-->
തിരുവനന്തപുരം: വര്‍ക്കല മണ്‌ഡലത്തില്‍ വി. ജോയിയെ വീണ്ടുംസ്‌ഥാനാര്‍ഥിയാക്കിയതിനെതിരേ സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ കടുത്ത വിമര്‍ശനം. ജില്ലാ സെക്രട്ടറിയായിരിക്കെ പ്രത്യേക ഇളവ് നല്‍കി വീണ്ടും മത്സരിപ്പിക്കുന്നത് എന്തിനെന്ന ചോദ്യം സംസ്‌ഥാന സെക്രട്ടറി എം.വി.
ഗോവിന്ദന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ഉയര്‍ന്നു. സെക്രട്ടറിമാരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന പാര്‍ട്ടി ധാരണ തെറ്റിച്ചുവെന്നും വിമര്‍ശനമുണ്ടായി. സിറ്റിങ് എം.എല്‍.എമാരെ വീണ്ടും മത്സരിപ്പിക്കാനുള്ള പാര്‍ട്ടി തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് വി. ജോയിയുടെ സ്‌ഥാനാര്‍ഥിത്വമെന്ന് എം.വി. ഗോവിന്ദന്‍ മറുപടി നല്‍കി.
അതിനിടെ, സി.പി.എം. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല എ.എ. റഹീം എം.പിക്കു നല്‍കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പാര്‍ട്ടി സെക്രട്ടേറിയറ്റിന്റെ നിര്‍ദേശമാണ് ജില്ലാ കമ്മിറ്റി അംഗീകരിച്ചത്. ജില്ലാ സെക്രട്ടറി വി. ജോയി വര്‍ക്കലയില്‍ വീണ്ടും മത്സരിക്കുന്ന സാഹചര്യത്തിലാണ് റഹീം താല്‍ക്കാലികമായി ജില്ലാ സെക്രട്ടറിയുടെ ചുമതല ഏല്‍ക്കുന്നത്. സംസ്‌ഥാന സമിതിയംഗമെന്ന നിലയിലാണ് എ.എ. റഹീമിനു ജില്ലാ സെക്രട്ടറിയുടെ ചുമതല നല്‍കുന്നതെന്നു ഗോവിന്ദന്‍ യോഗത്തില്‍ വിശദീകരിച്ചു.