-->
ബാള്‍ട്ടിമോര്‍: അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി 899 കരിയര്‍ ഗോളുകള്‍ തികച്ചു. മേജര്‍ സോക്കര്‍ ലീഗില്‍ ഡി.സി. യുണൈറ്റഡിനെതിരേ ഇന്റര്‍ മിയാമിക്കായി ഗോളടിച്ചതോടെയാണ് മെസി 899 ലെത്തിയത്.
എം.ആന്‍ഡ് ടി ബാങ്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്റര്‍ 2-1 നു ജയിച്ചു. മയാമിക്കായി മെസിയും റോഡ്രിഗോ ഡി പോളുമാണ് ഗോളടിച്ചത്. ടീമിനായി ആദ്യം ഗോളടിച്ചത് ഡി പോളാണ്. 17-ാം മിനിട്ടിലായിരുന്നു ഗോള്‍. പത്ത് മിനിറ്റുകള്‍ക്കപ്പുറം മെസിയും വലകുലുക്കി. മറ്റെയോ സില്‍വെറ്റി നല്‍കിയ പന്തിനെയാണു മെസി വലയിലാക്കിയത്. 75-ാം മിനിറ്റില്‍ തായ് ബാരിബോയാണ് ഡി.സി. യുണൈറ്റഡിന്റെ ആശ്വാസ ഗോളടിച്ചു.
ഒറ്റ ഗോള്‍ അകലെ മറ്റൊരു ചരിത്രനേട്ടവും താരത്തിനെ കാത്തിരിക്കുന്നുണ്ട്. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 900 ഗോളുകളടിക്കുന്ന താരമാകാനും അവസരമുള്ളത്. പോര്‍ചുഗല്‍ ഇതിഹാസം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയെ ഈ നേട്ടത്തില്‍ മറികടക്കാനും സാധിക്കും. 1238 മത്സരങ്ങളില്‍ നിന്നാണു ക്രിസ്‌റ്റ്യാനോ 900 ഗോളുകളടിച്ചത്. പോര്‍ചുഗലിന് പുറമെ വിവിധക്ല ബുകള്‍ക്ക് വേണ്ടി കളിച്ചാണു ക്രിസ്‌റ്റ്യാനോ 900 കടന്നത്. മെസി ഇതുവരെ 1140 മത്സരങ്ങള്‍ കളിച്ചു. 12 നാണ് ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം.
നാഷ്‌വിലെയാണ് എതിരാളികള്‍. നാഷ്‌വിലെയുടെ ജിയോഡിസ് പാര്‍ക്കിലാണ് മത്സരം. മെസി മയാമിക്കായി ഇതുവരെ 80 ഗോളുകളടിച്ചു. ജൂണില്‍ മെസിക്ക് 39 വയസ് പൂര്‍ത്തിയാകും. സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയ്‌ക്കായി 672 ഗോളുകളും പാരീസ് സെയിന്റ് ജെര്‍മെയ്‌നായി 32 ഗോളുകളുമടിച്ചു. അര്‍ജന്റീനയ്‌ക്കായി രാജ്യാന്തര ഫുട്‌ബോളില്‍ 115 ഗോളുകളും മെസി കുറിച്ചു.