-->
ആലപ്പുഴ പെരുമ്പളം ദ്വീപ് നിവാസികളുടെ തലമുറകളായുള്ള കാത്തിരിപ്പായിരുന്നു പെരുമ്പളം പാലം. തൂക്കുപാലമടക്കം അധികൃതർ പല പാലങ്ങൾ ആലോചിച്ചു. ഒടുവിൽ ബോസ്ട്രിങ് ആർച്ച് പാലം നിശ്ചയിക്കുകയായിരുന്നു. ഏറെക്കാലമായി പെരുമ്പളം നിവാസികൾ അനുഭവിച്ചുവരുന്ന ദുരിതങ്ങൾക്കാണ് വേമ്പനാട് കായലിന് കുറുകെ നിര്‍മിച്ച ഈ പാലം അറുതി വരുത്തുന്നത്.
പെരുമ്പളം ദ്വീപിലെ പന്ത്രണ്ടായിരത്തോളം ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കിഫ്ബി ഫണ്ടിൽനിന്ന് 106 കോടി മുടക്കി നിർമിച്ച പാലം ഇന്നാണ് നാടിന് വേണ്ടി സമർപ്പിച്ചത്. സംസ്ഥാനത്തു കായലിനു കുറുകെ നിർമിച്ച ഏറ്റവും നീളമേറിയ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.
ഇപ്പോഴിതാ പാലം പദ്ധതി യാഥാര്‍ത്ഥ്യമായതിന് ആശംസകൾ അറിയിച്ച് എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി. കാത്തിരിപ്പുകൾക്കും അവഗണനകൾക്കും അറുതിയാവുകയാണെന്നും തന്റെ നാടായ ചെമ്പിന്റെ അക്കരെയായിരുന്നു പെരുമ്പളമെന്നുമാണ് മമ്മൂട്ടിയുടെ ശബ്ദ സന്ദേശം.
‘‘രണ്ടു കരകൾ കൈകോർക്കുമ്പോൾ മാറുന്നത്.. ദൂരമല്ല... ഒരു ജനതയുടെ ജീവിതമാണ്. ഇന്നലെ വരെ പെരുമ്പളം ഒരു ഒറ്റപ്പെട്ട തുരുത്തായിരുന്നു. അസുഖം വന്നാൽ ആശുപത്രിയിലെത്താൻ വൈകുന്ന ആകുലതകൾ... സമയത്തിന് ജോലിക്കു പോകാൻ കഴിയാത്ത വേവലാതികൾ. ഒരു വിവാഹാലോചന വന്നാൽ പോലും ‘അക്കരെ’ എന്ന ദൂരം വില്ലനായ നിമിഷങ്ങൾ. ആ കാത്തിരിപ്പുകൾക്കും അവഗണനകൾക്കും ഇപ്പോൾ അറുതിയാവുകയാണ്. എന്റെ നാട് ചെമ്പിന്റെ അക്കരെയായിരുന്നു അരൂക്കുറ്റിയും വടുതലയും പെരുമ്പളവുമൊക്കെ. ഇപ്പോൾ അവയെല്ലാം ഒരു നാടായി.
സാധാരണക്കാരന്റെ സങ്കടങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതാണ് യഥാർത്ഥ വികസനം എന്നു ഞാൻ വിശ്വസിക്കുന്നു. ആ പാലത്തിന്റെ ആർച്ചുകളിലെ നിറങ്ങൾ പോലെ ഇനി പെരുമ്പളത്തുകാരുടെ ജീവിതത്തിലും മഴവിൽ അഴക് വിരിയട്ടെ. കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും... പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ... എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ...’’ എന്നാണ് മമ്മൂട്ടിയുടെ ആശംസ നിറഞ്ഞ വാക്കുകള്‍. മെഗാസ്റ്റാറിന്റെ ശബ്ദത്തില്‍ മുഴങ്ങുന്ന ഈ ആശംസകള്‍ ആരാധകരും ഏറ്റെടുക്കുന്നുണ്ട്.
സംസ്ഥാനത്തു കായലിനു കുറുകെ നിര്‍മ്മിക്കുന്ന കേരളത്തിലെ ഏറ്റവും നീളമേറിയ പാലമാണ് പെരുമ്പളം. പാലം നിലയുറപ്പിച്ചിരിക്കുന്നത് കരയിലെ രണ്ട് തൂണുകള്‍ അടക്കം 34 തൂണുകളിലാണ്. 1157 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലത്തില്‍ രണ്ടുവരി ഗതാഗതത്തിന് യോഗ്യമായ 7.5 മീറ്റര്‍ വീതിയുള്ള പാതയും ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതമുള്ള നടപ്പാതയുമുണ്ട്.
പാലം വഴി അരൂക്കൂറ്റി പഞ്ചായത്തിൽ നിന്നു പെരുമ്പളം ദ്വീപിലെത്താം. കിഫ്ബി പദ്ധതിയിൽ 100 കോടി രൂപ ചെലവിലാണു നിർമാണം. ദ്വീപിനെ പൂത്തോട്ട വഴി തൃപ്പൂണിത്തുറ-വൈക്കം സംസ്ഥാന പാതയുമായി ബന്ധിപ്പിക്കലാണു പാലത്തിന്റെ രണ്ടാംഘട്ട നിർമാണം.
ദേശീയ ജലപാത കടന്നുപോകുന്ന ദിശയായതിനാല്‍ ബാര്‍ജ്, വലിയ യാനങ്ങള്‍ എന്നിവ തടസമില്ലാതെ കടന്നുപോകുന്നതിന് നടുവില്‍ ബോസ്ട്രിങ് ആര്‍ച്ച് മാതൃക വരുന്ന രീതിയിലാണ് നിര്‍മാണം. വടുതല ഭാഗത്തും പെരുമ്പളം ഭാഗത്തും 300 മീറ്റര്‍ നീളത്തിലാണ് സമീപന റോഡുകള്‍ നിര്‍മിക്കുന്നത്.