-->
പാലക്കാട്: ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിനേത്തുടര്‍ന്ന് വലതുകൈ നഷ്‌ടപ്പെട്ട വിനോദിനി (9) അഞ്ചരമാസത്തിനുശേഷം സ്‌കൂളിലെത്തി.കൃത്രിമക്കൈയുമായി അമ്മ പ്രസീതയ്‌ക്കും അമ്മൂമ്മ ഓമനയ്‌ക്കും ഒപ്പമെത്തിയ വിനോദിനിയെ പല്ലശന ഒഴിവുപാറ എ.എല്‍.പി. സ്‌കൂള്‍ അധികൃതര്‍ മധുരം നല്‍കി സ്വീകരിച്ചു. കെ. ബാബു എം.എല്‍.എ. പൊന്നാടയണിയിച്ചു.കഴിഞ്ഞ സെപ്‌റ്റംബറിലാണ് സഹോദരനുമൊത്ത് കളിക്കുന്നതിനിടെ വിനോദിനിക്ക് വീണ് പരുക്കേറ്റത്. ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിനേത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്നു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഇടപെട്ടാണ് ഒരുമാസം മുമ്പ് കൃത്രിമക്കൈ ഘടിപ്പിച്ചത്.
24-ന് പരീക്ഷയാരംഭിക്കും. ഇടതുകൈ കൊണ്ട് എഴുതാന്‍ ശീലിച്ചിട്ടുള്ളതിനാല്‍ പരീക്ഷ പ്രശ്‌നമാവില്ലെന്ന് വിനോദിനിയുടെ അമ്മ പറഞ്ഞു. ഭാവിയില്‍ ഡോക്‌ടറാകാനാണ് ആഗ്രഹമെന്ന് വിനോദിനി പറഞ്ഞു.
നിര്‍മാണത്തൊഴിലാളിയായ വിനോദിന്റെയും പ്രസീതയുടെയും മകളാണ് വിനോദിനി. വിനോദിന്റെ കുടുംബത്തിനായി പല്ലാവൂരില്‍ കേരള ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ വാങ്ങിനല്‍കിയ അഞ്ച് സെന്റ് സ്‌ഥലത്ത് മറ്റൊരു സന്നദ്ധസംഘടന വീട് നിര്‍മിച്ചുനല്‍കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. കുട്ടിക്കു സഹായവും കരുതലും നല്‍കുമെന്നു പ്രധാനാധ്യാപിക പി.വി. അനിത പറഞ്ഞു.