-->
മുംബൈ: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ട്വന്റി20 ലോകകപ്പിലെ ടീം ഓഫ് ദ ടൂര്‍ണമെന്റിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്‌ജു സാംസണ്‍ ഉള്‍പ്പെടെ നാല് ഇന്ത്യന്‍ താരങ്ങള്‍ ടീമിലുണ്ട്.
സഞ്‌ജുവിനെ വിക്കറ്റ് കീപ്പറായും ദക്ഷിണാഫ്രിക്കയുടെ എയ്‌ദീന്‍ മാര്‍ക്രമാണു നായകന്‍. മുന്‍ താരങ്ങളും ഐ.സി.സി. പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും അടങ്ങുന്ന സെലക്ഷന്‍ പാനലാണ് ടീമിനെ തെരഞ്ഞെടുത്തത്. സഞ്‌ജുവിന് പുറമേ ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, ജസ്‌പ്രീത് ബുംറ എന്നിവരാണു മറ്റ് ഇന്ത്യന്‍ താരങ്ങള്‍. അഞ്ച് മത്സരങ്ങളില്‍നിന്ന് 321 റണ്ണെടുത്ത സഞ്‌ജു ലോകകപ്പിലെ താരവുമായി. ബാറ്റിങ്ങില്‍ സഞ്‌ജുവിനൊപ്പം തിളങ്ങിയ ഇഷാന്‍ കിഷനും ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ഹാര്‍ദിക്കും ടീമിലിടംപിടിച്ചു.
ലോകകപ്പ് ഫൈനലിലെ താരമാണ് പേസര്‍ ബുംറ. പാകിസ്‌താന്‍ താരം സാഹിബ്‌സാദ ഫര്‍ഹാന്‍, ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ വില്‍ ജാക്‌സ്, വെസ്‌റ്റിന്‍ഡീസ് ബൗളര്‍ ജാസണ്‍ ഹേള്‍ഡര്‍, ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുംഗി എന്‍ഡിഡി, ഇംഗ്ലണ്ട് സ്‌പിന്നര്‍ ആദില്‍ റാഷിദ്, സിംബാബ്‌വേ പേസര്‍ ബ്ലെസിങ് മുസര്‍ബാനി എന്നിവരാണ് ടീം ഓഫ് ദ ടൂര്‍ണമെന്റിലെ മറ്റ് താരങ്ങള്‍. 12-ാമനായി യു.എസ്.എയുടെ ബൗളര്‍ ഷാഡ്‌ലി വാന്‍ ഷാല്‍ക്വിക്കും ഉള്‍പ്പെട്ടു.