-->
ന്യൂസിലന്‍ഡിനെതിരേ നടന്ന ഫൈനലില്‍ ആഞ്ഞടിച്ചതോടെ ഒരു ഐതിഹാസിക നേട്ടം തന്റെ പേരിനൊപ്പം കുറിക്കാന്‍ സഞ്‌ജു സാംസണിനായി.
ഒരു ട്വന്റി20 ലോകകപ്പില്‍ ഏറ്റവുമധികം റണ്ണെടുക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് സഞ്‌ജു തന്റെ പേരിലാക്കിയത്‌്. വിരാട് കോഹ്ലിയുടെ 2014 ലെയും 21016ലെയും റെക്കോഡുകളാണു തിരുത്തിയത്. അഞ്ച് ഇന്നിങ്‌സുകളില്‍നിന്നു 321 റണ്ണാണ് സഞ്‌ജു അടിച്ചെടുത്തത്.199.37 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലാണ് താരം റണ്ണെടുത്തത്. 80.25 എന്ന മികച്ച ബാറ്റിങ് ശരാശറിയിലും സ്‌കോര്‍ ചെയ്‌തു. സെഞ്ചുറിയടിക്കാനായില്ലെങ്കിലും കിടിലന്‍ മൂന്ന് അര്‍ധ സെഞ്ചുറികള്‍ അടിച്ചെടുക്കാനായി.
ഒരു ലോകകപ്പില്‍ ഏറ്റവുമധികം നോക്ക്‌ഔട്ട് റണ്‍ നേടുന്ന താരങ്ങളുടെ പട്ടികയിലും സഞ്‌ജു കോഹ്‌ലിയെ രണ്ടാം സ്‌ഥാനത്താക്കി. സെമി ഫൈനലിലും ഫൈനലിലുമായി സഞ്‌ജു 178 റണ്ണാണ് അടിച്ചെടുത്തത്. 2014 ല്‍ വിരാട് കോഹ്‌ലി നേടിയ 149 റണ്ണിന്റെ റെക്കോഡാണു പഴങ്കഥയായത്. 2022 ല്‍ 106 റണ്ണെടുത്ത ജോസ് ബട്ട്‌്ലറാണ് പട്ടികയിലെ മൂന്നാമന്‍. ഒരു ട്വന്റി20 ലോകകപ്പിന്റെ സെമി ഫൈനലിലും ഫൈനലിലും അര്‍ധ സെഞ്ചുറിയടിക്കുന്ന ചരിത്രത്തിലെ മൂന്നാം താരമെന്ന നേട്ടത്തിലും സഞ്‌ജു ഇടം പിടിച്ചു. 2009 ലോകകപ്പിലാണ് ഈ നേട്ടം ആദ്യമായി പിറവിയെടുത്തത്. പാകിസ്‌താന്റെ ഇതിഹാസം ഷാഹിദ് അഫ്രിഡിയാണ് ഈ നേട്ടത്തില്‍ ആദ്യമെത്തിയ താരം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന സെമി ഫൈനലില്‍ 51 റണ്ണെടുത്ത അഫ്രീഡി ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ 54 റണ്ണുമെടുത്തു. കോഹ്‌ലിയാണ് ഈ നേട്ടത്തിലെത്തിയ രണ്ടാം താരം.
2014 ലെ സെമിയിലും ഫൈനലിലും വിരാട് കോഹ്ലി കരുത്തുകാട്ടിയെങ്കിലും ഇന്ത്യക്കു കിരീടം നേടാന്‍ സാധിച്ചില്ല. സെമി ഫൈനലില്‍ ക്ഷിണാഫ്രിക്കയായിരുന്നു എതിരാളികള്‍. ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ച മത്സരത്തില്‍ കോഹ്ലി 44 പന്ത് നേരിട്ട് പുറത്താകാതെ 72 റണ്ണെടുത്തു. ഇന്ത്യ 130 റണ്ണെടുത്തപ്പോള്‍ 77 റണ്ണാണ് വിരാട് കോഹ്ലിയുടെ സംഭാവന. കുമാര്‍ സംഗക്കാരയുടെ അര്‍ധ സെഞ്ചുറി കരുത്തില്‍ ലങ്ക കപ്പുയര്‍ത്തി. ഈ ലോകകപ്പില്‍ കരുത്തരായ ഇംഗ്ലണ്ടിനെതിരായിരുന്നു ഇന്ത്യയുടെ സെമി ഫൈനല്‍ പോരാട്ടം. മത്സരത്തില്‍ ഇന്ത്യ ഏഴ് റണ്ണിന് ജയിച്ചപ്പോള്‍ 42 പന്തില്‍ 89 റണ്ണുമായി സഞ്‌ജു ഇന്ത്യയുടെ ടോപ്പ് സ്‌കോററായി. വെസ്‌റ്റിന്‍ഡീസിനെതിരേ നടന്ന സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തിലും സഞ്‌ജു അര്‍ധ സെഞ്ചുറിയടിച്ചു.
ഒരു ട്വന്റി20 ലോകകപ്പില്‍ തുടരെ 50 ലധികം റണ്ണെടുക്കുന്ന രണ്ടാമത്തെ താരമാണു സഞ്‌ജു. ശ്രീലങ്കയുടെ മഹേള ജയവര്‍ധനെ 2010 ലോകകപ്പില്‍ തുടരെ മൂന്നു തവണ 50 ലധികം റണ്ണെടുത്തു.