-->
മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന്റെ ദുരന്ത സ്‌മരണകളുമായാണ് ടീം ഇന്ത്യ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയത്തിലേക്കു ചുവട് വച്ചത്. ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ട്‌േപ്പാഴും കാണികളുടെ മനസില്‍ ദുരന്ത സ്‌മരണകളായിരുന്നു.
ഫോമിലേക്ക് മടങ്ങിയെത്തിയ ഓപ്പണര്‍ അഭിഷേക് ശര്‍മ ആശ്വാസമായി. 18 പന്തില്‍ 50 തികച്ച താരം 52 റണ്ണുമായി പുറത്തായി. ട്വന്റി20 ലോകകപ്പില്‍ ഒരു താരത്തിന്റെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ചുറിയെന്ന റെക്കോഡും അഭിഷേക് സ്വന്തമാക്കി. 19 പന്തില്‍ 50 കടന്ന ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്‌ദീന്‍ മാര്‍ക്രത്തിന്റെ റെക്കോഡാണ് താരം തിരുത്തിയത്. ടൂര്‍ണമെന്റില്‍ അഭിഷേകിന്റെ രണ്ടാം അര്‍ധ സെഞ്ചുറിയാണിത്. അഭിഷേകിനൊപ്പം സഞ്‌ജുവും തകര്‍ത്തടിച്ചതോടെ പവര്‍പ്ലേയില്‍ ഇന്ത്യ 92 റണ്‍ അടിച്ചെടുത്ത് റെക്കോഡിട്ടു. പവര്‍പ്ലേയില്‍ ഒരു ടീം നേടുന്ന ഉയര്‍ന്ന സ്‌കോറാണ് സഞ്‌ജുവും അഭിഷേകും ചേര്‍ന്നെടുത്തത്. 2024 ല്‍ ബ്രിഡ്‌ജ്ടൗണില്‍ അഫ്‌ഗാനിസ്‌ഥാനെതിരേ പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 92 റണ്ണെടുത്ത വെസ്‌റ്റിന്‍ഡീസിന്റെ റെക്കോഡിനൊപ്പമെത്താനും ഇന്ത്യക്കായി. അഭിഷേകിനെ റാചിന്‍ രവീന്ദ്ര വിക്കറ്റ് കീപ്പര്‍ ടിം സീഫര്‍ട്ടിന്റെ കൈയിലെത്തിച്ച് കൂട്ടുകെട്ട് പൊളിച്ചു. ഇഷാന്‍ കിഷനും സഞ്‌ജുവും ചേര്‍ന്നായിരുന്നു തുടര്‍ന്നുള്ള ആക്രമണം. 203 ലെത്തിയ ശേഷമാണു കൂട്ടുകെട്ട് പിരിഞ്ഞത്. സഞ്‌ജുവിനെയും ഇഷാനെയും ജിമ്മി നീഷാം 16-ാം ഓവറില്‍ പുറത്താക്കി. നായകന്‍ സൂര്യകുമാര്‍ യാദവും അതേ ഓവറില്‍ ഗോള്‍ഡന്‍ ഡക്കായി. ശിവം ദുബെയും (എട്ട് പന്തില്‍ 26) തിലക് വര്‍മയും (ആറ് പന്തില്‍ എട്ട്) ചേര്‍ന്നാണ് ടീമിനെ 250 ലെത്തിച്ചത്‌്്. ന്യൂസിലന്‍ഡിന് നാല് ഓവറില്‍ 15 റണ്‍ വഴങ്ങി നാല് വിക്കറ്റെടുത്ത ജസ്‌പ്രീത് ബുംറയ്‌ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. ഇടംകൈയന്‍ സ്‌പിന്നര്‍ അക്ഷര്‍ പട്ടേല്‍ മൂന്ന് വിക്കറ്റും ഹാര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, അഭിഷേക് ശര്‍മ എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു.