-->
അഹമ്മദബാദ്: തങ്ങളുടെ അടുത്ത ലക്ഷ്യം 2028 ഒളിമ്പിക്‌സിലെ സ്വര്‍ണ മെഡലാണെന്ന് ഇന്ത്യന്‍ ട്വന്റി20 ക്രിക്കറ്റ് ടീം നായകന്‍ സൂര്യകുമാര്‍ യാദവ്. യു.എസിലെ ലൊസാഞ്ചലസില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ ക്രിക്കറ്റും മത്സരയിനമാണ്.
ട്വന്റി20 ഫോര്‍മാറ്റിലാണ് ഒളിമ്പിക്‌സിലെ മത്സരങ്ങള്‍. 2028 ജൂലൈ 14 മുതല്‍ 29 വരെയാണു മത്സരങ്ങള്‍. പാരീസില്‍ നടന്ന 1900 ഒളിമ്പിക്‌സിനു ശേഷം ആദ്യമായാണ് ക്രിക്കറ്റ് മത്സരിയനമാകുന്നത്. പുരുഷന്‍മാരുടെയും വനിതകളുടെയും ആറ് ടീമുകള്‍ വീതമാണു മത്സരിക്കുക. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ റാങ്കിങ് അടിസ്‌ഥാനത്തിലാണു ടീമുകളെ തെരഞ്ഞെടുക്കുക. ഏഷ്യന്‍ മേഖലയില്‍നിന്ന് ഇന്ത്യന്‍ ടീമുകള്‍ യോഗ്യത നേടുമെന്ന് ഉറപ്പാണ്.
ലൊസാഞ്ചലസില്‍നിന്ന് 50 കിലോ മീറ്റര്‍ അകലെയുള്ള പോമോന നഗരത്തില്‍ താല്‍കാലികമായുണ്ടാക്കുന്ന ഫെയര്‍ഗ്രൗണ്ട്‌സ് സ്‌റ്റേഡിയത്തിലാണു ക്രിക്കറ്റ് മത്സരങ്ങള്‍. വ്യക്‌തിഗത റെക്കോഡുകള്‍ ആഘോഷിക്കുന്ന കാലം കഴിഞ്ഞെന്ന് ഇന്ത്യന്‍ ടീം കോച്ച് ഗൗതം ഗംഭീര്‍ പറഞ്ഞു. ഗംഭീറിനു കീഴില്‍ ഇന്ത്യ രണ്ട് ഐ.സി.സി. ട്രോഫികളും ഏഷ്യാ കപ്പും നേടി.
ചാമ്പ്യന്‍സ് ട്രോഫിയും ട്വന്റി20 ലോകകപ്പുമാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ കൂടിയായ ഗംഭീറിന്റെ വലിയ നേട്ടം. വ്യക്‌തിഗത നേട്ടങ്ങള്‍ക്കു വേണ്ടി കളിച്ചിരുന്നെങ്കില്‍ ഇന്ത്യ കിരീടം നേടില്ലായിരുന്നെന്നും സഞ്‌ജു സാംസണിനെ ഉദാഹരണമാക്കി കോച്ച് പറഞ്ഞു. തുടരെ മൂന്ന് അര്‍ധ സെഞ്ചുറികളാണു സഞ്‌ജു കുറിച്ചത്.
വെസ്‌റ്റിന്‍ഡീസിനെതിരേ 97 റണ്ണുമായി പുറത്താകാതെനിന്നു. ഇംഗ്ലണ്ടിനെതിരേ നടന്ന സെമി ഫൈനലിലും ഫൈനലിലും 89 റണ്ണെടുത്തു പുറത്തായി. സഞ്‌ജു ടീമിനെ നോക്കാതെ സെഞ്ചുറിക്കു മാത്രമായി ശ്രമിച്ചിരുന്നെങ്കില്‍ ഒരുതവണയും സ്‌കോര്‍ 250 കടക്കുമായിരുന്നില്ല. അതുകൊണ്ടു തന്നെയാണു വ്യക്‌തിഗത നേട്ടങ്ങള്‍ പരിഗണിക്കരുതെന്നു താന്‍ പറയുന്നതെന്നും ഗംഭീര്‍ പറഞ്ഞു. കിരീട നേട്ടത്തില്‍ ചീഫ് സെലക്‌ടര്‍ അജിത് അഗാര്‍ക്കര്‍, ബി.സി.സി.ഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സ് തലവന്‍ വി.വി.എസ്. ലക്ഷ്‌മണ്‍, മുന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കു പ്രത്യേകം നന്ദി പറയുന്നതായും ഗംഭീര്‍ പറഞ്ഞു. ഈ മൂവരുമാണു കിരീടത്തിലേക്കുള്ള വഴി തെളിച്ചത്.