കാര്‍ പെട്ടി മടക്കിയത്.
ഇസ്ലാമിനെ കൂട്ടു പിടിച്ച് സി.പി.എം. മഞ്ചേശ്വരത്ത് നിരന്തരം നടത്തുന്ന ഈ നാടകം സി.പി.എമ്മിലെ ഹിന്ദു വോട്ടുകള്‍ തന്നെ ബി.ജെ.പിയിലേക്ക് ചോര്‍ത്തുന്ന അവസ്‌ഥയില്‍ എത്തി നില്‍ക്കുന്നു. ഇവരെയാണ് ഹിന്ദു സഖാക്കള്‍ എന്ന് വിളിക്കേണ്ടത്. ഷാനവാസിനെ സി.പി.എം. നിര്‍ത്തിയിരുന്നെങ്കിലും, ഹിന്ദു സഖാക്കള്‍ സുരേന്ദ്രന് വോട്ട് ചെയ്‌തേനെ. തീവ്ര ഇസ്ലാമിനോടുള്ള പാര്‍ട്ടി അടിമത്തം അവര്‍ക്ക് അസഹ്യമായിക്കഴിഞ്ഞു. ഈ വികാരമാണ് കൊല്ലത്തും ആലപ്പുഴയിലുമൊക്കെ സഖാക്കളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്;അവരെയും സനാതന ധര്‍മത്തില്‍ എത്തിക്കുന്നത്.
ആലപ്പുഴയില്‍ ആ ദീപശിഖ എച്ച്. സലാമിനെതിരേ ജി. സുധാകരന്‍ ഏന്തിയത് തന്നെ രാഷ്ര്‌ടീയ അവിഹിത ബന്ധത്തിന് തിരിച്ചടിയാണ്. ഗണേഷ് കുമാറിന്റെ അയ്യായിരത്തെക്കാള്‍ വലുതാണ് പാര്‍ട്ടിയുടെ ഈ മതാധിഷ്‌ഠിത അവിഹിതം.
സെക്കുലറിസം എന്തോ മഹത്തായ സംഭവമാണ് എന്ന തോന്നല്‍ കോണ്‍ഗ്രസും സി.പി.എമ്മും ചേര്‍ന്ന് ശരാശരി മലയാളിയില്‍ കുത്തിവച്ചിട്ടുണ്ട്. ആ രണ്ടു പാര്‍ട്ടികളും ആ വാക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നത്, മോസ്‌ക് രാഷ്‌ട്രീയവും അരമന രാഷ്‌ട്രീയവും ആണെന്ന തിരിച്ചറിവ് മലയാളിക്ക് ഉണ്ടെങ്കിലും രാഷ്ര്‌ടീയ സൗകര്യങ്ങള്‍ കാരണം കണ്ടില്ലെന്ന് നടിക്കുകയാണ്. സെക്കുലറിസം വലിയ സംഭവമേയല്ല. ജോര്‍ജ് ജേക്കബ് ഹോളിയൊക്കെ എന്ന പത്രാധിപര്‍ 1851ല്‍ ഉണ്ടാക്കിയ വാക്കാണ് സെക്കുലറിസം. വെറും 250 കോപ്പി അടിച്ചിരുന്ന പത്ര ഉടമയായ അയാളെ ക്രിമിനല്‍ എന്ന നിലയില്‍ ശിക്ഷിക്കുകയും ചെയ്‌തു. മാര്‍ക്‌സിസം പോലെ തന്നെ ഒരു ഇറക്കുമതി ചരക്ക്. ലോക സംസ്‌കാരത്തിന്റെ പിള്ളത്തൊട്ടിലാണ് ഇന്ത്യയെന്ന് മാക്‌സ് മുള്ളര്‍ നിരീക്ഷിക്കുകയുണ്ടായി. ആ ഇന്ത്യയ്‌ക്ക് എന്തിനാണ് ഈ കപട സെക്കുലറിസം?
വിവാഹ ബ്രോക്കറായ എം.വി. ഗോവിന്ദന്‍, മൊണാലിസയെ ഒരു മുസ്ലിം യുവാവിന് ക്ഷേത്രത്തില്‍ വിവാഹം ചെയ്‌തു കൊടുത്തത് പോലുള്ള കപട സെക്കുലറിസമാണ് രാഷ്‌ട്രീയത്തിലും നടത്തുന്നത്. ഹിന്ദുവായ പെണ്‍കുട്ടിയെ ഇസ്ലാമിലെ സെക്കുലറിസം കാരണം മോസ്‌കില്‍ നിക്കാഹ് ചെയ്യാന്‍ പറ്റില്ല. അഖിലയെപ്പോലെ ഹാദിയ ആയാലേ മതേതരത്വം ശരിയാകൂ.