-->
തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളെ വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന മികച്ച തലത്തിലേക്കു വളര്‍ത്താന്‍ കഴിഞ്ഞതായി മന്ത്രി വി.എന്‍. വാസവന്‍.
കേരള സഹകരണ പുനരുദ്ധാരണ ഫണ്ട് സംസ്‌ഥാനതല ധനസഹായ വിതരണോദ്‌ഘാടനം തിരുവനന്തപുരം ജവാഹര്‍ സഹകരണ ഭവനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
1969ല്‍ രൂപീകരണസമയത്ത് നാമമാത്രമായ തുക മാത്രം കൈകാര്യം ചെയ്‌തിരുന്ന പ്രാഥമിക സംഘങ്ങള്‍ ഇന്ന് 1600 കോടിയിലധികം രൂപ കൈകാര്യം ചെയ്യുന്ന വലിയ പ്രസ്‌ഥാനങ്ങളായി മാറി. കരുവന്നൂര്‍ ബാങ്കില്‍ പ്രതിസന്ധി ഉയര്‍ന്നുവന്നപ്പോള്‍ സഹകരണ വകുപ്പ് സജീവമായി ഇടപെട്ടു. വെല്‍ഫെയര്‍ ബോര്‍ഡിന്റെയും കേരള ബാങ്കിന്റെയും സഹായത്തോടെ പ്രത്യേക കണ്‍സോര്‍ഷ്യം രൂപീകരിച്ച് 170 കോടി രൂപ ചുരുങ്ങിയ കാലംകൊണ്ട് നിക്ഷേപകര്‍ക്കു തിരികെ നല്‍കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു.
പ്രതിസന്ധി നേരിടുന്ന സംഘങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ രണ്ട് പ്രധാന പദ്ധതികളാണു നടപ്പാക്കുന്നത്. ഇതില്‍ ആദ്യത്തേത് പുതുക്കിയ നിക്ഷേപ ഗ്യാരന്റി സ്‌കീമാണ്.
രണ്ടാമത്തെ പദ്ധതിയായ പുനരുദ്ധാരണ നിധിയില്‍നിന്നുള്ള സഹായമാണ് ചടങ്ങില്‍ വിതരണം ചെയ്‌തത്. കാര്‍ഷിക അടിസ്‌ഥാനസൗകര്യ ഫണ്ട്, വിലസ്‌ഥിരതാ ഫണ്ട് തുടങ്ങിയവയുടെ ബാക്കി വരുന്ന തുകകള്‍ കേരള ബാങ്കില്‍ സമാഹരിച്ചാണ് പുനരുദ്ധാരണ നിധി രൂപീകരിച്ചിരിക്കുന്നത്.
നിധിയില്‍നിന്നു സഹായം ലഭിക്കുന്ന ബാങ്കുകള്‍ ആ തുക ഉപയോഗിച്ച് സ്വര്‍ണപ്പണയം, ചെറുകിട വായ്‌പകള്‍ തുടങ്ങിയ ബിസിനസുകള്‍ ആരംഭിച്ച് പ്രവര്‍ത്തനക്ഷമമാകണമെന്നും മന്ത്രി പറഞ്ഞു.
വരവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് (10 കോടി രൂപ), കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ്
സഹകരണ സംഘം (6 കോടി), പത്തനംതിട്ട വലിയകുളം സര്‍വീസ് സഹകരണ ബാങ്ക് (5 കോടി), തേക്കുതോട് സര്‍വീസ് സഹകരണ ബാങ്ക് (7 കോടി), ചെങ്ങരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് (2 കോടി), കുറ്റൂര്‍ സര്‍വീസ് സഹകരണ ബാങ്ക് (5.32 കോടി) എന്നിവയ്‌ക്കുള്ള ധനസഹായമാണ് വിതരണം ചെയ്‌തത്. വനിതാഫെഡ് വഴി സൂതികാമിത്രം പരിശീലനം പൂര്‍ത്തിയാക്കിയ 37 വനിതകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും മന്ത്രി ചടങ്ങില്‍ വിതരണം ചെയ്‌തു. സഹകരണ വകുപ്പ് സെക്രട്ടറി ഡോ. വീണ എന്‍. മാധവന്‍ അധ്യക്ഷത വഹിച്ചു.