-->
നടൻ അല്ലു അർജുന്റെ സഹോദരനും നടനുമായ അല്ലു സിരീഷ് വിവാഹിതനായി. ദീർഘകാല സുഹൃത്തായ നയനിക റെഡ്ഡിയാണ് വധു. മാർച്ച് 6 വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഹൈദരാബാദിലെ അല്ലു സ്റ്റുഡിയോയിൽ ആയിരുന്നു അതിഗംഭീരമായ വെഡ്ഡിംഗ് റിസപ്ഷൻ ആഘോഷങ്ങൾ.
ഇപ്പോഴിതാ, വിവാഹചിത്രങ്ങൾ പങ്കുവച്ച് അല്ലു സിരിഷ് കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ പരേതനായ ഭാര്യാപിതാവിന് നന്ദി പറഞ്ഞുകൊണ്ട് സിരീഷിന്റെ കുറിപ്പ്.
"എന്റെ പരേതനായ ഭാര്യാപിതാവ് ഡി. ശരത് ചന്ദ്ര റെഡ്ഡി ഗാരുവിന് — നിങ്ങളെ നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. എങ്കിലും, ഇന്ന് എന്റെ ഭാര്യയായി കൂടെയുള്ള ഈ പെൺകുട്ടിയെ ഇത്രയും നന്നായി വളർത്തിയതിന് നിങ്ങളോട് ഞാൻ നന്ദി പറയുന്നു. നിങ്ങൾ പകർന്നുനൽകിയ ആ സ്നേഹം, ഈ ഭൂമിയിലുള്ള എന്റെ ബാക്കി കാലമത്രയും ഞാൻ മുന്നോട്ട് കൊണ്ടുപോകും," എന്നാണ് അല്ലു സിരിഷ് കുറിച്ചത്.
2023 ഒക്ടോബറിൽ വരുൺ തേജ് - ലാവണ്യ തൃപാഠി വിവാഹത്തോടനുബന്ധിച്ച് നടൻ നിതിനും ഭാര്യ ശാലിനിയും നൽകിയ പാർട്ടിയിൽ വെച്ചാണ് സിരീഷും നയനികയും ആദ്യമായി കണ്ടുമുട്ടുന്നത്. ഹൈദരാബാദ് സ്വദേശിയായ നയനിക റെഡ്ഡി ഒരു ബിസിനസ് പ്രൊഫഷണലാണ്. പ്രമുഖ വ്യവസായ കുടുംബത്തിൽ നിന്നുള്ള അംഗമായ നയനികയ്ക്ക് സിനിമയുമായി മുൻപരിചയങ്ങളൊന്നുമില്ല.