Thursday, March 12, 2026 Last Updated 17 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.34 PM

ചരിത്രവിധിയുമായി സുപ്രീം കോടതി: പരോക്ഷ ദയാവധത്തിന്‌ അനുമതി

uploads/news/2026/03/829670/in3.jpg

ന്യൂഡല്‍ഹി: രാജ്യത്ത്‌ ആദ്യമായി 'പരോക്ഷ ദയാവധ'ത്തിന്‌ അനുമതി നല്‍കി ചരിത്രവിധിയുമായി സുപ്രീം കോടതി. 13 വര്‍ഷമായി 'കോമ'യില്‍ കഴിയുന്ന നോയിഡ സ്വദേശി ഹരീഷ്‌ റാണ (32)യ്‌ക്കാണ്‌ മരണംവരിക്കാന്‍ നീതിപീഠം അനുമതി നല്‍കിയത്‌. അന്തസോടെ മരിക്കാനുള്ള പൗരനുള്ള അവകാശം ചൂണ്ടിക്കാട്ടി ജസ്‌റ്റിസുമാരായ ജെ.ബി. പര്‍ദിവാല, കെ.വി. വിശ്വനാഥന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ്‌ അങ്ങേയറ്റം 'ഹൃദയഭാര'ത്തോടെ സുപ്രധാനവിധിയെഴുതിയത്‌. ജീവിതത്തിലേക്കു മടക്കം അസാധ്യമാണെന്നു വൈദ്യശാസ്‌ത്രം വിധിക്കുന്ന ഘട്ടത്തില്‍ ചികിത്സയോ ജീവന്‍രക്ഷാ ഉപകരണങ്ങളോ പിന്‍വലിച്ച്‌ രോഗിക്കു സ്വാഭാവിക മരണം അനുവദിക്കുന്ന രീതിയാണിത്‌.
സിവില്‍ എന്‍ജിനീയറിങ്‌ വിദ്യാര്‍ഥിയായിരിക്കെ 2013 ഓഗസ്‌റ്റ്‌ 20 ന്‌ നാലാം നിലയിലെ ബാല്‍ക്കണിയില്‍നിന്നു വീണാണ്‌ റാണ ശയ്യവലംബിയായത്‌. ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസി(എയിംസ്‌)ല്‍ ചികിത്സയിലുള്ള മകന്റെ ദുരവസ്‌ഥയില്‍ മനംതകര്‍ന്ന മാതാപിതാക്കളാണു ദയാവധത്തിന്‌ അപേക്ഷയുമായി നീതിപീഠത്തിനു മുന്നിലെത്തിയത്‌.
വീഴ്‌ചയില്‍ തലയ്‌ക്കു ഗുരുതരപരുക്കേറ്റ്‌ ചലനമറ്റ നിലയിലായ റാണയ്‌ക്കു ട്യൂബിലൂടെയാണു ഭക്ഷണം നല്‍കുന്നത്‌. ഓക്‌സിജന്‍ ട്യൂബിലൂടെയാണു ശ്വാസോച്‌ഛ്വാസം. കൈകാലുകള്‍ ചലിപ്പിക്കാനോ കണ്ണു തുറക്കാനോ സാധിക്കില്ല. മരുന്നുകള്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രതിമാസം 24,000-30,000 രൂപ ആവശ്യമായിരുന്നു. വീട്‌ ഉള്‍പ്പെടെ വിലപിടിപ്പുള്ളതെല്ലാം വിറ്റ്‌ ചികിത്സയിലൂടെ മകനെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാന്‍ മാതാപിതാക്കള്‍ ശ്രമിച്ചു. പക്ഷേ, റാണയുടെ അവസ്‌ഥയ്‌ക്കു മാറ്റമുണ്ടാകില്ലെന്നു വൈദ്യശാസ്‌ത്രം വിധിച്ചു. ഇതോടെ മകന്‌ മാന്യമായ മരണമെന്ന ആവശ്യവുമായി 2024-ല്‍ മാതാപിതാക്കള്‍ ഡല്‍ഹി ഹൈക്കോടതിയിലെത്തി. വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കാന്‍ കഴിയുന്നതിനാല്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പിന്‍വലിക്കാന്‍ കോടതി അനുവദിച്ചില്ല. ഭക്ഷണക്കുഴലുകള്‍ മാറ്റുന്നതിലൂടെ രാജ്യത്ത്‌ അനുവദനീയമല്ലാത്ത 'പ്രത്യക്ഷ ദയാവധ (ആക്‌ടീവ്‌ യൂത്തനാസിയ)'ത്തിന്‌ തുല്യമാകുമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. തുടര്‍ന്നു നീതിതേടി റാണയുടെ മാതാപിതാക്കള്‍ സുപ്രീം കോടതിയിലെത്തുകയായിരുന്നു.
ഹര്‍ജിയിലെ ആവശ്യങ്ങള്‍ ഇഴകീറി പരിശോധിച്ച ഡിവിഷന്‍ ബെഞ്ച്‌ 'ആ കുട്ടിയെ ഇത്തരമൊരു അവസ്‌ഥയില്‍ എല്ലാക്കാലത്തും നിലനിര്‍ത്താന്‍ നീതിപീഠത്തിനാകില്ല' എന്നു നിരീക്ഷിച്ചാണ്‌ ദയാവധത്തിന്‌ അനുമതി നല്‍കിയത്‌. ജീവന്‍രക്ഷാ ഉപകരണങ്ങളിലൂടെ ആയുസ്‌ നീട്ടുന്നത്‌ രോഗിയുടെ അന്തസിനു വിരുദ്ധമാണ്‌. ജീവിതത്തിലേക്കു തിരികെവരവ്‌ അസാധ്യമാണെന്നു വൈദ്യശാസ്‌ത്രം വിധിച്ചാല്‍ വ്യക്‌തിക്കു മരണം തെരഞ്ഞെടുക്കാമെന്നും കോടതി വ്യക്‌തമാക്കി. അതീവശ്രദ്ധയോടെ വിധി നടപ്പാക്കാന്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. ഇതിന്‍ പ്രകാരം റാണയെ ന്യൂഡല്‍ഹി എയിംസിലെ സാന്ത്വന പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കണം. പിന്നീട്‌ ചികിത്സ ക്രമേണ പിന്‍വലിക്കാന്‍ നടപടികള്‍ സ്വീകരിക്കണം. ഒരു മെഡിക്കല്‍ ബോര്‍ഡിന്റെ നേതൃത്വത്തിലായിരിക്കണം ഇത്‌. ഈ പ്രക്രിയയിലുടനീളം രോഗിക്കു യാതൊരു വേദനയും ഉണ്ടാകുന്നില്ലെന്ന്‌ ഉറപ്പാക്കണം. എല്ലാറ്റിനുമുപരിയായി അന്ത്യംവരെ അന്തസ്‌ നിലനിര്‍ത്തുന്ന രീതിയിലായിരിക്കണം കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്നും സുപ്രീം കോടതി ബെഞ്ച്‌ നിര്‍ദേശിച്ചു.
പരോക്ഷ ദയാവധ (പാസീവ്‌ യുത്തനാസിയ) ത്തില്‍ വിധി സുപ്രധാന ചുവടുവയ്‌പ്പാണെങ്കിലും ഹരീഷ്‌ റാണ കേസിലെ വിധി അതിലും നിര്‍ണായകമാണ്‌. ജീവന്‍രക്ഷാ സംവിധാനങ്ങളെയും ചികിത്സയെയും സംബന്ധിച്ച അവ്യക്‌തതകള്‍ വിധി നീക്കുന്നു. ഭക്ഷണക്കുഴലുകളും നാസോഗ്യാസ്‌ട്രിക്‌ ട്യൂബുകളും അടിസ്‌ഥാന പരിചരണമല്ല ചികിത്സയുടെ ഭാഗമാണെന്നു സുപ്രീം കോടതി വിധിച്ചു. ജീവിതത്തിലേക്കു മടക്കത്തില്‍ യാതൊരു പ്രതീക്ഷയുമില്ലാത്ത രോഗികളുടെ ഭക്ഷണക്കുഴലുകള്‍ ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ സംവിധാനങ്ങള്‍ നീക്കം ചെയ്യാനുള്ള വഴിയാണ്‌ വിധിയോടെ സുപ്രീം കോടതി തുറന്നുകൊടുത്തിരിക്കുന്നത്‌. ഭാവിയിലെ എല്ലാ 'നിഷ്‌ക്രിയ ദയാവധ' (പാസീവ്‌ യുത്തനാസിയ) കേസുകളിലും വിധി മാര്‍ഗരേഖയാകുമെന്നു പ്രതീക്ഷിക്കുന്നു. ട്യൂബുകളിലൂടെ മാത്രം നിലനിര്‍ത്തുന്ന ശാരീരിക അസ്‌തിത്വം 'അര്‍ഥവത്തായ ജീവിതം' അല്ലെന്ന വസ്‌തുത തിരിച്ചറിയുന്നതിലൂടെ സാങ്കേതികവിദ്യയ്‌ക്കും സഹാനുഭൂതിക്കും ഇടയിലുള്ള ശൂന്യത നികത്താന്‍ വിധിയിലൂടെ സാധിച്ചിരിക്കുന്നു.

Ads by Google
Wednesday 11 Mar 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW