Tuesday, March 10, 2026 Last Updated 44 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 05.29 PM

‘എന്റെയൊരു ഗുഡ്മോര്‍ണിംഗ് ചെന്നില്ലെങ്കില്‍ ഉടനെ അജുവിന്റെ കോൾ വരും, അതെനിക്കൊരു ധൈര്യമാണ്; ഞാൻ നേടിയെടുത്ത സമ്പാദ്യമാണ് എന്റെ കൂട്ടുകാര്‍...’ ഭഗത് മാനുവല്‍

uploads/news/2026/03/829249/Untitled-7.jpg
Bhagath Manuel about Aju Varghese (Image Source: Instagram)

വിനീത് ശ്രീനിവാസന്റെ ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെ ഒരു കൂട്ടം ചെറുപ്പക്കാരാണ് മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നിവിൻ പോളി, ശ്രാവൺ, ഹരികൃഷ്ണൻ, ഭഗത്,അജു വർഗ്ഗീസ് എന്നീ അഞ്ചു സുഹൃത്തുക്കളുടെ സുഹൃദ്ബന്ധത്തിന്റെ കഥ പറഞ്ഞ ഈ ചിത്രം പ്രേക്ഷകര്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ച ചിത്രമായിരുന്നു. ഈ സിനിമ മലയാളത്തിന് സമ്മാനിച്ച നടനാണ് ഭഗത് മാനുവൽ. പിന്നീട് ഒട്ടേറെ ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ചെയ്ത് ഭഗത് പ്രേക്ഷകമനസ്സിലിടം പിടിച്ചിരുന്നു.
അടുത്ത വീട്ടിലെ പയ്യനെന്ന് മലയാളിക്ക് തോന്നും വിധം നായകനായും സഹനടനായുമെല്ലാം നിരവധി സിനിമകള്‍ ​ചെയ്ത ഭഗതിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാ​‍ത്രമാണ് ആട് സീരീസിലെ കേന്ദ്രകഥാപാത്രം. എന്നാല്‍ തന്റെ കുടുംബപരമായ ചില പ്രശ്നങ്ങളും സാമ്പത്തികമായി അനുഭവിച്ച പ്രശ്നങ്ങളും കൊണ്ട് ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്ന ഒരു കാലഘട്ടം ഭഗതിന്റെ ജീവിതത്തിലുണ്ടായിരുന്നു. അവിടെ നിന്നൊക്കെ കരകയറാന്‍ ഭഗതിനെ ഏറ്റവും സഹായിച്ചത് സുഹൃത്തുക്കളാണ്. പ്രതിസന്ധികളും മാനസിക സമ്മര്‍ദ്ദങ്ങളും താണ്ടിയ താരം സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്.
ഇപ്പോഴിതാ തനിക്ക് വിഷമങ്ങള്‍ വരുന്ന സമയത്ത് ഓരോ മാലാഖമാർ കൂട്ടുകാരുടെ രൂപത്തിൽ തന്റെ ജീവിതത്തിലേക്ക് വരാറുണ്ടെന്ന് പറയുകയാണ് ഭഗത് മാനുവല്‍. ആത്മഹത്യയുടെ വക്കിലായിരുന്ന സമയത്ത് അതിൽ നിന്നെല്ലാം തന്നെ മാറ്റി തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നതും കൂട്ടുകാർ തന്നെയാണെന്നും തന്റെ കോള്‍ ചെന്നില്ലെങ്കില്‍ തിരിച്ച് അന്വേഷിക്കുന്നവരാണ് അവരെന്നും പറയുകയാണ് ഭഗത്.
‘‘എന്റെ പ്രശ്നങ്ങൾ നടക്കുന്ന സമയത്ത് നിവിൻ അടക്കമുള്ള സുഹൃത്തുക്കളെല്ലാം നല്ല ബിസിയായിരുന്നു. ഞാൻ ബിസിയാണെന്ന് അവരും കരുതി. അങ്ങനെ അങ്ങനെ ഒറ്റപ്പെട്ട് നിന്ന് തന്നെയിരുന്ന് കള്ളു കുടി ആരംഭിച്ചു. ലൈഫ് കുറേ അങ്ങ് കയ്യിൽ നിന്നും പോയി. അതിൽ നിന്നെല്ലാം എന്നെ മാറ്റി തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നതും കൂട്ടുകാർ തന്നെയാണ്. ആത്മഹത്യയുടെ വക്കിലായിരുന്നു ഞാൻ. അന്ന് ഡോർ തള്ളി തുറന്ന് കയറി വന്ന രണ്ട് സുഹൃത്തുക്കളാണ് സംവിധായകൻ മനുവും ജിയോയുമൊക്കെ. അന്ന് മുതൽ അവന്മാർ ഉറങ്ങുന്നത് പോലും എനിക്കൊപ്പമായിരുന്നു. ആറ്, ഏഴ് മാസം അങ്ങനെയായിരുന്നു.
ഓരോ സമയത്തും ഓരോ മാലാഖമാർ ഇതുപോലെ കൂട്ടുകാരുടെ രൂപത്തിൽ എന്റെ ജീവിതത്തിലേക്ക് വരാറുണ്ട്. അതുപോലെ പ്രിയപ്പെട്ട സുഹൃത്താണ് അജുവും. കേറിയിറങ്ങി കേറിയിറങ്ങി എപ്പോഴുമിങ്ങനെ കൂടെയുണ്ടാകും. എന്തു പറ്റിയെന്ന് ചോദിക്കും. എല്ലാ ദിവസവും മുടങ്ങാതെ അവന് ഒരു ​ഗുഡ് മോണിങ് അയക്കുന്ന ആളാണ് ഞാന്‍. ഒരിക്കല്‍ പോലും അജു എനിക്ക് മറുപടി അയയ്ക്കാറില്ല. പക്ഷേ എന്നെങ്കിലും ഒരു ഗുഡ്മോര്‍ണിംഗ് ചെന്നില്ലെങ്കില്‍ ഉടനെ അവന്റെ കോൾ വരും. അത് എനിക്ക് ഒരു ധൈര്യമാണ്. അതുപോലെ തന്നൊണ് മിഥുനും. പതിനൊന്നു മണി കഴിഞ്ഞ് എന്റെയൊരു റെസ്പോണ്‍സ് ചെന്നില്ലെങ്കില്‍ ഉറപ്പായും തിരിച്ചു വിളിക്കും. ഇതൊക്കെ ഞാൻ നേടിയെടുത്ത സമ്പാദ്യമാണ്. ഇതുപോരെ ജീവിതത്തില്‍...’’ വൈകാരികമായി ഭഗത് മാനുവല്‍ പറഞ്ഞു. ഷെഫ് നളന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സുഹൃത്തുക്കളെക്കുറിച്ച് ഭഗത് തുറന്നു സംസാരിച്ചത്.
ഭഗത് പ്രധാന വേഷങ്ങളിലൊന്ന് അവതരിപ്പിക്കുന്ന ആട് ത്രീ റിലീസിനൊരുങ്ങുകയാണ്. ബിഗ് ബജറ്റ് ചിത്രവുമായി ഷാജി പാപ്പനും സംഘവും എത്തുന്നത് മാര്‍ച്ച് 19 നാണ്. രണ്ട് ടൈം ലൈനില്‍ കഥ പറയുന്ന സിനിമയുടെ റിലീസ് കാത്തിരിക്കുകയാണ് ആരാധകര്‍.

Ads by Google
Monday 09 Mar 2026 05.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW