-->
കുഞ്ചാക്കോ ബോബന്റെ എവർഗ്രീൻ സൂപ്പർഹിറ്റുകളിൽ ഒന്നായ ‘പ്രിയം’ എന്ന സിനിമയില്‍ നായികവേഷത്തിലെത്തി പ്രേക്ഷകരുടെ മനസ്സ് കവര്‍ന്ന താരമാണ് ദീപ നായര്‍. വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ആ ഒരൊറ്റ സിനിമ കൊണ്ട് ദീപയ്ക്ക് കിട്ടിയ ഫാന്‍ ബേസ് വളരെ വലുതാണ്. അക്കാലത്ത് ഒരുപാട് ചെറുപ്പക്കാരുടെ ക്രഷായിരുന്നു ദീപ. പ്രിയത്തിനു ശേഷം ഒരുപാട് സിനിമകളില്‍ നായികാ വേഷത്തിന് ദീപയെ പരിഗണിച്ചിരുന്നു . എന്നാൽ കരിയറും ജീവിതവും ഒരുമിച്ചു കൊണ്ടുപോകാൻ ശ്രമിച്ച ദീപയ്ക്ക് അതിൽ നിന്നെല്ലാം നോ പറയേണ്ടി വന്നു.
മെൽബണിൽ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സന്തോഷമായി ജീവിക്കുന്ന ദീപ അടുത്തിടെയായി സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്. അക്കൂട്ടത്തില്‍ അടുത്തിടെ താന്‍ അജു വര്‍ഗീസിനെ ആകസ്മികമായി കണ്ട കാര്യവും ദീപ പങ്കിട്ടിരുന്നു.
ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിലെത്തിയ താരം നടൻ അജു വർഗീസിനെക്കുറിച്ച് പറഞ്ഞതാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. തിരുവനന്തപുരത്ത് ആറ്റുകാൽ പൊങ്കാല സമർപ്പിക്കാൻ എത്തിയപ്പോഴായിരുന്നു ഓൺലൈൻ മാധ്യമങ്ങളോട് താരം മനസ്സ് തുറന്നത്. ‘പ്രിയം’ റിലീസ് ചെയ്ത സമയത്ത് തനിക്ക് വലിയ ആരാധകവൃന്ദം ഉണ്ടായിരുന്നുവെന്നും അന്ന് സ്കൂൾ വിദ്യാർഥിയായിരുന്ന അജു വർഗീസ് തനിക്ക് കത്തുകൾ അയക്കുകയും ഫോണിൽ വിളിക്കുകയും ചെയ്തിട്ടുണ്ടെന്നും ദീപ പറഞ്ഞു.
‘‘പ്രിയം സിനിമ ഇറങ്ങിയ സമയത്ത് ഒരുപാട് ഫാൻസ് ഉണ്ടായിരുന്നു. ഒരുപാട് പേര് വിളിക്കുമായിരുന്നു. അജു വർഗീസ് വരെ വിളിച്ചിട്ടുണ്ട്. അജു ഫോണിൽ വിളിക്കുമായിരുന്നു, ഞാൻ അജുവിനോട് സംസാരിച്ചിട്ടുണ്ട്. അജു ആ സമയത്ത് ചെറുതാണ്. ഞാൻ എൻജിനീയറിങ്ങിനു പഠിക്കുമ്പോഴാണ് ‘പ്രിയം’ സിനിമയിൽ അഭിനയിച്ചത്. അതിനു ശേഷം കോഴ്സ് പൂർത്തിയാക്കാൻ പോയി. കോഴ്സ് കഴിഞ്ഞപ്പോൾ പിന്നെ സിനിമാ ഓഫർ ഒന്നും വന്നില്ല. ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത് ഹിറ്റ് ആകാത്ത സിനിമകളിൽ അഭിനയിച്ചിട്ടും കാര്യമില്ലല്ലോ, ‘പ്രിയ’ത്തിലൂടെ കിട്ടിയ ഇഷ്ടം കൂടി പോകും. സ്ത്രീകൾക്ക് സിനിമയിൽ പിടിച്ചു നിൽക്കാൻ പാടാണ്. പിന്നീട് വിവാഹം കഴിഞ്ഞു ഇപ്പോൾ ഭർത്താവും കുട്ടികളുമായി ഓസ്‌ട്രേലിയയിൽ ആണ് താമസം...’’ ദീപ നായർ പറഞ്ഞു.
എഞ്ചിനീയറിങ്ങിന് പഠിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് പ്രിയത്തിലേക്ക് എത്തിയത്. സിനിമ സൂപ്പർഹിറ്റായെങ്കിലും പഠനം പൂർത്തിയാക്കുന്നതിനായി താരം വെള്ളിത്തിരയിൽ നിന്ന് താൽക്കാലികമായി വിട്ടുനിന്നു. പിന്നീട് സോഫ്റ്റ് വെയർ എഞ്ചിനീയറായ രാജീവിനെ വിവാഹം ചെയ്ത താരം വിദേശത്തേക്ക് ചേക്കേറി. വർഷങ്ങൾക്കിപ്പുറവും മലയാളി പ്രേക്ഷകർ തന്നെ തിരിച്ചറിയുന്നതിലും സ്നേഹിക്കുന്നതിലും വലിയ സന്തോഷമുണ്ടെന്ന് താരം പലതവണ പറഞ്ഞിട്ടുണ്ട്. ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പിക്കാനായി എത്തിയ ദീപയുടെ ചിത്രങ്ങളും വിഡിയോകളും ആരാധകർ ഏറ്റെടുക്കുകയാണ്.
നേരത്തെ മുംബൈയിൽ വച്ച് അജുവിനെ അപ്രതീക്ഷിതമായി കണ്ട സന്തോഷം ദീപ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ‘‘മുംബൈയിൽ ഐടിസി മറാത്ത ഹോട്ടലിന്റെ ലിഫ്റ്റിൽ വച്ചാണ് ഞാനീ വ്യക്തിയെ അപ്രതീക്ഷിതമായി കാണുന്നത്. എനിക്ക് ദീർഘകാലമായി അറിയാവുന്ന കക്ഷിയാണ് ഇദ്ദേഹം. പല തവണ സംസാരിച്ചിട്ടുണ്ട്. പക്ഷേ, നേരിൽ കണ്ടിട്ടില്ല. ‘പ്രിയം’ ഇറങ്ങിയ കാലത്ത് എന്റെ ആരാധകനായിരുന്നു. ആ സമയത്ത് അദ്ദേഹം സ്കൂളിൽ ആയിരുന്നിരിക്കണം. ഇപ്പോൾ ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. നിങ്ങൾക്ക് ഈ വ്യക്തി ആരാണെന്ന് ഊഹിക്കാമോ? ഞാൻ ചില സൂചനകൾ തരാം. മലയാളത്തിൽ പ്രശസ്തനായ ഒരു അഭിനേതാവാണ്.
മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം പല തവണ നേടിയിട്ടുണ്ട്. ഫൺടാസ്റ്റിക് ഫിലിംസ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ഉടമസ്ഥരിൽ ഒരാളാണ്. 2010ൽ ഇറങ്ങിയ ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ ഇദ്ദേഹം അരങ്ങേറിയത്. ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായിക്കാണും. അതെ, പ്രതിഭാധനനായ അജു വർഗീസ് ആണ് ഞാൻ പറഞ്ഞ ആരാധകൻ. ഈ കൂടിക്കാഴ്ചയുടെ രസം എന്താണെന്നു വച്ചാൽ അജുവാണ് എന്നെ ആദ്യം തിരിച്ചറിഞ്ഞത്. ഞാൻ ആളെ തിരിച്ചറിയുന്നതിന് മുൻപെ അജു എന്നെ മനസ്സിലാക്കി. നന്ദി അജു, എന്നെ തിരിച്ചറിഞ്ഞതിന്! മറ്റൊരു സമയത്ത് നമുക്ക് ഇനിയും കാണാം...’’ എന്നാണ് അന്ന് ആ കൂടിക്കാഴ്ച പങ്കിട്ട് ദീപ കുറിച്ചത്.