-->
മൂവാറ്റുപുഴ: ന്യൂസീലന്‍ഡിലെ തൈഹൂരിന് അടുത്തു കടലില്‍ കണ്ടെത്തിയ മൃതദേഹഭാഗങ്ങള്‍ രണ്ടു വര്‍ഷം മുമ്പു കാണാതായ മൂവാറ്റുപുഴ സ്വദേശി ഫെര്‍സില്‍ ബാബുവിന്റേതെന്നു സ്‌ഥിരീകരിച്ചു. 2024 മേയ് ഒന്നിനാണ് മൂവാറ്റുപുഴ സ്വദേശി ഫെര്‍സില്‍ ബാബു (36), ആലപ്പുഴ നെടുമുടി സ്വദേശി ശശി നിവാസില്‍ ശരത് കുമാര്‍ (37) എന്നിവരെ കടലില്‍ ഒഴുക്കില്‍പെട്ട് കാണാതായത്.
തീരത്തെ പാറ ഇടുക്കില്‍ ചൂണ്ട ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ കാല്‍വഴുതി ഇരുവരും കടലില്‍ വീണെന്നാണു നിഗമനം. ശരത് കുമാറിന്റെ മൃതദേഹം തൊട്ടടുത്ത ദിവസങ്ങളില്‍ ലഭിച്ചിരുന്നു. എന്നാല്‍ ഫെര്‍സിലിനെക്കുറിച്ച് വിവരം ലഭിച്ചില്ല. മൂന്ന് ദിവസം തുടര്‍ച്ചയായി കടലില്‍ മുങ്ങിയും വ്യോമ മാര്‍ഗവും അഞ്ച് വിഭാഗങ്ങളായി തിരിഞ്ഞ് തെരച്ചില്‍ നടത്തിയെങ്കിലും ഫലമില്ലാതെ വന്നതോടെ നോര്‍ത്ത്‌ലന്‍ഡ് പോലീസ് ഉദ്യമം അവസാനിപ്പിച്ചു.
ഇതിന് പിന്നാലെ ഏഴ് മാസത്തിന് ശേഷം 2024 ഡിസംബര്‍ 24 ന് ഇതേ സ്‌ഥലത്തുനിന്ന് ഒരു അസ്‌ഥികൂടം ലഭിച്ചു. ന്യൂസീലന്‍ഡ് പോലീസ് ഇത് ഡി.എന്‍.എ. പരിശോധനക്ക് വിധേയമാക്കാന്‍ തീരുമാനിച്ചു. പരിശോധനാ ഫലം കഴിഞ്ഞ ആറിനു പുറത്ത് വന്നപ്പോള്‍ അസ്‌ഥികൂടം ഫെര്‍സില്‍ ബാബുവിന്റെതാണന്ന് സ്‌ഥിരീകരിച്ചു. പിന്നാലെ വിവരം പോലീസ് നാട്ടിലെ ബന്ധുക്കളെ അറിയിച്ചു.
മൃതദേഹാവശിഷ്‌ടം നാട്ടിലെത്തിച്ച് മതപരമായ ചടങ്ങുകളോടെ സംസ്‌കരിക്കാനുളള തയാറെടുപ്പിലാണ് ബന്ധുക്കള്‍. ഇതിനകം ഇവര്‍ ആ രാജ്യത്തെ എംബസി വഴി ആശയ വിനിമയം നടത്തി കഴിഞ്ഞു.
മൂവാറ്റുപുഴ ലബ്ബകടവ് ചെമ്പകത്തിനാല്‍ ബാബു ജോര്‍ജ് - ലൈല ബാബു ദമ്പതികളുടെ മകനാണ് ഫെര്‍സില്‍ ബാബു (36). തിരുവല്ല കാവുംഭാഗം കൈലാത്ത് മോഹന്‍ - അനിത ദമ്പതികളുടെ മകള്‍ ആഷ്‌ലിയാണു ഭാര്യ. നഴ്‌സായ ആഷ്‌ലിയും ന്യൂസിലന്‍ഡിലാണ്. ഫെര്‍സിലിന് അവിടെ വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചതിന് പിറ്റേദിവസമാണ് അപകടമുണ്ടായത്.