Friday, March 13, 2026 Last Updated 44 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.37 PM

കേരളത്തിന്‌ രണ്ട്‌ വിക്കറ്റ്‌ ജയം

പൂനെ: അണ്ടര്‍ 23 വനിതാ ഏകദിന ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ ഒഡീഷയ്‌ക്കെതിരേ കേരളത്തിന്‌ അവിസ്‌മരണീയ ജയം. തകര്‍ച്ചയില്‍നിന്ന്‌ തിരിച്ചുവന്നാണ്‌ കേരളം ജയം സ്വന്തമാക്കിയത്‌.
ആദ്യം ബാറ്റ്‌ ചെയ്‌ത ഒഡീഷ 50 ഓവറില്‍ 256 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത കേരളം അഞ്ച്‌ പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി. നിത്യ ലൂര്‍ദ്ദിന്റെ ഉജ്വല ഇന്നിങ്‌സാണ്‌ കേരളത്തിന്‌ ജയമൊരുക്കിയത്‌. ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത ഒഡീഷയ്‌ക്ക് ഓപ്പണര്‍ തന്‍വി രഞ്‌ജനയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ്‌ മികച്ച സ്‌കോര്‍ സമ്മാനിച്ചത്‌. 78 റണ്‍സെടുക്കുന്നതിനിടെ നാല്‌ വിക്കറ്റുകള്‍ നഷ്‌ടമായെങ്കിലും ഉറച്ചുനിന്ന തന്‍വി ടീമിനെ കരകയറ്റി. അഞ്ചാം വിക്കറ്റില്‍ സുചിസ്‌മിത പാണ്ഡെയ്‌ക്കൊപ്പം തന്‍വി 99 റണ്‍ കൂട്ടിച്ചേര്‍ത്തു. സുചിസ്‌മിത 32 റണ്ണും തന്‍വി 118 പന്തില്‍ 101 റണ്ണുമെടുത്തു. ഇരുവരും അടുത്തടുത്ത പന്തുകളില്‍ പുറത്തായി.
കേരളത്തിന്‌ ഓപ്പണര്‍മാരായ ദിയ ഗിരീഷും നജ്‌ല സി.എം.സിയും ചേര്‍ന്നു ഭേദപ്പെട്ട തുടക്കം നല്‍കി. ഇരുവരും ചേര്‍ന്ന്‌ 60 റണ്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നെത്തിയ വൈഷ്‌ണ എം.പി 30 റണ്ണെടുത്തു മടങ്ങി. ഒന്‍പത്‌ റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന്‌ വിക്കറ്റുകള്‍ നഷ്‌ടപ്പെട്ടത്‌ കേരളത്തെ സമ്മര്‍ദ്ദത്തിലാക്കി. ഏഴാമതായി ബാറ്റ്‌ ചെയ്യാനെത്തിയ നിത്യ ലൂര്‍ദ്ദിന്റെ ഇന്നിങ്‌സാണ്‌ കളിയുടെ ഗതി മാറ്റിയത്‌. മനസ്വിക്കൊപ്പം (35) ആറാം വിക്കറ്റില്‍ 66 റണ്‍ കൂട്ടിച്ചേര്‍ത്ത നിത്യ അനായാസം ഇന്നിങ്‌സ് മുന്നോട്ട്‌ നീക്കി. മനസ്വി പുറത്തായെങ്കിലും പത്താമതായി ക്രീസിലെത്തിയ നിയ നസ്‌നീന്‍ നിത്യക്ക്‌ മികച്ച പിന്തുണയായി. പത്താം വിക്കറ്റില്‍ 43 റണ്‍ കൂട്ടിച്ചേര്‍ത്ത ഇരുവരും ചേര്‍ന്ന്‌ ടീമിനെ വിജയത്തിലെത്തിച്ചു. നിത്യ 73 റണ്ണും നിയ 23 റണ്ണുമായി പുറത്താകാതെനിന്നു. ഒഡീഷയ്‌ക്കായി അനന്യ മിശ്ര രണ്ട്‌ വിക്കറ്റെടുത്തു.

Ads by Google
Wednesday 11 Mar 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW