Thursday, March 12, 2026 Last Updated 3 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.56 PM

ട്വന്റി 20 ലോകകപ്പ്‌ കിരീടം നിലനിര്‍ത്തി ചരിത്രവിജയം

uploads/news/2026/03/829162/sp0.jpg

അഹമ്മദാബാദ്‌: മലയാളി താരം സഞ്‌ജു സാംസണിന്റെ മികവില്‍ ഐ.സി.സി. ട്വന്റി-20 ക്രിക്കറ്റ്‌ ലോകകിരീടം ഇന്ത്യ നിലനിര്‍ത്തി. അഹമ്മദാബാദ്‌ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ ഇന്ത്യ 96 റണ്‍സിനു പരാജയപ്പെടുത്തി. സ്‌കോര്‍: ഇന്ത്യ- അഞ്ചുവിക്കറ്റിന്‌ 255. ന്യൂസിലന്‍ഡ്‌ 19 ഓവറില്‍ 159 റണ്ണിന്‌ എല്ലാവരും പുറത്ത്‌. നാലോവറില്‍ 15 റണ്ണിനു നാലുവിക്കറ്റ്‌ പിഴുത പേസര്‍ ജസ്‌പ്രീത്‌ ബുംറ ഫൈനലിലെയും 321 റണ്ണുമായി ഇന്ത്യന്‍ റണ്‍വേട്ടയ്‌ക്കു ചുക്കാന്‍ പിടിച്ച സഞ്‌ജു സാംസണ്‍ ടൂര്‍ണമെന്റിലെയും താരമായി.
ടി-20 ലോകകിരീടം നിലനിര്‍ത്തിയ ആദ്യ ടീമാണ്‌ ഇന്ത്യ. 2024 നു പുറമേ 2007-ലെ കിരീടവും കൂടിയായതോടെ കുട്ടിക്രിക്കറ്റില്‍ ഇന്ത്യയുടെ ഹാട്രിക്‌ ചരിതമാണ്‌ അഹമ്മദാബാദില്‍ പിറന്നത്‌. 2023 ഏകദിന ലോകകപ്പ്‌ ഫൈനലില്‍ അഹമ്മദാബാദിലേറ്റ പരാജയത്തിന്റെ മാനക്കേടും ഇന്ത്യ മായ്‌ച്ചു. അന്ന്‌ ഓസ്‌ട്രേലിയയാണ്‌ ഇന്ത്യയെ പരാജയപ്പെടുത്തിയത്‌.
മലയാളി താരം സഞ്‌ജു സാംസണ്‍ (46 പന്തില്‍ എട്ടു സിക്‌സും അഞ്ചുഫോറും ഉള്‍പ്പെടെ 89 റണ്‍സ്‌), അഭിഷേക്‌ ശര്‍മ (52), ഇഷാന്‍ കിഷന്‍(54)എന്നിവരുടെ പ്രകടനമാണ്‌ ന്യൂസിലന്‍ഡിനെതിരേ ഇന്ത്യന്‍ സ്‌കോര്‍ 255-ല്‍ എത്തിച്ചത്‌. നാല്‌ ഓവറില്‍ 15 റണ്‍സ്‌ വഴങ്ങി നാല്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ജസ്‌പ്രീത്‌ ബുംറ ഇന്ത്യന്‍ വിജയം വേഗത്തിലാക്കി.
ഇന്ത്യയുടെ തുടക്കം അതിവേഗമായിരുന്നു. ന്യൂസിലന്‍ഡിന്റെ ബൗളിങ്‌ നിരയെ തച്ചുടച്ച്‌ സഞ്‌ജുവും അഭിഷേകും ചേര്‍ന്ന്‌ ഇന്ത്യക്ക്‌ മികച്ച തുടക്കം നല്‍കി. പവര്‍പ്ലേയില്‍ 92 റണ്‍സെടുത്ത്‌ ഇന്ത്യയുടെ മിന്നുന്ന ഓപ്പണിങ്‌ കൂട്ടുകെട്ട്‌ അവരുടെ ഏറ്റവും മികച്ച ഫോമിലേക്ക്‌ തിരിച്ചെത്തി. തുടര്‍ന്ന്‌ എട്ട്‌ ഓവറിനുള്ളില്‍ 100 റണ്‍സിലെത്തി. അഭിഷേക്‌ മടങ്ങിയെങ്കിലും ഇന്ത്യയുടെ വേഗം കുറഞ്ഞില്ല. ഇഷാന്‍ കിഷന്‍ 23 ബോളില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി, സഞ്‌ജു സാംസണുമായി ചേര്‍ന്ന്‌ നൂറ്‌ റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തി. 12-ാം ഓവറില്‍ ഇന്ത്യ 150 കടന്നു. ക്യാപ്‌റ്റന്‍ സൂര്യകുമാര്‍ യാദവ്‌ റണ്‍സെടുക്കാതെ മടങ്ങിയതും ഇന്ത്യക്ക്‌ തിരിച്ചടിയായില്ല.
പടുകൂറ്റന്‍ ലക്ഷ്യത്തിലേക്കുള്ള ന്യൂസിലന്‍ഡിന്റെ യാത്രയുടെ തുടക്കം ഭേദമായിരുന്നു. എന്നാല്‍, മികച്ച ബൗളിങ്ങും തകര്‍പ്പന്‍ ഫീല്‍ഡിങ്ങുമായി കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്ത്‌ കിവികളെ ഇന്ത്യ വരിഞ്ഞുകെട്ടി കിരീടം ചൂടി.
സ്വപ്‌നം പോലെ...

'ഇതൊരു സ്വപ്‌നം പോലെ തോന്നുന്നു, വാക്കുകള്‍ക്കും വികാരങ്ങള്‍ക്കും അപ്പുറം. 2024 ലോകകപ്പ്‌ ടീമില്‍ കളിക്കാന്‍ അവസരം ലഭിക്കാതെ പോയപ്പോള്‍ ഞാന്‍ നിരാശനായിരുന്നു. ന്യൂസിലന്‍ഡ്‌ പരമ്പരയ്‌ക്ക്‌ ശേഷം ഞാന്‍ തകര്‍ന്നു പോയി എന്നതാണു സത്യം. എന്നാല്‍ ദൈവത്തിന്‌ വേറെ പദ്ധതികളുണ്ടായിരുന്നു. സ്വപ്‌നം കാണാന്‍ ധൈര്യം കാണിച്ചതിന്‌ എനിക്ക്‌ പ്രതിഫലം ലഭിച്ചു. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി ഞാന്‍ സച്ചിന്‍ സാറിന്റെ വാക്കുകള്‍ അനുസരിച്ചു മുന്നോട്ടുപോകുകയായിരുന്നു. ഞാന്‍ അദ്ദേഹത്തെ പലതവണ സമീപിച്ചു. അദ്ദേഹത്തെപ്പോലൊരാളില്‍നിന്ന്‌ മാര്‍ഗ്ഗനിര്‍ദേശം ലഭിക്കുമ്പോള്‍, അതിനപ്പുറം മറ്റെന്ത്‌ വേണം? - സഞ്‌ജു സാംസണ്‍ പ്രതികരിച്ചു.

Ads by Google
Sunday 08 Mar 2026 11.56 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW