-->
തിരുവനന്തപുരം: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ കിരീട നേട്ടത്തിനു ശേഷം ഇന്ത്യയുടെ മലയാളി താരം സഞ്‌ജു സാംസണ്‍ നാട്ടില്‍ മടങ്ങിയെത്തി. ഇന്നലെ വൈകിട്ട് അഞ്ചു മണിക്കാണ് സഞ്‌ജു തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയത്.
താരത്തെ സ്വീകരിക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടി, എ.എ.റഹീം എംപി എന്നിവര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. സഞ്‌ജുവിനെ കാണാന്‍ പുറത്ത് ആയിരങ്ങള്‍ തടിച്ചുകൂടിയിരുന്നു. തന്നെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് സഞ്‌ജു മാധ്യമങ്ങളോടു പറഞ്ഞു. ജയത്തില്‍ വലിയ സന്തോഷമുണ്ട്. ആരാധകരോട് പറയാന്‍ വാക്കുകളില്ല. ടീമിലുള്ളപ്പോഴും മികച്ച പ്രകടനം നടത്താന്‍ സാധിക്കാതിരുന്നപ്പോഴും നാട്ടുകാരാണ് കൂടെ നിന്നത്. ഈ ലോകകപ്പ് ജയം നാട്ടിലുള്ള ആളുകള്‍ക്കു വേണ്ടി സമര്‍പ്പിക്കുന്നു. ആരാധകരുടെ സന്ദേശങ്ങളും റീല്‍സും ഭാര്യ കാണിച്ചു തരാറുണ്ട്. ചിലപ്പോള്‍ കണ്ണു നിറയും. മനസ് ഒന്നു പാളിപ്പോയപ്പോള്‍ ആരെ വിളിക്കും എന്നു തോന്നി. മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ പേരാണു തെളിഞ്ഞു വന്നത്. ലോകകപ്പിലെ മികച്ച പ്രകടനത്തിനു പിന്നില്‍ ''സച്ചിന്‍ സാറാ''ണെന്നും സഞ്‌ജു സാംസണ്‍ പറഞ്ഞു.
ഫോം മങ്ങിയതോടെ പ്ലേയിങ് ഇലവനില്‍നിന്നു പുറത്തായ സഞ്‌ജു രണ്ടാം വരവില്‍ തകര്‍പ്പനായി. ലോകകപ്പിലെ ആകെ ഒന്‍പത് മല്‍സരങ്ങളില്‍ അഞ്ചെണ്ണം മാത്രമേ കളിച്ചുള്ളൂവെങ്കിലും ഇന്ത്യയുടെ ടോപ് സ്‌കോറര്‍ സഞ്‌ജുവാണ്. 80.25 ശരാശരിയില്‍ 199.37 സ്‌ട്രൈക്ക് റേറ്റില്‍ 321 റണ്ണെടുത്ത സഞ്‌ജു ലോകകപ്പിലെ താരവുമായി. തുടരെ മൂന്ന് അര്‍ധ സെഞ്ചുറികളടിക്കാനുമായി. ലോകകപ്പില്‍ ഗംഭീര പ്രകടനം നടത്താന്‍ സാധിച്ചതിനു പിന്നില്‍ സച്ചിനാണെന്നു സഞ്‌ജു പറഞ്ഞു. ലോകകപ്പിലെ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ശേഷമാണു സഞ്‌ജു മനസ് തുറന്നത്. മോശം സമയത്തിലൂടെ കടന്നു പോയപ്പോള്‍ വലിയ പിന്തുണയും സഹായവുമാണ് സച്ചിനില്‍നിന്നു ലഭിച്ചതെന്നു സഞ്‌ജു സാംസണ്‍ തുറന്നു പറഞ്ഞു. സച്ചിനുമായി നിരന്തരം സമ്പര്‍ക്കത്തിലായിരുന്നു. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീമിനോടൊപ്പം കളിക്കാന്‍ അവസരം കിട്ടാതെ പുറത്തിരുന്ന സമയത്തായിരുന്നു അത്. അത്തരം സമയത്ത് എങ്ങനെയാണു പിടിച്ചു നില്‍ക്കേണ്ടതെന്ന് അറിയാനാണു സച്ചിന്റെ ഉപദേശം തേടിയത്. അദ്ദേഹവുമായി ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. ഇപ്പോഴത്തെ മാനസികാവസ്‌ഥയെ കുറിച്ചെല്ലാം അദ്ദേഹം ചോദിച്ചിരുന്നു.
ലോകകപ്പിലെ താരമാകാന്‍ കഴിഞ്ഞത് ഒരു സ്വപ്‌നം പോലെയാണു തോന്നുന്നത്. 2024 ല്‍ വെസ്‌റ്റിന്‍ഡീസില്‍ ലോകകപ്പ് നേടിയ ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും ഒരു മത്സരം പോലും കളിക്കാനായില്ല. ന്യൂസിലന്‍ഡുമായി ലോകകപ്പിനു മുമ്പ് നടന്ന പരമ്പരയില്‍ ഫോം മങ്ങിയതോടെ തകര്‍ന്നുപോയിരുന്നു. സ്വപ്‌നങ്ങള്‍ തകര്‍ന്നെന്നു തോന്നി.
തുടര്‍ച്ചയായ പരാജയങ്ങളെ തുടര്‍ന്നാണ് കളി ശൈലിയില്‍ മാറ്റങ്ങള്‍ കൊണ്ടു വന്നതെന്നു സഞ്‌ജു വിഴിഞ്ഞത്തെ വീട്ടില്‍വച്ച് മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞു. ഹാര്‍ഡ് ഹിറ്റുകള്‍ കുറേ ശ്രമിച്ചു, നടന്നില്ല. വേറെ വഴിയില്ലാത്തതു കൊണ്ടാണ് രീതി മാറ്റിയത്. വീഴ്‌ചകളില്‍നിന്നു പഠിക്കണമല്ലോ. ലോകകപ്പില്‍ വേറെ ഗെയിം പ്ലാന്‍ തയാറാക്കി. കഴിഞ്ഞ ഒരു മാസമായി ഫോണ്‍ ഓഫാക്കിയിരുന്നു. പുറത്തുനിന്നുള്ള ബഹളങ്ങള്‍ മാറ്റി ക്രിക്കറ്റില്‍ ശ്രദ്ധിക്കാന്‍ പറ്റിയെന്നും സഞ്‌ജു പറഞ്ഞു്
ജി. അരുണ്‍