-->
കൊച്ചി: സംസ്‌ഥാനത്തെ 14 നിയമസഭാ സീറ്റുകളില്‍ ലത്തീന്‍ കത്തോലിക്കാ സമുദായ അംഗങ്ങളെമാത്രമേ സ്‌ഥാനാര്‍ഥികളാക്കാവൂ എന്നു മുന്നണികള്‍ക്കു നിര്‍ദ്ദേശം നല്‍കി ലത്തീന്‍ കത്തോലിക്കാ സഭ. സമുദായം കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് അ ല്ലെന്നും മുഖപത്രമായ 'ജീവനാദ'ത്തില്‍ ലത്തീന്‍ കത്തോലിക്കാ സഭ അറിയിച്ചു. സഭാ രാഷ്‌ട്രീയകാര്യ സമിതി വൈസ് പ്രസിഡന്റും സമുദായ വക്‌താവുമായ ജോസഫ് ജൂഡാണു രാഷ്‌ട്രീയ നിലപാട് വ്യക്‌തമാക്കിയത്.
ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി സംസ്‌ഥാന സര്‍ക്കാരിനെ മുഖപത്രത്തില്‍ പ്രശംസിച്ചിട്ടുണ്ട്. ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിനോടുള്ള നിലപാട് രാഷ്‌ട്രീയകക്ഷികള്‍ വ്യക്‌തമാക്കണമെന്നും സഭ ആവശ്യപ്പെടുന്നു.
നെയ്യാറ്റിന്‍കര, പാറശാല, കോവളം, തിരുവനന്തപുരം, ചവറ, കൊല്ലം, ആലപ്പുഴ, ചേര്‍ത്തല, അരൂര്‍, കൊച്ചി, എറണാകുളം, വൈപ്പിന്‍, പീരുമേട് എന്നിങ്ങനെ 14 നിയമസഭാ മണ്ഡലങ്ങളില്‍ ലത്തീന്‍ കത്തോലിക്കരെ മാത്രമേ സ്‌ഥാനാര്‍ഥികളാക്കാവൂ എന്നാണ് ആവശ്യം. ഇതില്‍ കൊച്ചിയും എറണാകുളവും ലത്തീന്‍ കത്തോലിക്ക പ്രാതിനിധ്യം ഉറപ്പാക്കേണ്ട മണ്ഡലങ്ങളാണെന്നു പ്രത്യേകം പറയുന്നു. ഇതില്‍ മാറ്റമുണ്ടാകുന്നത് അസ്വീകാര്യമാണ്. എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കൊച്ചി നിയോജക മണ്ഡലത്തില്‍ പരിഗണിക്കുന്ന കോണ്‍ഗ്രസിനും യു.ഡി.എഫിനും സഭാ മുഖപത്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
'1948ല്‍ ദേശീയ പ്രസ്‌ഥാനം ശക്‌തമാക്കുന്നതിന്റെ ഭാഗമായി ലത്തീന്‍ കത്തോലിക്ക മഹാ ജനസഭ പിരിച്ചുവിട്ട് അണികള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അന്നുമുതല്‍ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് ആയി സമുദായം മാറി. എന്നാല്‍, സമുദായത്തിനു മെച്ചമുണ്ടായില്ല. അതിനാല്‍ 2025ല്‍ രാഷ്‌ട്രീയ നയം മാറ്റി. സഭയ്‌ക്കും സമുദായത്തിനും ആരു ഗുണം ചെയ്യുന്നോ അവര്‍ക്കൊപ്പം സമുദായം നിലകൊള്ളും എന്നതാണ് രാഷ്‌ട്രീയ നിലപാട്. എല്‍.ഡി.എഫ്. സര്‍ക്കാര്‍ ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കുകയും സമുദായത്തിനു ഗുണപരമായ കാര്യങ്ങള്‍ ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അവശേഷിക്കുന്ന സമയംകൊണ്ട് റിപ്പോര്‍ട്ടിലെ കുറച്ചു കാര്യങ്ങളെങ്കിലും നടപ്പാക്കാന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിനു കഴിഞ്ഞാല്‍ അതു സര്‍ക്കാരിനു വലിയ നേട്ടമായി മാറും'- ജീവനാദം ചൂണ്ടിക്കാട്ടി.
വൈപ്പിന്‍ മണ്ഡലം ലത്തീന്‍ കത്തോലിക്കാ സമുദായത്തിനു നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണെന്നും അതിനാല്‍ സമുദായാംഗങ്ങളെ മത്സരിപ്പിക്കണമെന്നും ബിഷപ്പുമാര്‍ കഴിഞ്ഞ ദിവസം പരസ്യമായി ആവശ്യപ്പെട്ടിരുന്നു.