-->
കൊച്ചി: ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 60 രൂപ വര്‍ധിച്ചു. വാണിജ്യ സിലിണ്ടറുകളുടെ വില 115 രൂപയും കൂടി. സംസ്‌ഥാനത്ത് ഇനി ഗാര്‍ഹിക സിലിണ്ടറിന് 922 രൂപയും വാണിജ്യ സിലിണ്ടറിന് 1890 രൂപയും നല്‍കണം. ഇറാന്‍-ഇസ്രയേല്‍ യുദ്ധ പശ്‌ചാത്തലത്തിലാണ് പാചകവാതകത്തിനു വില വര്‍ധനയുണ്ടായിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് ഇതിനു മുമ്പു പാചകവാതക വില കൂട്ടിയത്.
ആഗോള തലത്തില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 90 ഡോളര്‍ കടന്നു. രാജ്യാന്തര തലത്തില്‍ ഇന്ധനവില ഉയരുന്നതിന്റെ സൂചനകളാണ് രാജ്യത്തും ദൃശ്യമായത്. പാചകവാതകത്തിനു പിന്നാലെ പെട്രോളിനും ഡീസലിനും വില കൂടിയേക്കുമെന്ന് ആശങ്കയുയര്‍ന്നിട്ടുണ്ട്. എന്നാല്‍, വിവിധ സംസ്‌ഥാന നിയമസഭകളിലേക്കു തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ വില കൂട്ടാന്‍ സാധ്യതയില്ലെന്ന വാദവും ശക്‌തമാണ്. രാജ്യത്ത് 45 ദിവസത്തെ പാചകവാതക കരുതല്‍ശേഖരമുണ്ടെന്നും അതുമൂലം വലിയ പ്രതിസന്ധിയുണ്ടാവില്ലെന്നും അധികൃതര്‍ വ്യക്‌തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉപയോക്‌താക്കള്‍ പാചകവാതക സിലിണ്ടറുകള്‍ കൂട്ടമായി ബുക്ക് ചെയ്ുന്നുണ്ട്.
ഖത്തറില്‍നിന്നാണ് ഇന്ത്യയിലേക്കു ദ്രവീകൃത ഇന്ധനം ലഭിക്കുന്നത്. ഖത്തര്‍ ഇപ്പോള്‍ ഇറാന്‍-ഇസ്രയേല്‍ യുദ്ധമുഖത്താണ്. കൂടാതെ, ഹോര്‍മുസ് കടലിലിടുക്കിലൂടെ കപ്പല്‍ മാര്‍ഗമുള്ള ഇന്ധനനീക്കം തടയപ്പെട്ടിരിക്കുകയുമാണ്. ലോകത്ത് ആകെയുള്ള ഇന്ധനനീക്കത്തില്‍ 20% നടക്കുന്നതു ഹോര്‍മുസ് ഇടനാഴിയിലൂടെയാണ്. 2022 ല്‍ റഷ്യയുടെ യുൈക്രന്‍ അധിനിവേശം ഉണ്ടായശേഷം അസംസ്‌കൃത എണ്ണ വിപണിയിലുണ്ടാകുന്ന വലിയ മുന്നേറ്റമാണ് ഇപ്പോഴത്തേത്. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ ക്രൂഡ് വില 20 ശതമാനമാണ് ഉയര്‍ന്നത്.