Thursday, March 12, 2026 Last Updated 34 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 11.37 PM

ഇറാന്‍ പടക്കപ്പലിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ അറസ്‌റ്റില്‍

കൊച്ചി: കൊച്ചിയില്‍ നങ്കൂരമിട്ട ഇറാന്‍ പടക്കപ്പലിന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ അറസ്‌റ്റില്‍. റിപ്പബ്ലിക്‌ ടിവി റിപ്പോര്‍ട്ടര്‍ സി.ജി. ശങ്കര്‍, ക്യാമറാമാന്‍ എസ്‌. മണി, ഇവര്‍ സഞ്ചരിച്ച ബോട്ടിന്റെ ൈഡ്രവര്‍ പി. വിജയകുമാര്‍ എന്നിവരാണ്‌ അറസ്‌റ്റിലായത്‌. അതീവസുരക്ഷാമേഖലയില്‍ അതിക്രമിച്ച്‌ കയറിയെന്ന കുറ്റം ചുമത്തിയാണ്‌ അറസ്‌റ്റ്‌.
തുറമുഖത്തിന്റെ സുരക്ഷാച്ചുമതലയുള്ള സി.ഐ.എസ്‌.എഫ്‌. കസ്‌റ്റഡിയിലെടുത്ത പ്രതികളെ ഹാര്‍ബര്‍ പോലീസിനു കൈമാറുകയായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കും.
പശ്‌ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്‌ചാത്തലത്തില്‍, ഇറാന്റെ പടക്കപ്പല്‍ 'ഐ.ആര്‍.ഐ.എസ്‌. ലവാന്‌' ഇന്ത്യ അഭയം നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ്‌ കപ്പലിന്റെ ദൃശ്യം പകര്‍ത്താന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചത്‌. ദേശസുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാല്‍ കേരളതീരത്ത്‌ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളുടെ ചിത്രങ്ങളെടുക്കരുതെന്ന്‌ എറണാകുളം ഡി.സി.പി. മുന്നറിയിപ്പ്‌ നല്‍കി.
കഴിഞ്ഞ നാലിനാണ്‌ ഐ.ആര്‍.ഐ.എസ്‌. ലവാന്‍ കൊച്ചി തുറമുഖത്തെത്തിയത്‌. ഫെബ്രുവരി 28-ന്‌ കപ്പല്‍ നങ്കൂരമിടാന്‍ അനുമതി തേടി ഇറാന്‍ അധികൃതര്‍ ഇന്ത്യയെ സമീപിച്ചു. സാങ്കേതികത്തകരാര്‍ കണ്ടെത്തിയതിനാല്‍ അടിയന്തരമായി നങ്കൂരമിടാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന്‌, കഴിഞ്ഞ ഒന്നിന്‌ അനുമതി നല്‍കി. കപ്പലിലുള്ള 183 ജീവനക്കാരെയും കൊച്ചിയിലെ നാവികസേനാകേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്‌.
ഐ.ആര്‍.ഐ.എസ്‌. ലവാന്‍ കൊച്ചിയില്‍ നങ്കൂരമിട്ട അതേ ദിവസമാണ്‌ ഇറാന്റെ മറ്റൊരു പടക്കപ്പല്‍ 'ഐ.ആര്‍.ഐ.എസ്‌ ദേന' ശ്രീലങ്കയ്‌ക്കു സമീപം യു.എസ്‌. അന്തര്‍വാഹിനിയില്‍നിന്നുള്ള ടോര്‍പിഡോ ആക്രമണത്തില്‍ മുങ്ങിയത്‌. ആക്രമണത്തില്‍ 87 നാവികര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും അറുപതോളം പേരെ കാണാതാവുകയും ചെയ്‌തു.

Ads by Google
Saturday 07 Mar 2026 11.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW