-->
ദോഹ/മുംബൈ/ലഖ്‌നൗ: പശ്‌ചിമേഷ്യയിലെ സംഘര്‍ഷഭരിതമായ സാഹചര്യത്തെത്തുടര്‍ന്ന് ഖത്തറിലെ ദോഹയില്‍ കുടുങ്ങിക്കിടന്ന ഇന്ത്യന്‍ പുരുഷ സീനിയര്‍ ദേശീയ ബാസ്‌കറ്റ്‌ബാള്‍ ടീം ഒടുവില്‍ നാട്ടിലെത്തി. 2027ലെ ഫിബ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്കായി ഖത്തറിലെത്തിയതായിരുന്നു ഇന്ത്യന്‍ ടീം.
ദോഹയില്‍ നിന്ന് റോഡ് മാര്‍ഗമാണ് ടീം സൗദി അറേബ്യയിലെ ദമ്മാമിലെത്തിയത്. അവിടെനിന്ന് രണ്ട് ഗ്രൂപ്പുകളായാണ് ടീം തിരിച്ചത്. ഒരു സംഘം ദമ്മാം -ജിദ്ദ- മുംബൈ വിമാനത്തിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ 12:05ന് മുംബൈയിലെത്തി. രണ്ടാമത്തെ സംഘം ദമ്മാമില്‍നിന്ന് നേരിട്ട് ലഖ്‌നൗവിലെത്തി. ഇന്നലെ രാവിലെ 5:15ന് അവിടെ വന്നിറങ്ങി.
ടീമിന്റെ സുരക്ഷിതമായ മടക്കം ഉറപ്പാക്കാന്‍ ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും നിരന്തരം ഫിബ ഏഷ്യ ഓഫീസുമായും ഖത്തറിലെയും സൗദിയിലെയും ഇന്ത്യന്‍ എംബസികളുമായും ബന്ധപ്പെട്ടിരുന്നു.
ഇന്ത്യ ഫെബ്രുവരി 28 നു നടന്ന മത്സരത്തില്‍ ഖത്തറിനോടു തോറ്റിരുന്നു (99-73). ലെബനനെതിരേ രണ്ടിനു നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവച്ചു. ഒരു മത്സരം മാത്രം കളിച്ച ഇന്ത്യക്ക് ഫിബയുടെ റാങ്കിങ്ങില്‍ ഇടിവുണ്ടായി. 75 ല്‍നിന്ന് ഒരു സ്‌ഥാനം താണ ഇന്ത്യ നിലവില്‍ 76 ലാണ്‌്. ഖത്തര്‍ ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഇന്ത്യന്‍ സംഘത്തിന് ദോഹയില്‍ താമസ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.