-->
ദുബായ്: ട്വന്റി20 ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇന്ത്യന്‍ പേസര്‍ അര്‍ഷ്‌ദീപ് സിങ്ങിനു രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ പിഴ ശിക്ഷ ചുമത്തി. മാച്ച് ഫീയുടെ 15 ശതമാനം അര്‍ഷ്‌ദീപ് പിഴയായി നല്‍കണം. പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.9 അര്‍ഷ്‌ദീപ് ലംഘിച്ചതായി ഐ.സി.സി. ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്‌തമാക്കി.
''ഒരു രാജ്യാന്തര മത്സരത്തിനിടെ അനുചിതമോ അപകടകരമോ ആയ രീതിയില്‍ ഒരു താരത്തിനു നേരെ പന്തോ മറ്റുപകരണങ്ങളോ എറിയുന്നത്' സംബന്ധിച്ച വകുപ്പ് പ്രകാരമാണു നടപടി. നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലിനിടെ ന്യൂസിലന്‍ഡ് ബാറ്റര്‍ ഡാരില്‍ മിച്ചലിനു നേരെ അര്‍ഷദീപ് പന്തു വലിച്ചെറിഞ്ഞിരുന്നു. ന്യൂസിലന്‍ഡ് ഇന്നിങ്‌സിന്റെ 11-ാം ഓവറിലാണു സംഭവം. പന്തു നേരിട്ട ഡാരില്‍ മിച്ചല്‍ പ്രതിരോധിച്ചു മുന്നോട്ടു തട്ടിയിട്ടു. പന്തു പിടിച്ചെടുത്ത അര്‍ഷദീപ് റണ്‍ഔട്ടിനെന്ന പോലെ മിച്ചലിനു നേരെ വലിച്ചെറിഞ്ഞു. മിച്ചിലിന്റെ കാലിലാണു പന്തു കൊണ്ടത്. കോപാകുലനായി ഡാരില്‍ മിച്ചല്‍ അര്‍ഷ്‌ദീപിന് അടുത്തെത്തി. മിച്ചല്‍ സംസാരിക്കുമ്പോഴും അര്‍ഷ്‌ദീപ് ശ്രദ്ധിക്കാതെ നടന്നു പോയി. ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് മിച്ചലിനോടു സംസാരിച്ചാണു പ്രശ്‌നം പരിഹരിച്ചത്. അര്‍ഷ്‌ദീപിനെ വിളിച്ച് അമ്പയര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. അതോടെ മിച്ചലുമായി ഹസ്‌തദാനം ചെയ്‌ത് അര്‍ഷ്‌ദീപ് പ്രശ്‌നം പരിഹരിച്ചു. താരത്തോടു മാപ്പു പറഞ്ഞതായി അര്‍ഷ്‌ദീപ് പിന്നീടു പ്രതികരിച്ചു.