Thursday, March 12, 2026 Last Updated 42 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 11.34 PM

പണിതിട്ടും തീരാതെ പാക്‌ വ്യോമതാവളം

ന്യൂഡല്‍ഹി: മുരിദ്‌ വ്യോമതാവളത്തിലെ പ്രധാന കമാന്‍ഡ്‌ ആന്‍ഡ്‌ കണ്‍ട്രോള്‍ സെന്റര്‍ നന്നാക്കാനുള്ള പാകിസ്‌താന്‍ വ്യോമസേനയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടെന്നു വെളിവാക്കി ഉപഗ്രഹചിത്രങ്ങള്‍. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ വ്യോമസേന കടുത്ത പ്രഹരമേല്‍പ്പിച്ച വ്യോമതാവളമാണിത്‌.
2025 മേയ്‌ 10 ന്‌ പുലര്‍ച്ചെ രണ്ടിനും അഞ്ചിനുമിടയില്‍ മുരിദ്‌ ഉള്‍പ്പെടെ പത്ത്‌ പാകിസ്‌താന്‍ വ്യോമതാവളങ്ങള്‍ക്കാണ്‌ ഇന്ത്യ പ്രഹരമേല്‍പ്പിച്ചത്‌. തുടര്‍ന്നാണ്‌ പാകിസ്‌താന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലേക്ക്‌ എത്തിയതും.
മുരിദ്‌ വ്യോമതാവളത്തിലെ തകര്‍ന്ന ഭാഗങ്ങളില്‍ അറ്റകുറ്റപ്പണി നടന്നുവരികയായിരുന്നു. തകര്‍ന്ന ഭാഗം ആദ്യം ടാര്‍പോളിനുകള്‍ കൊണ്ട്‌ മറച്ചിരുന്നു. അന്നത്തെ ആക്രമണം മേല്‍ക്കൂരയ്‌ക്ക്‌ അപ്പുറത്തേക്ക്‌ കെട്ടിടത്തിന്‌ ആഴത്തില്‍ പ്രഹരമേല്‍പ്പിച്ചെന്നാണ്‌ ഏറ്റവുമൊടുവില്‍ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്‌തമാക്കുന്നതെന്ന്‌ ഉപഗ്രഹ ഇമേജറി അനലിസ്‌റ്റ്‌ ഡാമിയന്‍ സൈമണ്‍ പറയുന്നു. ഈ കെട്ടിത്തിന്റെ സ്‌ട്രക്‌ചര്‍ തന്നെ പൂര്‍ണമായും പൊളിച്ചുമാറ്റേണ്ടിവന്നു. വ്യോമാക്രമണം കെട്ടിടത്തിനുള്ളില്‍ 35 മീറ്റര്‍ വിസ്‌തൃതിയില്‍ കനത്തനാശം വിതച്ചെന്നും വിദഗ്‌ധര്‍ അനുമാനിക്കുന്നു. പത്ത്‌ മാസത്തിനിപ്പുറവും കെട്ടിടം പഴയനിലയിലാക്കാന്‍ കഴിയാതിരുന്നത്‌ അതുകൊണ്ടാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
മുരിദ്‌ വ്യോമതാവളത്തിനുള്ളിലെ ഒരു സമുച്ചയത്തില്‍നിന്ന്‌ ആളില്ലാ ആകാശ വാഹനങ്ങളുടെ (യു.എ.വി) കമാന്‍ഡ്‌ ആന്‍ഡ്‌ കണ്‍ട്രോള്‍ നോഡ്‌ പ്രവര്‍ത്തിച്ചിരുന്നതായി കരുതപ്പെടുന്നു. ഇതേ താവളത്തിലെ ഭൂഗര്‍ഭ കേന്ദ്രമുണ്ടെന്നു കരുതുന്ന സ്‌ഥലത്തും ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയിരുന്നു. ഈ ഭൂഗര്‍ഭ കേന്ദ്രത്തിലേക്കുള്ള രണ്ട്‌ പ്രവേശന കവാടങ്ങളില്‍ ഒന്നില്‍നിന്ന്‌ കേവലം 30 മീറ്റര്‍ അകലെ 3 മീറ്റര്‍ വീതിയില്‍ ആഘാതഗര്‍ത്തം രൂപപ്പെട്ടു. ഇതിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

Ads by Google
Tuesday 10 Mar 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW