-->
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 12-ാം സീസണില്‍ നിലവിലെ ചാമ്പ്യന്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിന് തകര്‍പ്പന്‍ ജയം.
സ്വന്തം തട്ടകമായ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബഗാന്‍ ഒഡീഷ എഫ്.സിയെ 5-1 നു തോല്‍പ്പിച്ചു. ബഗാനായി ജാമി മക്ലാറന്‍ ഹാട്രിക്കടക്കം നാല് ഗോളടിച്ചു. ആല്‍ബര്‍ട്ടോ റോഡ്രിഗസാണ് ഒരു ഗോളടിച്ചത്. റഹിം അലിയിലൂടെ ഒരു ഗോള്‍ മടക്കാന്‍ ഒഡീഷയ്‌ക്കായി. കളിച്ച നാല് കളികളും ജയിച്ച ബഗാന്‍ 12 പോയിന്റുമായി ഒന്നാം സ്‌ഥാനത്താണ്. 12 പോയിന്റുമായി ജംഷഡ്‌പുര്‍ എഫ്.സി. പിന്നാലെയുണ്ട്. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ജംഷഡ്‌പുര്‍ 1-0 ത്തിന് ഇന്റര്‍ കാശിയെ തോല്‍പ്പിച്ചിരുന്നു. ജെ.ആര്‍.ഡി. ടാറ്റാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന മത്സരത്തില്‍ സ്‌റ്റീഫന്‍ എസെയാണു ഗോളടിച്ചത്. കളിയുടെ 19-ാം മിനിറ്റില്‍ വിന്‍സി ബാരേറ്റോ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതോടെ ജംഷഡ്‌പുര്‍ പത്തു പേരുമായാണു ഭൂരിഭാഗം സമയത്തും കളിച്ചത്.
ഓസ്‌ട്രേലിയന്‍ സ്‌ട്രൈക്കറായ ജാമി മക്ലാറന്റെ ഐ.എസ്.എല്ലിലെ ആദ്യ ഹാട്രിക്കാണിത്. ബഗാന്‍ കഴിഞ്ഞ മത്സരത്തിലും 5-1 നാണു ജയിച്ചത്. കൊല്‍ക്കത്തയിലെ തന്നെ മുഹമ്മദന്‍ സ്‌പോര്‍ട്ടിങായിരുന്നു എതിരാളികള്‍. ഇന്നലെ മത്സരത്തിന്റെ 14-ാം മിനിറ്റില്‍ മക്ലാറന്‍ ആദ്യ ഗോളടിച്ചു. 24-ാം മിനിറ്റില്‍ രണ്ടാം ഗോളുമടിച്ചു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്. 42-ാം മിനിറ്റില്‍ റോഡ്രിഗസും ഒഡീഷ വലയില്‍ പന്തെത്തിച്ചു. റഹിം അലിയുടെ ഗോള്‍ ഒന്നാം പകുതിയുടെ അവസാന മിനിറ്റിലായിരുന്നു. കളി തീരാന്‍ രണ്ട് മിനിറ്റ് ശേഷിക്കേയാണ് മക്ലാറന്‍ നാലാം ഗോളടിച്ചത്.